സി.പി.എം നേതാവും മുൻ മന്ത്രിയുമായ എം.എം മണി എം.എല്‍.എക്കെതിരായ മുസ്‍ലിം ലീഗ് നേതാവ് പി.കെ ബഷീര്‍ എം.എൽ.എയുടെ വംശീയാധിക്ഷേപത്തിന് മറുപടിയുമായി മന്ത്രി വി. ശിവൻകുട്ടി. കറുപ്പോ വെളുപ്പോ അല്ല; ചുവപ്പാണ് മണിയാശാൻ... എന്ന് ശിവൻകുട്ടി ഫേസ്ബുക്കിൽ കുറിച്ചു.
മുസ്‍ലിം ലീഗ് വയനാട് ജില്ല പ്രവർത്തക സംഗമത്തിൽ പ്രസംഗിക്കുന്നതിനിടെയായിരുന്നു എം.എം മണിക്കെതിരെ നിറത്തിന്‍റെ പേരിലുള്ള പി.കെ ബഷീറിന്‍റെ അധിക്ഷേപം. 'കറുപ്പ് കണ്ടാൽ ഇയാൾക്ക് (പിണറായി) പേടി, പർദ കണ്ടാൽ ഇയാൾക്ക് പേടി, ഇനി എനിക്കുള്ള പേടിയെന്തെന്നാൽ, ഇവരുടെ സംസ്ഥാന കമ്മിറ്റിയിൽ എം.എം മണി ചെന്നാൽ എന്തായിരിക്കും സ്ഥിതിയെന്നാണ്... കാരണം അയാളുടെ കണ്ണും മോറും കറുപ്പല്ലേ...' എന്നിങ്ങനെയായിരുന്നു ബഷീറിന്‍റെ പ്രസംഗം.
മുഖ്യമന്ത്രി പിണറായി വിജയന്‍റെ കോഴിക്കോട് പര്യടനത്തെയും പി.കെ ബഷീർ പ്രസംഗത്തിൽ പരിഹസിച്ചു. കോഴിക്കോട് കഴിഞ്ഞയാഴ്ച ഒരാൾക്ക് പോലും നടക്കാൻ പറ്റിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇപ്പോൾ ഓരോ ദിവസവും വെളിപ്പെടുത്തലുകൾ വർധിക്കുകയാണെന്ന് വ്യക്തമാക്കിയ ബഷീർ, ഓരോ ദിവസം വെളിപ്പെടുത്തുമ്പോഴും കോവിഡിന്റെ എണ്ണം കൂടുകയാണെന്ന് വിമർശിച്ചു. പണ്ട് സരിത വെളിപ്പെടുത്തിയതാണല്ലോ യു.ഡി.എഫിനും ഉമ്മൻ ചാണ്ടിക്കുമെതിരായി പോയതെന്നും ബഷീർ ചൂണ്ടിക്കാട്ടി.
ഏറനാട് മണ്ഡലത്തിലെ ലീഗ് എം.എല്‍.എയായ പി.കെ ബഷീറിന്‍റെ വംശീയാധിക്ഷേപത്തിനെതിരെ സമൂഹ മാധ്യമങ്ങളില്‍ രൂക്ഷവിമര്‍ശനമാണ് ഉയരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.