കോട്ടയം: കെ റെയിലിന് വേണ്ടി ഒരുവീടും പോകില്ലെന്നും ഞങ്ങളൊക്കെ ഇവിടെതന്നെ ഉണ്ടെന്നും കേന്ദ്രമന്ത്രി വി. മുരളീധരൻ. കെ റെയിലിന് വേണ്ടി കല്ലിടുന്നതിനിടെ സംഘർഷമുണ്ടായ മാടപ്പള്ളിയിൽ സന്ദർശനം നടത്തവേ, വീട് നഷ്ടപ്പെടുന്നതിനെ കുറിച്ച് ആവലാതിപ്പെട്ട നാട്ടുകാർക്കാണ് മന്ത്രി ഉറപ്പ് നൽകിയത്. 'ആരും എവിടെയും പോകേണ്ടി വരില്ല. ഞങ്ങളൊക്കെ ഇവിടെത്തന്നെ ഇല്ലേ.. ഒരുവീടും പോകില്ല' -മന്ത്രി പറഞ്ഞു.
ഗുരുതര രോഗികളുടെ വീടുകളടക്കം കെ റെയിലിന് വേണ്ടിയുള്ള സർവേയിൽ ഉൾപ്പെടുത്തിയതായി നാട്ടുകാർ മന്ത്രിയോട് പറഞ്ഞു. ലോണിന് അപേക്ഷിക്കുമ്പോൾ കിട്ടുന്നില്ല. ലൊക്കേഷൻ സ്കെച്ചോ ബാധ്യത സർട്ടിഫിക്കറ്റോ നൽകുന്നില്ല. ഇതേക്കുറിച്ച് ചോദിക്കുമ്പോൾ വസ്തു ഇടപാട് മരവിപ്പിച്ചിരിക്കുകയാണെന്നാണ് അധികൃതർ പറയുന്നതെന്നും ഇവർ പരാതിപ്പെട്ടു. എന്നാൽ, മരവിപ്പിക്കൽ ഉത്തരവൊന്നും പുറത്തിറങ്ങിയിട്ടില്ലെന്നും അതിനെ നിയമപരമായി നേരിടുമെന്നും വി. മുരളീധരൻ അറിയിച്ചു.
ജനങ്ങളെ ഭയപ്പെടുത്തി സിൽവർലൈൻ പദ്ധതി നടപ്പാക്കാമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ കരുതുന്നതെങ്കിൽ അനുവദിക്കില്ല. കേരളത്തിൽ സ്ത്രീകൾക്ക് ജീവിക്കാൻ പറ്റാതായിരിക്കുന്നു. പുറത്തിറങ്ങിയാൽ ഗുണ്ടകൾ വെട്ടിക്കൊല്ലും. വീടിന്റെ മുറ്റത്തുനിന്നാൽ പൊലീസ് ഗുണ്ടകൾ കയറിപ്പിടിക്കും. സ്ത്രീയുടെ ശരീരത്തിൽ കയറിപ്പിടിച്ച ഡി.വൈ.എസ്.പി ശ്രീകുമാറിനെതിരെ എന്തുകൊണ്ടാണ് നടപടി എടുക്കാത്തത്? പൊലീസുകാർ നെയിംബാഡ്ജ് മാറ്റി, ഹെൽമെറ്റ് വെച്ചാണ് സ്ത്രീകളെ മർദിച്ചത്. സ്ത്രീസമത്വത്തിന് വേണ്ടി നിലകൊള്ളുന്ന പാർട്ടിയാണെന്നാണ് ഭരിക്കുന്നവർ അവകാശപ്പെടുന്നത്. സ്ത്രീശാക്തീകരണത്തിനും വനിതാമതിൽ പണിയാും ഇറങ്ങിയവർ എന്തുകൊണ്ടാണ് ഈ സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടി ശബ്ദമുയർത്താത്തതെന്നും അദ്ദേഹം ചോദിച്ചു.
കോടിയേരി ബാലകൃഷ്ണന്റെ മകൻ ലഹരിക്കേസിൽപ്പെട്ടപ്പോൾ, മകന്റെ കുട്ടിയുടെ അവകാശത്തിനുവേണ്ടി ശബ്ദമുയർത്താൻ കമ്യൂണിസ്റ്റ് പാർട്ടിയിലെ എത്രപേരാണ് എത്തിയത്. മാടപ്പള്ളിയിൽ പൊലീസ് അക്രമത്തിന് ഇരയായ കുട്ടിക്ക് അവകാശമില്ലേ? ഇതുപോലെ ഉള്ള നിരവധികുട്ടികളുണ്ട്. ബാലാവകാശം സി.പി.എം നേതാക്കളുടെ ക്രിമിനലുകളായ ആളുകളുടെ മക്കൾക്ക് മാത്രമുള്ളതല്ല.
കെ. റെയിലിന് കേന്ദ്രസർക്കാർ അനുമതി നൽകിയിട്ടില്ല. ഒരു സ്ഥലമേറ്റെടുപ്പിനും അനുവാദമില്ല. ഇനിയും മഞ്ഞക്കല്ലുമായി വന്നാൽ ഇതേരീതിയിൽ തന്നെ നേരിടണം. പിണറായി വിജയന്റെ അഹന്തയുടെ കല്ല് ഈ നാട്ടിലെ ജനങ്ങളുടെ നെഞ്ചത്ത് വെക്കാൻ അനുവദിക്കരുത് -അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.