മധ ജയകുമാർ, ബാങ്ക് ഓഫ് മഹാരാഷ്ട്ര വടകര ബ്രാഞ്ച്

വടകര ബാങ്ക് ഓഫ് മഹാരാഷ്‌ട്ര തട്ടിപ്പ്: 26 കിലോ സ്വർണവുമായി കടന്ന മുൻ മാനേജർ തെലങ്കാനയിൽ അറസ്റ്റിൽ

കോഴിക്കോട്: ബാങ്ക് ഓഫ് മഹാരാഷ്‌ട്രയുടെ വടകര ബ്രാഞ്ചിൽനിന്ന് 26 കിലോ പണയ സ്വർണവുമായി കടന്ന മുൻ മാനേജർ മധ ജയകുമാറിനെ തെലങ്കാന പൊലീസ് കസ്റ്റഡിയിലെടുത്തു. അടിപിടി കേസില്‍ ഇയാള്‍ തെലങ്കാന പൊലീസിന്‍റെ പിടിയിലായിരുന്നു. ഇതേത്തുടർന്നാണ് വടകരയില്‍ ഇയാള്‍ക്കെതിരേ തട്ടിപ്പ് കേസ് ഉള്ളതായി തെലങ്കാന പൊലീസ് മനസ്സിലാക്കിയത്. തുടര്‍ന്ന് വടകര പൊലീസിനെ ഇവർ ബന്ധപ്പെടുകയായിരുന്നു. പ്രതിയെ തിരികെ എത്തിക്കാനായി ക്രൈം ബ്രാഞ്ച് സംഘം തെലങ്കാനയിലേക്ക് പുറപ്പെട്ടെന്നാണ് വിവരം.

വടകരയിലെ ബാങ്ക് ഓഫ് മഹാരാഷ്‌ട്രയിൽനിന്ന് 26 കിലോ സ്വർണമാണ് മധ ജയകുമാർ തട്ടിയെടുത്തത്. കുറ്റകൃത്യത്തിനു പിന്നിൽ ബാങ്കിന്‍റെ സോണൽ മാനേജർക്കും പങ്കുണ്ടെന്ന ഗുരുതര ആരോപണമുന്നയിച്ച് ഇയാൾ കഴിഞ്ഞ ദിവസം വിഡിയോ സന്ദേശം പുറത്തുവിട്ടിരുന്നു. ഇതോടെ തട്ടിപ്പിന്‍റെ വ്യാപ്തി പ്രതീക്ഷിച്ചതിലും കൂടുതലാണെന്ന സംശയത്തേത്തുടർന്ന് അന്വേഷണ സംഘത്തെ വിപുലീകരിക്കുകയും ചെയ്തു. അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് പ്രതി കസ്റ്റഡിയിലാവുന്നത്. ഇയാളെ തിരികെ എത്തിച്ച് ചോദ്യം ചെയ്താൽ മാത്രമേ തട്ടിപ്പിന്‍റെ വ്യാപ്തി വ്യക്തമാവുകയുള്ളൂ. കാർഷിക വായ്പയുടെ മറവിൽ കൂടുതൽ തട്ടിപ്പ് നടന്നിട്ടുണ്ടോ എന്ന് സംശയിക്കുന്നുണ്ട്.

2021 മുതൽ കഴിഞ്ഞ മാസം വരെ മൂന്നു വർഷം മാത്രമാണ് മധ ജയകുമാർ ബാങ്കിന്‍റെ മാനേജരായിരുന്നത്. വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ ബാങ്കിന്‍റെ ശാഖകൾ വഴി വ്യാപക തട്ടിപ്പു നടക്കുന്നതായി ഇയാൾ വിഡിയോ സന്ദേശത്തിൽ പറഞ്ഞിരുന്നു. ഒരു വർഷം മുമ്പ് അരുൺ എന്ന സോണൽ മാനേജരാണ് ഇവരെ ബാങ്കിലേക്ക് പറഞ്ഞ് വിട്ടത്. എല്ലാ ബ്രാഞ്ചുകൾക്കും സോണൽ മാനേജർ നിർദേശം നൽകിയിരുന്നുവെന്നും മധു പറയുന്നു. എട്ട് ശതമാനം പലിശയ്ക്ക് കാർഷിക ലോൺ ആയാണ് പണയം വച്ചത്. മലപ്പുറം ബ്രാഞ്ചില്‍ 25 ലക്ഷത്തിനാണ് ആദ്യം പണയം വച്ചത്.

