പാലക്കാട്: അരികിലിരിക്കരുതെന്നും സൂക്ഷിക്കണമെന്നുമൊക്കെ പറഞ്ഞതാണ് സാറേ... പക്ഷേ എന്റെ മോൾ...ഞങ്ങടെ പ്രതീക്ഷയായിരുന്നു ദിയ... കണ്ടുനിന്നവരുടെ കരളലിയിക്കുന്നതായിരുന്നു രാജേഷിന്റെ വിലാപം. അലറിക്കരഞ്ഞ രാജേഷിനെ സാന്ത്വനിപ്പിക്കാൻ മന്ത്രിമാരായ എം.ബി. രാജേഷും കെ. കൃഷ്ണൻകുട്ടിയും ഷാഫി പറമ്പിൽ എം.എൽ.എയും വി.കെ. ശ്രീകണ്ഠൻ എം.പിയുമെല്ലാം ഏറെ ബുദ്ധിമുട്ടി.
വ്യാഴാഴ്ച വടക്കഞ്ചേരിയിൽ വാഹനാപകടത്തിൽ മരിച്ചവരിൽ രാജേഷിന്റെ മകൾ ദിയയുമുണ്ടായിരുന്നു. തിരുണിക്കര പൈങ്ങാരപ്പിള്ളി ലക്ഷ്മിനിലയം രാജേഷ്-സിജി ദമ്പതികളുടെ ഏക മകളാണ് പത്താംതരം വിദ്യാർഥിയായ ദിയ. ആദ്യമായാണ് മകളെ തങ്ങൾക്കൊപ്പമല്ലാതെ ഒരു യാത്രക്കയക്കുന്നതെന്ന് പറഞ്ഞ് വിതുമ്പിയ രാജേഷിനെ സാന്ത്വനിപ്പിക്കാൻ കൂടെയുള്ള ബന്ധുക്കൾക്കും വാക്കുകളുണ്ടായിരുന്നില്ല.
കൊച്ചിൻ ഷിപ്യാർഡ് ജീവനക്കാരനാണ് രാജേഷ്. ഏക മകളായതുകൊണ്ടുതന്നെ പഠനത്തിൽ മിടുക്കിയായിട്ടും അകലെയൊന്നും അയച്ച് പഠിപ്പിക്കാൻ രാജേഷ് ഒരുക്കമായിരുന്നില്ല. പ്രാണനൊപ്പം ചേർത്തുവെച്ച മകളെ പിരിഞ്ഞ രാജേഷിനെ സാന്ത്വനിപ്പിക്കാൻ ബന്ധുക്കളും പ്രയാസപ്പെട്ടു. അപകടവിവരം വൈകിയാണ് അറിഞ്ഞതെന്ന് രാജേഷിനൊപ്പം എത്തിയ ബന്ധുക്കൾ പറഞ്ഞു. വ്യാഴാഴ്ച പുലർച്ചെ അയൽവാസിയാണ് ടെലിവിഷനിൽ വാർത്ത കണ്ട് വിളിച്ചറിയിച്ചത്. തുടർന്ന് പാലക്കാടുള്ള ബന്ധുവഴി വിവരം ഉറപ്പിച്ചശേഷം രാജേഷും ബന്ധുക്കളും പുറപ്പെടുകയായിരുന്നു. ഓമനിച്ച് വളർത്തിയ പൊന്നോമനയുടെ ചേതനയറ്റ ശരീരത്തിനൊപ്പം മരവിച്ച് നിന്ന രാജേഷ് ജില്ല ആശുപത്രി വളപ്പിൽ അത്രമേൽ വേദനയേറിയ കാഴ്ചയായി.
പൊലിഞ്ഞത് രണ്ട് കുടുംബങ്ങളുടെ ഏക പൊൻതരികൾ
പിറവം: വടക്കഞ്ചേരി വാഹനാപകടത്തിൽ പൊലിഞ്ഞത് രണ്ട് കുടുംബങ്ങളുടെ ഏക മക്കൾ. ക്രിസ് വിന്റർബോൺ തോമസ്, ദിയ രാജേഷ് എന്നിവർ കുടുംബങ്ങളിലെ ഏക സന്തതികളായിരുന്നു. ഇവരുടെ വേർപാടിൽ തനിച്ചായ മാതാപിതാക്കളുടെ വേദനയോർത്ത് നാട്ടുകാരും കണ്ണീർവാർക്കുന്നു. മക്കൾ ഇല്ലാതായതോടെ ജീവിതത്തിന് ഇനിയെന്ത് അർഥമെന്ന ഇവരുടെ ചോദ്യത്തിന് മുന്നിൽ നാട്ടുകാരും പതറുകയാണ്.
