ടൂറിസ്റ്റ് ബസുകളുടെ വിവരം മോട്ടോർ വാഹന വകുപ്പിൽ മുൻകൂട്ടി അറിയിക്കണം -ഗതാഗത മന്ത്രി

തിരുവനന്തപുരം: വിനോദസഞ്ചാരത്തിന് ബുക്ക് ചെയ്യുന്ന ബസുകളുടെ വിവരം നേരത്തെ തന്നെ മോട്ടോർ വാഹന വകുപ്പിൽ അറിയിക്കണമെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു. ഈ ബസുകളുടെ ഡ്രൈവർമാരെ കുറിച്ചുള്ള വിവരങ്ങൾ വകുപ്പ് ശേഖരിച്ച് അന്തിമ അനുമതി നൽകും. ഇതുമായി ബന്ധപ്പെട്ട വിശദമായ തീരുമാനങ്ങൾ വരുംദിവസങ്ങളിലുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. വടക്കഞ്ചേരിയിൽ ഒമ്പത് പേരുടെ മരണത്തിനിടയാക്കിയ ബസ് അപകടത്തിന്‍റെ പശ്ചാത്തലത്തിലാണ് നടപടി. അപകടത്തിൽ റിപ്പോർട്ട് നൽകാൻ നിർദേശിച്ചതായും മന്ത്രി അറിയിച്ചു.

അഞ്ച് വിദ്യാർഥികളും ഒരു അധ്യാപകനും കെ.എസ്.ആർ.ടി.സിയിലെ മൂന്ന് യാത്രക്കാരുമാണ് ഇന്നലെ അർധരാത്രിയോടെ പാലക്കാട് വടക്കഞ്ചേരിയിലുണ്ടായ അപകടത്തിൽ മരിച്ചത്. ചികിത്സയിൽ തുടരുന്നത് 38 പേരാണ്. ഇവരിൽ നാല് പേരുടെ നില ഗുരുതരമാണ്.

അപകടമറിഞ്ഞ ഉടൻ അന്വേഷണത്തിന് ട്രാൻസ്പോർട്ട് കമീഷണർ ശ്രീജിത്തിനെ അവിടേക്ക് അയച്ചിട്ടുണ്ടെന്ന് മന്ത്രി ആന്‍റണി രാജു പറഞ്ഞു. ടൂറിസ്റ്റ് ബസിന്‍റെ ഡ്രൈവർ കാറിനെ മറികടക്കുന്നതിനിടെ കെ.എസ്.ആർ.ടി.സി ബസിലിടിക്കുകയായിരുന്നെന്നാണ് വിവരം.

ടൂറിസ്റ്റ് ബസുകൾ വാടകക്കെടുക്കുന്ന സ്കൂളുകൾ ബസുകളുടെ ഡ്രൈവർമാരെ കുറിച്ച് മനസിലാക്കാറില്ല. ഇനിമുതൽ ഡ്രൈവർമാരുടെ വിശദവിവരങ്ങൾ വകുപ്പ് ശേഖരിച്ച് അനുമതി നൽകുമെന്ന് മന്ത്രി പറഞ്ഞു.

നിലവിൽ സ്കൂൾ ബസുകളുടെ വിവരങ്ങൾ ഗതാഗത വകുപ്പ് ശേഖരിക്കുകയും അവർക്ക് പരിശീലനം നൽകുകയും ചെയ്തിട്ടുണ്ട്. ഇതിലൂടെ സ്കൂൾ ബസുകളുടെ അപകടങ്ങളിൽ വലിയ കുറവുണ്ടായി. എന്നാൽ, ടൂറിസ്റ്റ് ബസുകളുടെ ഡ്രൈവർമാരെ കുറിച്ചുള്ള വിവരങ്ങൾ വകുപ്പിന്‍റെ കൈയിലില്ലെന്നും മന്ത്രി വ്യക്തമാക്കി. 

Tags:    
News Summary - vadakkanchery bus accident updates

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.