കനത്ത ആഘാതം ജനങ്ങളിൽനിന്ന് കിട്ടിയിട്ടും പിണറായി വിജയൻ ധാർഷ്ട്യം മാറ്റിയിട്ടില്ല -വി.ഡി. സതീശൻ

ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പ് തോൽവിയിലൂടെ കനത്ത ആഘാതം ജനങ്ങളിൽനിന്ന് കിട്ടിയിട്ടും പിണറായി വിജയൻ ധാർഷ്ട്യം മാറ്റിയിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ബിഷപ് മാർ കൂറിലോസിനെ വിവരദോഷി എന്ന് പറഞ്ഞത് ഇതാണ് തെളിയിക്കുന്നതെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ഈ തെരഞ്ഞെടുപ്പ് ചില പാഠങ്ങൾ മുഖ്യമന്ത്രിയെയും സി.പി.എമ്മിനെയും പഠിപ്പിക്കുമെന്നാണ് കരുതിയത്. തിരുത്തലുകൾക്ക് വിധേയമാകുമെന്ന മുഖ്യമന്ത്രിയുടെ വാർത്ത കണ്ടു. എന്നാൽ, ഒരു തിരുത്തലിനും വിധേയനാകില്ല എന്നുള്ള മുഖ്യമന്ത്രിയുടെ പ്രഖ്യാപനമാണ് ബിഷപ് മാർ കൂറിലോസിനെ വിവരദോഷി എന്ന് പറഞ്ഞുകൊണ്ട് മുഖ്യമന്ത്രി ഇന്നലെ നടത്തിയ കമന്‍റ്. സർക്കാറിനെ വിമർശിക്കുന്നവരെല്ലാം വിവരദോഷികളാണെന്ന് പറയാനുള്ള ഈ ധാർഷ്ട്യം ഇത്രയും കനത്ത ആഘാതം ജനങ്ങളിൽനിന്ന് കിട്ടിയിട്ടും പിണറായി വിജയൻ അത് മാറ്റിയിട്ടില്ല എന്നത് വിസ്മയിപ്പിക്കുന്നു -വി.ഡി. സതീശൻ പറഞ്ഞു.

ക്ഷേമനിധികൾ തകർന്നു, സിവിൽ സപ്ലൈസ് കോർപറേഷൻ തകർന്നു, വൈദ്യുതി ബോർഡ് എക്കാലത്തേയും വലിയ ബാധ്യതയിലാണ്, കെ.എസ്.ആർ.ടി.സി തകർച്ചയുടെ വക്കിലാണ്, മെഡിക്കൽ സർവീസസ് കോർപറേഷൻ മരുന്നുകൾ വിതരണം ചെയ്യുന്നില്ല, മാവേലി സ്റ്റോറിൽ സാധനമില്ല, ജീവനക്കാർക്കും പെൻഷൻകാർക്കും കുടിശ്ശികയുണ്ട്. ഇത്തരത്തിൽ കേരളം ഇതുവരെ കാണാത്ത ധനപ്രതിസന്ധിയിലൂടെ പോകുകയാണ്. അതിനിടയിലാണ് ഈ മുഖ്യമന്ത്രി പ്രോഗ്രസ്സ് റിപ്പോർട്ട് അവതരിപ്പിക്കുന്നത്. ഇതിനേക്കാൾ വലിയ തമാശ വേറെ എന്തുണ്ട്? -അദ്ദേഹം ചോദിച്ചു.

ലോക്സഭ തെരഞ്ഞെടുപ്പിൽ കനത്ത പരാജയം നേരിട്ട സി.പി.എമ്മിനെ വിമർശിച്ചതിനാണ് ഇടത് അനുഭാവിയായി അറിയപ്പെടുന്ന യാക്കോബായ സഭയുടെ നിരണം ഭദ്രാസനം മുൻ മെത്രാപ്പോലീത്ത ഡോ. ഗീവർഗീസ് മാർ കൂറിലോസിനെതിരെ മുഖ്യമന്ത്രി രൂക്ഷമായി പ്രതികരിച്ചത്. ഇടതുപക്ഷത്തിനുണ്ടായ തകർച്ചയുടെ പ്രധാന കാരണങ്ങളിലൊന്ന് ഭരണവിരുദ്ധവികാരമാണെന്നും സി.പി.എം എത്ര നിഷേധിക്കുവാൻ ശ്രമിച്ചാലും അത് യാഥാർഥ്യമാണെന്നും ഗീവർഗീസ് മാർ കൂറിലോസ് ഫേസ്ബുക്കിൽ കുറിച്ചിരുന്നു. ധാർഷ്ട്യവും, ധൂർത്തും ഇനിയും തുടർന്നാൽ ഇതിലും വലിയ തിരിച്ചടികൾ വരും. പ്രളയവും മഹാമാരികളും എപ്പോഴും രക്ഷയ്ക്ക് എത്തണമെന്നില്ല.'കിറ്റ് രാഷ്ട്രീയത്തിൽ' ഒന്നിലധികം പ്രാവശ്യം ജനങ്ങൾ വീഴില്ലെന്നും അദ്ദേഹം ഫേസ്ബുക്കിൽ പറഞ്ഞിരുന്നു.

ഇതിനെതിരെ, പുരോഹിതർക്കിടയിലും വിവരദോഷികളുണ്ടെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. 'ഒരു മാധ്യമത്തിൽ പഴയ ഒരു പുരോഹിതന്‍റെ വാക്കുകൾ കാണാൻ കഴിഞ്ഞു. പ്രളയം ഉണ്ടായതാണ് സർക്കാറിനെ വീണ്ടും അധികാരത്തിലേറ്റാൻ ഇടയാക്കിയതെന്നും ഇനിയൊരു പ്രളയം ഉണ്ടാകുമെന്ന് ധരിക്കേണ്ടാ എന്നും ആ പുരോഹിതൻ പറഞ്ഞതായിട്ട് കണ്ടത്. പുരോഹിതന്മാരുടെ ഇടയിലും ചിലപ്പോൾ ചില വിവരദോഷികളുണ്ടാകും എന്നതാണ് ആ വാചകത്തിലൂടെ വ്യക്തമാകുന്നത്' എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.

Tags:    
News Summary - VD Satheesan against Pinarayi Vijayan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.