തുരുത്തിക്കര പോട്ടയിൽ തോമസ് - മേരി തോമസ് ദമ്പതികൾക്ക് ഒരു പതിറ്റാണ്ടിന്റെ കാത്തിരിപ്പിനു ശേഷം ജനിച്ച ഏക മകനായിരുന്നു ക്രിസ് വിന്റർബോൺ. മേരിയുടെ 41ാം വയസ്സിലാണ് ക്രിസിന് ജന്മം നൽകിയത്. ക്രിസിന്റെ വേർപാടോടെ മാതാപിതാക്കൾ തനിച്ചായി. മുളന്തുരുത്തി തുരുത്തിക്കരയിലെ രേഷ്മ നിലയത്തിൽ ദിയ രാജേഷിന്റെ (15) മരണത്തോടെ പിതാവ് രാജേഷും മാതാവ് സിജിയും മക്കളില്ലാത്ത ദുഃഖക്കയത്തിലായി. സാധാരണ കുടുംബത്തിന്റെ പ്രതീക്ഷയാണ് ദിയക്കൊപ്പം അസ്തമിച്ചത്. സംസ്കാരം പെരുമ്പിള്ളി സ്വർഗീയം പൊതുശ്മശാനത്തിൽ വ്യാഴാഴ്ച രാത്രി ഏഴരയോടെ നടന്നു. തുരുത്തിക്കര മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് ചാപ്പലിൽ നടന്ന ക്രിസിന്റെ സംസ്കാര ശുശ്രൂഷകൾക്ക് അങ്കമാലി ഭദ്രാസനാധിപൻ യൂഹാനോൻ മോർ പോളി കാർപ്സ്, മാവേലിക്കര ഭദ്രാസനാധിപൻ അലോഷ്യസ് മോർ യൗസേബിയോസ്, ഗീവർഗീസ് മാർ പക്കോമിയോസ് എന്നിവർ നേതൃത്വം നൽകി.
ഞെട്ടൽ മാറാതെ...
പാലക്കാട്: തലനാരിഴക്ക് ജീവൻ രക്ഷപ്പെട്ട അപകടത്തിന്റെ ഞെട്ടൽ ആ കണ്ണുകളിൽ കാണാം. തലനാരിഴയ്ക്ക് കൈയില്‍ കിട്ടിയ ജീവനുമായി രക്ഷപ്പെട്ട വിദ്യാർഥികളിൽ പലർക്കും ഞെട്ടല്‍ മാറിയിട്ടില്ല...
കെ.എസ്.ആർ.ടി.സി ബസിനെ ഓവർടേക്ക് ചെയ്തപ്പോഴാണ് ഇടിച്ചു മറിഞ്ഞത് എന്നാണ് അപകടത്തില്‍ നിന്നു രക്ഷപ്പെട്ട പത്താം തരം വിദ്യാർഥി ആഷ്ലിൻ ടി. ജെറിൻ പറയുന്നത്. ബസില്‍ സിനിമ വെച്ചിട്ടുണ്ടായിരുന്നു. കുറേ വിദ്യാർഥികള്‍ അത് കാണുകയായിരുന്നു. ഞാന്‍ ചെറിയ മയക്കത്തിലായിരുന്നു. പെട്ടെന്ന് വലിയ ശബ്ദം കേട്ടാണ് ഞെട്ടി എഴുന്നേറ്റത്. കണ്ടത് ഞെട്ടിക്കുന്ന കാഴ്ചയായിരുന്നു. മറിഞ്ഞ ബസിന്റെ തകർന്ന ജനൽ ചില്ലിനിടയിലൂടെ നൂഴ്ന്നിറങ്ങിയാണ് പുറത്തെത്തിയത്.
ബുധനാഴ്ച വൈകീട്ട് 6.45ഓടെയാണ് യാത്ര തുടങ്ങിയത്. അങ്കമാലി എത്തി ഭക്ഷണം കഴിച്ച് യാത്ര തുടർന്നു. സഹപാഠികളായ ക്രിസും എൽനയും ദിയ രാജേഷും എന്നെന്നേക്കുമായി വിടപറഞ്ഞത് പറയുമ്പോൾ ആഷ്ലിന്റെ കണ്ണുകളിൽ നനവു പടർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.