ഹരിദാസൻ, ബാലകൃഷ്ണൻ

മുൻ മന്ത്രിയുടെ മക്കൾ അങ്കത്തട്ടിൽ നേർക്കുനേർ

വളപട്ടണം (കണ്ണൂർ): മുൻ മന്ത്രിയുടെ മക്കൾ നേർക്കുനേർ അങ്കത്തട്ടിൽ ഏറ്റുമുട്ടുന്നു. മുൻ മന്ത്രിയും എം.പിയുമായ പരേതനായ കെ. കുഞ്ഞമ്പുവിൻെറ മക്കളായ വി. ബാലകൃഷ്ണനും വി. ഹരിദാസനുമാണ് വളപട്ടണം പഞ്ചായത്തിൽ നേർക്കുനേർ ഏറ്റുമുട്ടുന്നത്. വളപട്ടണം പഞ്ചായത്തിൽ പട്ടികജാതി സംവരണ വാർഡായ നാലാം വാർഡിൽ മത്സരം.

കോൺഗ്രസും മുസ്ലിം ലീഗും വെവ്വേറെ സ്ഥാനാർഥികളെ ഗോഥയിലിറക്കുന്ന പഞ്ചായത്താണിത്. 13 വാർഡുള്ള പഞ്ചായത്തിൽ 12ലും കോൺഗ്രസിനും ലീഗിനും പ്രത്യേകം സ്ഥാനർഥികളാണ്. 2015 ലെ തെരഞ്ഞെടുപ്പിൽ പരസ്പരം കാലുവാരിയെന്ന് ആരോപണത്തെതുടർന്നാണ് യു.ഡി.എഫിൽ ഭിന്നത രൂപപ്പെട്ടത്.

വി. ബാലകൃഷ്ണൻ കോൺഗ്രസിന് വേണ്ടി കൈപ്പത്തി അടയാളത്തിലും, അനുജൻ വി. ഹരിദാസൻ മുസ്ലിം ലീഗിന് വേണ്ടി ഏണി അടയാളത്തിലും മത്സരിക്കുന്നു. ഹരിദാസൻ നിലവിൽ അഴീക്കോട് നിയോജക മണ്ഡലം കോൺഗ്രസ് കമ്മറ്റി സെക്രട്ടറിയാണ്.

കോൺഗ്രസ്‌ അഴീക്കോട് മണ്ഡലം ഭാരവാഹികൾ വളപട്ടണത്തെ ലീഗ് ഭാരവാഹികളുമായി സംസാരിച്ച് ധരണയാവുകയും തുടർന്ന് യു.ഡി.എഫ് സ്ഥാനാർഥിയായി പരിഗണിച്ച് വി. ഹരിദാസനെ കൊണ്ട് നാമനിർദേശ പത്രിക സമർപ്പിക്കുകയായിരുന്നു. എന്നാൽ വളപട്ടണം പഞ്ചായത്ത്‌ കോൺഗ്രസ്‌ കമ്മിറ്റി സ്വമേധയാ ഹരിദാസൻെറ സ്ഥാനാർഥിത്വം അംഗീകരിക്കാതെ ജ്യേഷ്ഠൻ ബാലകൃഷ്ണനെ കോൺഗ്രസ്‌ സ്ഥാനാർഥിയായി പ്രഖ്യാപിച്ചു.

തുടർന്ന്, ഹരിദാസനോട് പത്രിക പിൻവലിക്കാൻ കോൺഗ്രസ് ഭാരവാഹികൾ ആവശ്യപ്പെടുകയും പിൻവലിച്ചില്ലെങ്കിൽ മണ്ഡലം ഭാരവാഹിത്വത്തിൽ നിന്നും കോൺഗ്രസ്സിൽ നിന്നും പുറത്താക്കുമെന്നും അറിയിച്ചു. എന്നാൽ ലീഗ് നാമനിർദേശ പത്രിക പിൻവലിക്കേണ്ട അവസാന ദിവസമായ തിങ്കളാഴ്ച വൈകീട്ട് വരെ സംരക്ഷണത്തോടെ മാറി താമസിപ്പിക്കുകയും ലീഗിൻെറ ചിഹ്നത്തിൽ മത്സരിക്കുന്ന ഔദ്യോഗീക സ്ഥാനാർഥിയായി പ്രഖ്യാപിക്കുകയുമായിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.