കോഴിക്കോട്: ജെൻഡർ ന്യൂട്രാലിറ്റി വിഷയത്തിൽ മുസ്‌ലിം ലീഗുമായി അഭിപ്രായ വ്യത്യാസമില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. വിഷയം ഇപ്പോൾ വിവാദമാക്കേണ്ടതില്ലെന്നും വി.ഡി. സതീശൻ പറഞ്ഞു.
മുസ്‌ലിം ലീഗിന്‍റെ സംസ്ഥാന ജനറൽ സെക്രട്ടറിയുടെ പ്രസ്താവന തള്ളിക്കളയുന്നില്ല. ഈ വിഷയത്തെ സംബന്ധിച്ച് സർക്കാർ തീരുമാനമെടുത്തിട്ടില്ല. സർക്കാർ തീരുമാനം എടുക്കുന്നതിന് മുമ്പ് അതിനെ സംബന്ധിച്ച് വിവാദം ഉണ്ടാക്കേണ്ട യാതൊരു ആവശ്യവുമില്ല. ജെൻഡർ ജസ്റ്റിസ് ഉണ്ടാകണമെന്നാണ് ഞങ്ങളുടെ അഭിപ്രായം. അതിൽ മുസ്‌ലിം ലീഗും ഞങ്ങളും തമ്മിൽ ഒരു അഭിപ്രായ വ്യത്യാസവുമില്ല -വി.ഡി. സതീശൻ വ്യക്തമാക്കി.
ജെൻഡർ ന്യൂട്രാലിറ്റിയുടെ കാലത്ത് പ്രായപൂർത്തിയായ പുരുഷൻ ആൺകുട്ടിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടാൽ പോക്സോ കേസെടുക്കുന്നത് എന്തിനാണെന്ന വാദവുമായി മുസ്ലിം ലീഗ് നേതാവ് എം.കെ. മുനീർ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ''മുതിർന്ന പുരുഷനും ആൺകുട്ടിയുമായി ലൈംഗികബന്ധത്തിലേർപ്പെട്ടാൽ പോക്സോ കേസെടുക്കുന്നത് എന്തിനാണ്. അത് ജെൻഡർ ന്യൂട്രാലിറ്റിയല്ലേ? അതിന്റെ പേരിലെന്തിനാണ് പോക്സോ കേസെടുക്കുന്നത്''-മുനീർ ചോദിച്ചിരുന്നു. പരാമർശം വിവാദമായപ്പോൾ, തന്റെ പരാമർശങ്ങൾ മാധ്യമങ്ങൾ വളച്ചൊടിക്കുകയായിരുന്നുവെന്നും പോക്സോ കേസുകൾ നിലനിൽക്കണമെന്നുതന്നെയാണ് താൻ ഉദ്ദേശിച്ചതെന്നും ട്രാൻസ്ജെൻഡറുകൾക്കായി നിലകൊണ്ടയാളാണ് താനെന്നും മുനീർ വിശദീകരിച്ചിരുന്നു.
ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ചിരിക്കാമെന്ന നിർദേശം അപകടകരമാണെന്നും മുതിർന്ന ആൺകുട്ടികളെയും പെൺകുട്ടികളെയും ഒരുമിച്ചിരുത്തിയാൽ ശ്രദ്ധ മാറിപ്പോകുമെന്നും വ്യക്തമാക്കി മുസ്‍ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാമും ഇന്നലെ രംഗത്തുവന്നിരുന്നു. ഈ വിവാദത്തിലാണ് ഇപ്പോൾ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.
ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ചിരുന്നാൽ എന്താണ് പ്രശ്നമെന്ന ചോദ്യവുമായി ഇന്ന് മന്ത്രി ശിവൻകുട്ടി വിഷയത്തിൽ പ്രതികരിച്ചിരുന്നു. മുൻ മന്ത്രി അടക്കമുള്ളവർ അവരുടെ മാനസികാവസ്ഥ തുറന്ന് കാട്ടുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.