വെളളമുണ്ട: ചരിത്രത്തിെൻറ കാതുകളിൽ ഇപ്പോഴും വെടിയൊച്ചകൾ മുഴങ്ങുന്നുണ്ട്. തിരുനെല്ലി കൂമ്പാര കൊല്ലിയിലെ വർഗീസ് പാറയും വെള്ളമുണ്ടയിലെ ശവകുടീരവും ചരിത്ര സംഭവത്തിന് സാക്ഷിയായി നിൽക്കുന്നു. വിപ്ലവ ഇടിമുഴക്കങ്ങളുടെ ചരിത്രത്തിന് അമ്പത് വയസ്സ്. വർഗീസ് എന്ന നക്സലൈറ്റിെൻറ രക്തസാക്ഷി ദിനമാണ് ഇന്ന്. സാമൂഹിക നീതിക്കായി പടപൊരുതിയ അടിയോരുടെ പെരുമനെ ബന്ധുകളും സുഹൃത്തുക്കളും ഓർത്തെടുക്കുകയാണ്.
ജന്മികളുടെ ചൂഷണത്തിനും വഞ്ചനക്കുമെതിരെ വയനാട്ടിൽ നടന്ന ആദ്യ കലാപമായാണ് നക്സൽ പോരാട്ട ചരിത്രം വിലയിരുത്തപ്പെടുന്നത്. അതുവരെ ആർക്ക് മുന്നിലും തല കുനിക്കാതെ നിന്നിരുന്ന ജന്മികൾക്കെതിരെ നക്സൽ ബാരികൾ തൊടുത്തുവിട്ട ദയാരഹിത പോരാട്ടം പിന്നീട് വയനാടിെൻറ പേടിസ്വപ്നമായി.
വയനാടൻ കാടുകളിൽ തമ്പടിച്ചിരുന്ന നക്സലൈറ്റുകളെ പിടിക്കുന്നതിന്ന് ഭരണകൂടവും വളരെ പാടുപെട്ടു. 1970 ഫെബ്രുവരി 18ന് സന്ധ്യയോടെയാണ് വർഗീസ് രക്തസാക്ഷിയാവുന്നത്. ഏറ്റുമുട്ടലിൽ കൊല്ലപ്പെെട്ടന്നായിരുന്നു പൊലീസ് പുറത്തുവിട്ട വിവരം.
കോൺസ്റ്റബിളായിരുന്ന രാമചന്ദ്രൻ നായർ വർഗീസിനെ വെടിവച്ചു കൊല്ലുകയായിരുന്നുവെന്ന് 1998ൽ വെളിപ്പെടുത്തി. അതോടെ ചരിത്രത്തിെൻറയും ഗതി മാറി. അന്നത്തെ ഡിവൈ.എസ്.പിയായിരുന്ന പി. ലക്ഷ്മണയും ഐ.ജി വിജയനും നിർബന്ധിച്ചിട്ടാണ് ഈ കൃത്യം നടത്തിയത് എന്നായിരുന്നു രാമചന്ദ്രൻ നായരുടെ വാദം. സി.ബി.ഐ അന്വേഷണത്തിൽ ലക്ഷ്മണയും വിജയനും കുറ്റക്കാരാണെന്ന് കണ്ടെത്തി. 2010 ഒക്ടോബർ 26നാണ് കാലം കാതോർത്തവിധി വന്നത്. 31ാം പിറന്നാൾ ദിനത്തിലാണ് വർഗീസ് തോക്കിന് ഇരയാവുന്നത്.
അജിതയും ഗ്രോ വാസുവും തേറ്റമല കൃഷ്ണൻ കുട്ടിയുമെല്ലാം അണിനിരന്ന നക്സൽ പോരാട്ടങ്ങളുടെ ചരിത്രമുറങ്ങുന്ന തിരുനെല്ലിയിലും വെള്ളമുണ്ടയിലും വർഷംതോറും വർഗീസ് അനുസ്മരണം നടക്കുന്നു. വർഗീസ് സ്മാരക ട്രസ്റ്റ് ഏറ്റെടുത്ത വർഗീസിെൻറ വീട് നോക്കാനാളില്ലാതെ ജീർണാവസ്ഥയിലായിരുന്നു.
72 സെൻറ് ഭൂമിയും വീടും 2000ത്തിലാണ് പാർട്ടിക്ക് കൈമാറിയത്. പി.സി. ഉണ്ണിച്ചെക്കൻ ചെയർമാനും കെ.ടി. കുഞ്ഞിക്കണ്ണൻ കൺവീനറുമായ വർഗീസ് സ്മാരക ട്രസ്റ്റിെൻറ പേരിലാണ് പാർട്ടി വീട് ഏറ്റെടുത്തത്. എന്നാൽ, 2005ൽ സി.പി.ഐ (എം.എൽ) പിളരുകയും റെഡ് ഫ്ലാഗ് രൂപം കൊള്ളുകയും ചെയ്തതോടെ ട്രസ്റ്റിൽ അവകാശ തർക്കം ഉടലെടുത്തു. ഇതോടെ സ്മാരകവും ജീർണിച്ച് തുടങ്ങി. ജന്മദേശമായ ഒഴുക്കൻ മൂലയിൽ വയലാറിെൻറ നാല് വരി വിപ്ലവ കവിതകൾ എഴുതിയ കൂറ്റൻ ബോർഡിനു താഴെ എല്ലാം കണ്ട് വർഗീസ് സ്മാരകം ചുവപ്പണിഞ്ഞ് നിൽക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.