പുതിയ മദ്യശാലകൾ അനുവദിക്കുന്നത് അഴിമതി മാത്രം ലക്ഷ്യമിട്ട് -വി.ഡി. സതീശൻ

തിരുവനന്തപുരം: കേരളത്തില്‍ വ്യാപകമായി മദ്യശാലകള്‍ തുറക്കാനാണ് പുതിയ മദ്യനയത്തിലൂടെ സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. അഴിമതി ആരോപണത്തെ തുടര്‍ന്ന് തടഞ്ഞു വയ്ക്കപ്പെട്ട ഡിസ്റ്റിലറികളും ബ്രൂവറികളും പുതിയ കുപ്പായം ഇട്ട് വീണ്ടും തുറക്കാനുള്ള ശ്രമമാണ്. തുടര്‍ഭരണം കിട്ടയതിന്റെ അഹങ്കാരത്തിലാണ് ഡിസ്റ്റിലറികളും ബ്രൂവറികളും വീണ്ടും തുടങ്ങാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം ആരോപിച്ചു.

2016-ല്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ പഞ്ചനക്ഷത്ര ഹോട്ടലുകള്‍ക്ക് ബാര്‍ അനുവദിക്കാന്‍ തീരുമാനിച്ചപ്പോള്‍ വിമര്‍ശിച്ചയാളാണ് പിണറായി വിജയന്‍. കൂടുതല്‍ ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് നല്‍കിയ തീരുമാനം മദ്യ നിരോധനം സാധ്യമാക്കാനുള്ളതാണോ എന്ന് ഉമ്മന്‍ചാണ്ടി വ്യക്തമാക്കണമെന്നാണ് പാര്‍ട്ടി സെക്രട്ടറിയായിരുന്ന പിണറായി ഫേസ്ബുക്ക് പോസ്റ്റില്‍ ചോദിച്ചത്. മദ്യ വര്‍ജന സമിതികളെയും മദ്യ വിരുദ്ധ പ്രവര്‍ത്തകരെയും അടക്കം അണിനിരത്തി മദ്യ വിപത്ത് ചെറുക്കാന്‍ ഇടതു പക്ഷ ജനാധിപത്യ മുന്നണി പ്രതിജ്ഞാ ബദ്ധമാണെന്നും എൽ.ഡി.എഫ് വരും എല്ലാം ശരിയാകുമെന്നുമാണ് പിണറായി ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞത്.

എല്‍.ഡി.എഫ് വന്നു. എല്ലാം ശരിയായി എന്ന അവസ്ഥയാണ് കേരളത്തില്‍. പാര്‍ട്ടി സെക്രട്ടറി സ്ഥാനത്ത് നിന്നും മുഖ്യമന്ത്രി ആയപ്പോള്‍ മദ്യവര്‍ജന സമിതികളെയും മദ്യവിരുദ്ധ സമിതികളെയും ഒന്നിച്ച് നിര്‍ത്തി മദ്യത്തെ ചെറുക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായുള്ളതാണോ മദ്യനയമെന്ന് പിണറായി വിജയന്‍ കേരളത്തിലെ ജനങ്ങളോട് പറയണം. ഡിസ്റ്റിലറികളും ബ്രൂവറികളും ബാറുകളും അനുവദിക്കുന്നത് അഴിമതി നടത്തി പണമുണ്ടാക്കുന്നതിന് വേണ്ടി മാത്രമാണ്. കേരളത്തില്‍ ആവശ്യത്തിന് ബാറുകള്‍ ഇല്ലെന്നൊരു പരാതിയില്ല. എല്ലാ നഗരങ്ങളിലും ഗ്രാമങ്ങളിലും ബാറുകളും ബിവറേജസ് ഔട്ട്‌ലെറ്റുകളുമുണ്ട്. ഈ പശ്ചാത്തലത്തില്‍ വ്യാപകമായി മദ്യശാലകള്‍ തുടങ്ങാനുള്ള തീരുമാനം അഴിമതി ലക്ഷ്യമിട്ടുള്ളതാണ്. അഴിമതി മാത്രമാണ് ഇപ്പോള്‍ സര്‍ക്കാരിന്റെ ലക്ഷ്യം.

ജനങ്ങളെ പ്രയാസപ്പെടുത്തുന്ന തീരുമാനങ്ങള്‍ എടുക്കുന്നതില്‍ സര്‍ക്കാര്‍ മത്സരിക്കുകയാണ്. ബസ് ചാര്‍ജ് വർധന നീതീകരിക്കാനാകില്ല. നേരത്തെ നിരക്ക് വർധിപ്പിച്ചപ്പോള്‍ മിനിമം ചാര്‍ജ് അഞ്ച് കിലോമീറ്ററിനായിരുന്നു. ഇപ്പോള്‍ രണ്ടര കിലോമീറ്ററിനാണ് മിനിമം ചാര്‍ജ് പത്തു രൂപയായി വര്‍ധിപ്പിച്ചിരിക്കുന്നത്. രണ്ടര കിലോമീറ്ററിന് മിനിമം ചാര്‍ജ് പത്ത് രൂപയാക്കിയപ്പോള്‍ ഫെയര്‍ സ്റ്റേജില്‍ അപാകതകളുണ്ടായിട്ടുണ്ട്. പഠിക്കാതെയാണ് സര്‍ക്കാര്‍ ബസ് ചാര്‍ജ് വര്‍ധന പ്രഖ്യാപിച്ചത്. ഫെയര്‍ സ്റ്റേജില്‍ അപാകതകള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം.

കഴിഞ്ഞ ആറ് കൊല്ലത്തിനിടെ സംസ്ഥാന സര്‍ക്കാരിന് ആറായിരം കോടിയിലധികം രൂപയാണ് പെട്രോളിയം ഉല്‍പന്നങ്ങളുടെ വര്‍ധിപ്പിച്ച നികുതിയിലൂടെ ലഭിച്ചത്. അധികമായി കിട്ടിയ നികുതിയുടെ 25 ശതമാനം കെ.എസ്.ആര്‍.ടിസിക്കും സ്വകാര്യ ബസുകള്‍ക്കും മത്സ്യ ബന്ധനബോട്ടുകള്‍ക്കും ഓട്ടോറിക്ഷക്കാര്‍ക്കും ഇന്ധന സബ്‌സിഡിയായി നല്‍കിയിരുന്നെങ്കില്‍ ചാര്‍ജ് വര്‍ധന ഒഴിവാക്കാമായിരുന്നു. പെട്രോളിയം ഉല്‍പന്നങ്ങളുടെ നികുതി വര്‍ധിപ്പിച്ചും ചാര്‍ജ് വര്‍ധിപ്പിച്ചും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ജനജീവിതം ദുസഹമാക്കുകയാണ്. ഇന്ധന സബ്‌സിഡി നല്‍കി യാത്രാ നിരക്ക് വര്‍ധന പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും 

Tags:    
News Summary - VD Satheesan against Liquor policy of LDF govt

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.