വടകര: താലൂക്കിന്റെ ഭരണസിരാകേന്ദ്രം തീവെച്ച് നശിപ്പിച്ച കേസിന്റെ വിചാരണ ജനുവരി മൂന്നിന് വടകര അസിസ്റ്റന്റ് സെഷൻസ് കോടതിയിൽ ആരംഭിക്കും. തീവെപ്പ് സംഭവത്തിലെ പ്രധാന സാക്ഷികളുടെ വിസ്താരമാണ് മൂന്നിന് നടക്കുക.പ്രതി തെലങ്കാന സ്വദേശി സജീഷ് നാരായണൻ റിമാൻഡിൽ കഴിയുകയാണ്. താലൂക്ക് ഓഫിസ് തീവെപ്പ് കേസുകൾക്കൊപ്പം എൽ.എ ഓഫിസ് പരിസരത്തെ തീവെപ്പ്, ഡി.ഇ.ഒ ഓഫിസ് ശുചിമുറിയിലെ തീവെപ്പ്, എടോടി സിറ്റി സെന്റർ കെട്ടിടത്തിലെ തീവെപ്പ് എന്നീ കേസുകളിലും വിചാരണ ആരംഭിക്കും. മൂന്നു സംഭവങ്ങളിലും സജീഷ് നാരായണൻ പ്രതിയാണ്.
തീവെപ്പ് സമയത്ത് താലൂക്ക് ഓഫിസ് തഹസിൽദാറായിരുന്ന ആഷിക് തോട്ടോൻ, പ്രതിയെ രാവിലെ കണ്ട കോടതിക്ക് സമീപത്തെ ചായക്കടയിലെ കെ.ടി.കെ. ദാസൻ, റവന്യൂ റിക്കവറി തഹസിൽദാർ ഓഫിസിലെ ജീവനക്കാരൻ പി.പി. ധനേഷ് എന്നിവരെയാണ് വിസ്തരിക്കുന്നത്. കേസിന്റെ പ്രധാന തെളിവായ ശാസ്ത്രീയപരിശോധന റിപ്പോർട്ട് ഇതേവരെ ലഭിച്ചിട്ടില്ല.
താലൂക്ക് ഓഫിസ് തീവെച്ചശേഷം പ്രതി കോടതിക്ക് സമീപമുള്ള ദാസന്റെ ചായക്കടയിൽ എത്തിയിരുന്നു. താലൂക്ക് ഓഫിസ് പരിസരത്ത് നിർത്തിയിട്ട ഡിപ്പാർട്ട്മെന്റ് ജീപ്പിൽ സീറ്റിനു കവർ ചെയ്ത ഷാൾ പുതച്ചാണ് പ്രതി ചായക്കടയിൽ എത്തിയത്.ഈ ഷാൾ പ്രതി താമസിച്ച കേരളാ കൊയർ തിയറ്ററിനടുത്തുള്ള സ്വകാര്യ വ്യക്തിയുടെ വീട്ടിൽനിന്ന് പൊലീസ് കണ്ടെടുത്തിരുന്നു. ഇതാണ് ഈ കേസിലെ നിർണായക തെളിവ്. 2021 ഡിസംബർ 17നായിരുന്നു താലൂക്ക് ഓഫിസ് തീയിട്ട് നശിപ്പിച്ചത്.
ഈ സംഭവത്തിന് മുമ്പാണ് മറ്റു മൂന്ന് കെട്ടിടങ്ങളിലും പ്രതി തീയിട്ടത്. ഇതിലൊന്നും നാശനഷ്ടങ്ങൾ ഉണ്ടായിട്ടില്ല.താലൂക്ക് ഓഫിസ് തീവെപ്പ് കേസിൽ ചോദ്യംചെയ്യലിനിടെ പ്രതി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് മറ്റു മൂന്ന് കേസുകളിലും പ്രതിചേർക്കപ്പെട്ടത്. ബ്രിട്ടീഷുകാരുടെ ഭരണകാലത്ത് കോടതിയും ജയിലുമായി പ്രവർത്തിച്ച കെട്ടിടം 1985ലാണ് താലൂക്ക് ഓഫിസായി മാറ്റിയത്
തീപിടിത്തത്തിൽ പത്ത് വിഭാഗങ്ങളായി സൂക്ഷിച്ച ഫയലുകളിൽ ഭൂരിഭാഗവും അഗ്നിക്കിരയായി.കമ്പ്യൂട്ടറുകളും ഫർണിച്ചറുകളും കത്തിനശിച്ചു. സംഭവം അന്വേഷിച്ചത് ഡിവൈ.എസ്.പിയായിരുന്ന കെ.കെ. അബ്ദുൽ ഷരീഫിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.