വഴിക്കടവ് ആനമറി ചെക്ക് പോസ്റ്റ് : വിജിലൻസ് പരിശോധന നടത്തണമെന്ന് റിപ്പോർട്ട്

തിരുവനന്തപുരം: മലപ്പുറം വഴിക്കടവ് ആനമറി ചെക്ക് പോസ്റ്റിലെ ആർ.ടി.ഒ. ഉദ്യോഗസ്ഥർ ഏജന്റുമാരെ ഉപയോഗിച്ച് കൈക്കൂലി വാങ്ങുന്നതായ ആരോപണത്തിൽ വിജിലൻസ് പരിശോധന നടത്തണമെന്ന് ധനകാര്യ വകുപ്പിന്റെ റിപ്പോർട്ട്. ധനകാര്യ സ്വാഡിന് ഇക്കാര്യം അന്വേഷിക്കാൻ പരിമിതിയുള്ളതിനാലാണ് ചെക്ക് പോസ്റ്റിലെ (ആർ.ടി.ഒ) ഉദ്യോഗസ്ഥരുടെ പ്രവർത്തനങ്ങൾ സംബന്ധിച്ച് വിജിലൻസ് പരിശോധന നടത്തുന്നതിന് ഭരണവകുപ്പ് തുടർനടപടികൾ സ്വീകരിക്കണമെന്ന് ശിപാർശ നൽകിയത്.

വഴിക്കടവ് ആനമറി ചെക്ക് പോസ്റ്റ് വഴി കടന്നുപോവുന്ന വാഹനങ്ങൾ സംബന്ധിച്ച വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്തുന്നതിൽ വീഴ്ച വരുത്തിയെന്ന് അന്വേഷണത്തിൽ കണ്ടത്തി. എം.വി.ഐ ജി.ലാജിക്ക് ഇത്തരം വീഴ്ചകൾ ആവർത്തിക്കാതിരിക്കുന്നതിന് വകുപ്പുതലത്തിൽ കർശനമായ താക്കീത് നൽകണമെന്നും ശിപാർശ ചെയ്തു.

ചെക്ക് പോസ്റ്റിൽ സമയബന്ധിതമായ പരിശോധനകൾ നടത്തി ആവശ്യമായ നടപടികൾ സീകരിക്കുന്നതിന് മലപ്പുറം ആർ.ടി.ഒ.ക്ക് ഭരണവകുപ്പ് കർശന നിർദേശം നൽകണമെന്നും സൂചിപ്പിച്ചു. ആനമറി ചെക്ക്പോസ്റ്റിലൂടെ കടന്നുപോകുന്ന ചരക്കുവാഹനങ്ങൾ സംബന്ധിച്ച വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്തുന്നില്ലായെന്നും ഉദ്യോഗസ്ഥർ ഏജന്റുമാരെ ഉപയോഗിച്ച് അഴമതി നടത്തുന്നുവെന്നുമുള്ള പരാതിയിലാണ് ധനകാര്യ പരിശോധനാ സ്ക്വാഡ് പരിശോധന നടത്തിയത്.

ചെക്ക് പോസ്റ്റിലെ ഓഫീസിലെ പരിശോധനക്ക് മുന്നോടിയായി ചെക്ക് പോസ്റ്റിലൂടെ ചരക്കുമായി കടന്നു പോവുന്നതായി ശ്രദ്ധയിൽപ്പെട്ട ഏതാനും വാഹനങ്ങളുടെ നമ്പറുകൾ സ്ക്വാഡ് രേഖപ്പെടുത്തി. തുടർന്ന് ചെക്ക് പോസ്റ്റിൽ പരിശോധന നടത്തുകയും ചെയ്തു. ചെക്ക് പോസ്റ്റിലൂടെ കടന്ന് പോവുന്ന വാഹനങ്ങൾ സംബന്ധിച്ച വിശദാംശങ്ങൾ രേഖപ്പെടുത്തേണ്ട വെഹിക്കിൾ മൂവ്മെന്റ് രജിസ്റ്റർ (ഓൺ ലൈൻ), വാഹൻ (ഓൺ ലൈൻ), വെഹിക്കിൾ മൂവ്മെന്റ് രജിസ്റ്റർ എന്നിവ സ്ക്വാഡ് പരിശോധിച്ചു.

ചെക്ക് പോസ്റ്റിലൂടെ ചരക്കുമായി കടന്നു പോയതായി സ്ക്വാഡിന്റെ ശ്രദ്ധയിൽപ്പെട്ട വാഹനങ്ങൾ സംബന്ധിച്ചോ ഡ്രൈവർമാരെ സംബന്ധിച്ചോ യാതൊരു വിവശവും ചെക്ക് പോസ്റ്റിൽ രേഖപ്പെടുത്തിയിട്ടില്ലെന്ന പരിശോധനയിൽ കണ്ടെത്തി. പുലർച്ചെ 12 മണി മുതൽ ഉച്ചക്ക് 1.50 വരെയായി 'വാഹൻ' സോഫ്റ്റ് വെയറിൽ കേവലം അഞ്ച് വാഹനങ്ങളുടെയും, വെഹിക്കിൾ മൂവ്മെന്റ് രജിസ്റ്ററിൽ (ഓൺ ലൈൻ) രണ്ട് വാഹനങ്ങളുടെയും വിവരങ്ങൾ മാത്രമാണ് രേഖപ്പെടുത്തിയത്.

വെഹിക്കിൾ മൂവ്മെന്റ് രജിസ്റ്ററിൽ ഈ ദിവസം വാഹനങ്ങൾ സംബന്ധിച്ച വിവരങ്ങളൊന്നും രേഖപ്പെടുത്തിയിരുന്നില്ല. ചെക്ക്പോസ്റ്റിൽ വാഹനങ്ങൾ നേരിട്ടു പരിശോധിക്കുകയോ വാഹനങ്ങൾ സംബന്ധിച്ച രേഖകൾ പരിശോധിക്കുകയോ ചെയ്യുന്നില്ല. വാഹനത്തിന്റെ ഭാരം സംബന്ധിച്ച് ചില വാഹനയുടയോ ഡ്രൈവർമാരോ ചെക്ക് പോസ്റ്റിൽ സമർപ്പിക്കുന്ന സർട്ടിഫിക്കറ്റുകൾ വാങ്ങി സൂക്ഷിക്കുക മാത്രമാണ് ചെയ്യുന്നത്.

ചെക്ക്പോസ്റ്റിൽ സൂക്ഷിച്ചിരുന്ന തുകകൾ പരിശോധിച്ചതിൽ വാഹൻ വഴിയും, വെഹിക്കിൾ മുവ്മെന്റ് രജിസ്റ്ററിൽ (ഓൺ ലൈൻ) വഴിയും ലഭിച്ച തുക മാത്രമാണ് പേഴ്സണൽ കാഷ് രജിസ്റ്ററിൽ രേഖപ്പെടുത്തിയത്. ചെക്ക് പോസ്റ്റ് വഴി കടന്നു പോകുന്ന ചരക്ക് വാഹനങ്ങൾ ആർ.ടി.ഒ ഉദ്യോഗസ്ഥർ നേരിട്ട് പരിശോധിക്കുന്നില്ലെന്നും കടന്നു പോകുന്ന വാഹനങ്ങളുടെ വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്തുന്നില്ലെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.

Tags:    
News Summary - Vazhivakkadavu Annemarie Check Post : Report to conduct vigilance check

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.