വടകര: നഗരത്തെ നടുക്കിയ വടകര താലൂക്ക് ഓഫിസ് തീവെപ്പ് കേസിലും പ്രതി തെലങ്കാന സ്വദേശി. സംഭവത്തിൽ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ആർ. ഹരിദാസിെൻറ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം തെലങ്കാനയിലെ ഹൈദരാബാദ് സ്വദേശിയായ സതീശ് നാരായണെൻറ (32) അറസ്റ്റ് രേഖപ്പെടുത്തി. നഗരത്തിലെ മറ്റു മൂന്നു കെട്ടിടങ്ങളിൽ തീവെച്ച സംഭവത്തിൽ കഴിഞ്ഞദിവസം ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഞായറാഴ്ച രാവിലെ 11 മണിയോടെ പ്രതിയെ റൂറൽ പൊലീസ് മേധാവി ഡോ. എ. ശ്രീനിവാസെൻറ നേതൃത്വത്തിൽ താലൂക്ക് ഓഫിസിലെത്തിച്ച് തെളിവെടുപ്പ് നടത്തി. തീയിട്ടത് സംബന്ധിച്ച സംഭവങ്ങൾ പ്രതി പൊലീസിനോട് വിവരിച്ചു. താലൂക്ക് ഓഫിസിലേക്കു പോകുന്ന വഴിയിൽ പഴയ ട്രഷറിയുടെ ഇടവഴിയിലും താലൂക്ക് ഓഫിസിെൻറ മുൻവശത്ത് വരാന്തയിലും കടലാസും സ്ഥലത്തുനിന്ന് ലഭിച്ച കുടയും ഉപയോഗിച്ച് തീകൊളുത്തി.
ഓഫിസ് മുറ്റത്തുണ്ടായിരുന്ന റവന്യൂ വകുപ്പിെൻറ വാഹനത്തിൽ കിടന്നശേഷം കുറച്ച് സമയം കഴിഞ്ഞ് വാഹനത്തിലെ സീറ്റിലുണ്ടായിരുന്ന ടർക്കിയുമായി ടൗണിലേക്കു പോയെന്നും പ്രതി കുറ്റസമ്മതം നടത്തി. തീ കൊടുത്ത കുടയുടെ ബാക്കിയുള്ള ഭാഗത്തുനിന്ന് ഇയാളുടെ വിരലടയാളങ്ങൾ ലഭിച്ചിട്ടുണ്ട്. വാഹനത്തിൽനിന്ന് എടുത്ത ടർക്കി താമസസ്ഥലത്തുനിന്ന് പൊലീസ് കണ്ടെടുത്തു. കഴിഞ്ഞ 10ന് എടോടിയിലെ സിറ്റി സെൻറർ കെട്ടിടത്തിലും 13ന് മിനി സിവിൽ സ്റ്റേഷനിലെ എൽ.എ എൻ.എച്ച് ഓഫിസ്, ജില്ല വിദ്യാഭ്യാസ ഓഫിസിലെ ശുചിമുറി എന്നിവിടങ്ങളിലും തീവെച്ചത് ഇയാളാണെന്ന് പൊലീസ് കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. ശാസ്ത്രീയ തെളിവുകളുടെയും ചോദ്യംചെയ്തപ്പോൾ വെളിപ്പെടുത്തിയ കാര്യങ്ങളുടെയും അടിസ്ഥാനത്തിലാണ് താലൂക്ക് ഓഫിസ് കത്തിച്ച കേസിലും അറസ്റ്റ് രേഖപ്പെടുത്തിയത്. വടകര ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.