ഒരാളുടെ പേരിൽ ഒരു കോടി വരെ പണയം കൊടുത്തിട്ടുണ്ട്. മലപ്പുറം, മഞ്ചേരി, വടകര, കോഴിക്കോട്, സുൽത്താൻ ബത്തേരി, താമരശേരി ബ്രാഞ്ചുകളിൽ ഈ ഗ്രൂപ്പിന്‍റെ ഗോൾഡ് ലോൺ ഉണ്ട്. ഇവർക്ക് നിയമ പ്രകാരം അഗ്രി കൾച്ചറൽ ലോൺ കൊടുക്കാൻ പാടില്ല. നിലവിലെ മാനേജർ ഇർഷാദിന് ചാത്തൻ കണ്ടി ഗ്രൂപ്പുമായി ബന്ധമുണ്ട്. താൻ മുങ്ങിയതല്ല, അവധിയെടുത്താണ് വടകരയിൽ നിന്ന് പോയത്. അവധി എടുക്കുന്നത് സംബന്ധിച്ച് ഔദ്യോഗികമായി ഇ - മെയിൽ വഴി അറിയിച്ചിരുന്നുവെന്നും മധ ജയകുമാ‍ർ വീഡിയോ സന്ദേശത്തിൽ പറ‌ഞ്ഞു.

വൻ സ്വർണ പണയ തട്ടിപ്പാണ് ബാങ്കിൽ നടന്നത്. വടകര സിഐയുടെ നേതൃത്വത്തിൽ ബാങ്കില്‍ നടത്തിയ പരിശോധനയില്‍ 42 അക്കൗണ്ടുകളിലായി പണയം വച്ച 26.24 കിലോ സ്വര്‍ണം നഷ്‌ടമായെന്ന് കണ്ടെത്തിയിരുന്നു. കഴിഞ്ഞ മാസം ഉണ്ടായ സ്ഥലം മാറ്റമാണ് തട്ടിപ്പ് പൊളിയാൻ കാരണം. പുതുതായെത്തിയ മാനേജർ നടത്തിയ റീ അപ്രൈസൽ നടപടിയിലാണ് ക്രമക്കേട് പുറത്തായത്. ഉടൻ ബാങ്ക് ഹെഡ് ഓഫിസിലും പൊലീസിലും വിവരം അറിയിച്ചു.

അപ്പോഴേക്കും ഫോൺ സ്വിച്ച് ഓഫാക്കി പ്രതി മുങ്ങിയിരുന്നു. മധ ജയകുമാർ ഫോണിൽ ബന്ധപ്പെട്ടവരുടെ വിവരങ്ങളും അന്വേഷണ സംഘം എടുത്തിട്ടുണ്ട്. ഇത്രയധികം സ്വർണം പ്രതി എന്ത് ചെയ്‌തുവെന്ന് കണ്ടെത്തുകയാണ് പ്രധാനം. ഇതിനായി പ്രതിയുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും പരിശോധിക്കുന്നുണ്ട്. പ്രതിയുടെ നാടായ തമിഴ്‌നാട് മേട്ടുപാളയം കേന്ദ്രീകരിച്ചും അന്വേഷണം നടത്തും. ബാങ്കിലെ നിലവിലെ സ്വർണ ശേഖരത്തിന്‍റെ കണക്കും സ്ഥിര നിക്ഷേപത്തിന്‍റെ കണക്കും അന്വേഷണ സംഘം എടുത്തിട്ടുണ്ട്.

മറ്റ് ജീവനക്കാരെയും ഉടൻ ചോദ്യം ചെയ്യും. ബാങ്കിന്‍റെ ഹെഡ് ഓഫിസിൽനിന്നും എത്തിയ ഉദ്യോഗസ്ഥർ ഫയലുകളും മറ്റും പരിശോധിച്ചു. തട്ടിപ്പ് പുറത്തായിട്ടും ഇതുവരെ സ്വർണം നഷ്‌ടപ്പെട്ട ആരും പൊലീസിനെ സമീപിച്ചിട്ടില്ല. തട്ടിപ്പിൽ പ്രതികരിക്കാൻ ബാങ്കും തയാറായിട്ടില്ല. സ്വർണം പണയം വച്ചവർ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും ആവശ്യപ്പെടുന്നവർക്ക് അക്കൗണ്ട് പരിശോധിക്കാൻ അവസരമുണ്ടെന്നുമാണ് ബാങ്കിന്‍റെ മറുപടി.

Tags:    
News Summary - Vadakara Bank of Maharashtra scam: Ex-manager arrested in Telangana

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.