കൊല്ലം: കുപ്രസിദ്ധ മോഷ്ടാവ് വടിവാൾ വിനീതിനെ ഇൗസ്റ്റ് പൊലീസ് കസ്റ്റഡിയിൽ വാങ്ങും. നിരവധി മോഷണക്കേസുകളിലെ പ്രതിയായ എടത്വ ചങ്ങൻകരി ലക്ഷംവീട് കോളനിയിലെ വൈപ്പിൻചേരി വീട്ടിൽ വിനീതിനെ (21-വടിവാൾ വിനീത്) വ്യാഴാഴ്ച പുലർച്ച സാഹസികമായാണ് പൊലീസ് പിടികൂടിയത്.
കരുനാഗപ്പള്ളി, ചവറ, കരുനാഗപ്പള്ളി, പാരിപ്പള്ളി, കുണ്ടറ സ്റ്റേഷനുകളിൽ വിനീതിനെതിരെ കേസുകളുണ്ട്. എസ്.എം.പി പാലസിന് സമീപത്ത് നിന്ന് ബൈക്ക് മോഷണം, പള്ളിത്തോട്ടത്ത് നിന്ന് ബുള്ളറ്റ് മോഷണം എന്നിവയാണ് കൊല്ലം ഈസ്റ്റ് സ്റ്റേഷൻ പരിധിയിലെ കേസുകൾ. എറണാകുളം മുതൽ കന്യാകുമാരി വരെ മോഷണം നടത്തിയ മിഷേൽ, ഷിൻസി, ശ്യാം എന്നിവരടങ്ങുന്ന സംഘത്തിെൻറ തലവനാണ് വിനീത്. കഴിഞ്ഞ മാസം മൂന്നുപേരെയും പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു.
കോവിഡ് പ്രാഥമികചികിത്സാകേന്ദ്രത്തിൽനിന്ന് വിനീതും മിഷേലും രക്ഷപ്പെട്ടു. അതിന് ശേഷം 20 കവർച്ചകളാണ് വിവിധ സ്ഥലങ്ങളിലായി നടത്തിയത്.
വ്യാഴാഴ്ച പുലർച്ച കടപ്പാക്കടയിൽ കാറിലെത്തിയ വിനീതിനെ റോഡിന് കുറുകെ ജീപ്പ് നിർത്തിയിട്ട് പൊലീസ് തടഞ്ഞു. കാറിൽനിന്ന് ഇറങ്ങിയോടിയ വിനീതിനെ നാട്ടുകാരുടെ സഹായത്തോടെ പുലർച്ച അഞ്ചരയോടെ ടൗൺ അതിർത്തിയിൽ നിന്നാണ് പിടികൂടിയത്. കാർ മോഷണക്കേസിൽ ബംഗളൂരു പൊലീസും വിനീതിനെ കസ്റ്റഡിയിൽ വാങ്ങാനുള്ള ഒരുക്കം തുടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.