തിരുവനന്തപുരം: വടക്കാഞ്ചേരിയിൽ നടന്ന അപകടത്തിൽ മരണമടഞ്ഞ മൂന്ന് കെ.എസ്.ആർ.ടി.സി യാത്രക്കാർക്കുള്ള ഇൻഷറൻസ് തുകയായ 10 ലക്ഷം രൂപ വീതം വേഗത്തിൽ ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിച്ചുവെന്ന് മാനേജിംഗ് ഡയറക്ടറുടെ കാര്യാലയം അറിയിച്ചു. 2014 ലെ കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (യാത്രക്കാർക്കുള്ള വ്യക്തിപര അപകട സമൂഹ ഇൻഷുറൻസ് യാത്രക്കാർക്കുള്ള മെച്ചപ്പെട്ട സൗകര്യങ്ങൾ ജീവനക്കാരുടെ സാമൂഹ്യസുരക്ഷ യാത്രാ ടിക്കറ്റ് മേലുള്ള സെസ് )ആക്ട് പദ്ധതിപ്രകാരം യാത്രക്കാർക്ക് നൽകി വരുന്ന അപകട ഇൻഷുറൻസ് പ്രകാരമാണ് തുക നൽകുന്നത്.
ഇതിൽ നിന്നും അടിയന്തര സഹായം എന്ന നിലയിൽ രണ്ട് ലക്ഷം രൂപ തിങ്കളാഴ്ച തന്നെ അപകടത്തിൽ മരിച്ച രോഹിത് രാജിന്റെ കുടുംബത്തിന് കൈമാറും. ബാക്കിയുള്ള എട്ട് ലക്ഷം രൂപ നടപടിക്രമങ്ങൾ പൂർത്തിയാക്കുന്ന മുറയ്ക്ക് ലഭ്യമാക്കും. മറ്റ് മരണമടഞ്ഞ രണ്ട് പേരുടേയും മരണാനന്തര നടപടിക്രമങ്ങൾ പൂർത്തിയാകുന്ന മുറയ്ക്ക് പത്തുലക്ഷം നൽകും. അപകടത്തിൽ മരണമടഞ്ഞ കെ.എസ്.ആർ.ടി.സി യാത്രക്കാർക്ക് വേഗത്തിൽ ഇൻഷ്വറൻസ് തുക ലഭ്യമാകുന്നതിന് വേണ്ടി മന്ത്രി ആന്റണി രാജു നടത്തിയ ഇടപെടലിനെ തുടർന്നാണ് ഇത്രയും വേഗത്തിൽ തുക ലഭ്യമാകുന്നത്.
ന്യൂ ഇന്ത്യ അഷുറൻസ് കോ.ലിമിറ്റഡിൽനിന്നാണ് യാത്രക്കാർക്കുള്ള ഇൻഷുറൻസ് പരിരക്ഷ ഉറപ്പു വരുത്തിയിരിക്കുന്നത്. അപകടത്തിൽ പരിക്കേറ്റവർക്കും അംഗഭംഗം വന്നവർക്കും ചികിത്സാ- നഷ്ടപരിഹാരത്തിനും സെസ് ഇൻഷുറൻസിൽ വ്യവസ്ഥ ഉണ്ട്. ഇത് കെ.എസ്.ആർ.ടി.സി ബസിൽ യാത്ര ചെയ്ത മറ്റ് യാത്രകാർക്കും ക്ലൈം വരുന്ന മുറക്ക് സെസ് ഇൻഷറൻസിൽ നിന്നും ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.