തിരുവനന്തപുരം: അന്തരിച്ച സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിര്യാണത്തിൽ അനുശോചിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. രാഷ്ട്രീയത്തിലെ പ്രായോഗികതക്ക് മുൻതൂക്കം നൽകിയ നേതാവ് എന്ന് സതീശൻ അനുസ്മരിച്ചു. വ്യക്തതയുള്ള നിലപാടുകളുമായി പ്രത്യയശാസ്ത്രത്തിന്‍റെ അടിസ്ഥാന തത്വങ്ങളിൽ അടിയുറച്ച് നിൽക്കുമ്പോഴും പ്രായോഗികതയുള്ള രാഷ്ട്രീയ സമീപനമായിരുന്നു സീതാറാം യെച്ചൂരിയുടേത്. സൈദ്ധാന്തിക കടുംപിടുത്തങ്ങൾക്കും അപ്പുറം രാഷ്ട്രീയത്തിലെ പ്രായോഗികതക്ക് മുൻതൂക്കം നൽകിയ നേതാവാണെന്നും സതീശൻ വ്യക്തമാക്കി.
ന്യൂനപക്ഷ അവകാശങ്ങൾ ഹനിക്കപ്പെടാതെയും ഇന്ത്യ എന്ന ആശയത്തെ നിലനിർത്തിയും മാത്രമേ രാജ്യത്തിന് മുന്നോട്ട് പോകാനാകൂവെന്ന് യെച്ചൂരി അടിയുറച്ച് വിശ്വസിച്ചു. അതിൽ കോൺഗ്രസിന്‍റെ നേതൃപരമായ പങ്കിനെകുറിച്ച് യെച്ചൂരിക്ക് തികഞ്ഞ ബോധ്യമുണ്ടായിരുന്നു. കൃത്യമായും വ്യക്തമായും ആ രാഷ്ട്രീയ സമീപനം യെച്ചൂരി തുറന്നു പറഞ്ഞിട്ടുമുണ്ട്.
ഇന്ത്യൻ രാഷ്ട്രീയത്തിലെ സൗമ്യ സാന്നിധ്യമായിരിക്കുമ്പോഴും നിലപാടിലെ കാർക്കശ്യം അദ്ദേഹം തുടർച്ചയായി ബോധ്യപ്പെടുത്തി കൊണ്ടിരുന്നു. ഹർകിഷൻ സിങ് സുർജിത്തിന് ശേഷം രാജ്യം വലിയ തോതിൽ ശ്രദ്ധിച്ച സി.പി.എം ജനറൽ സെക്രട്ടറി കൂടിയായിരുന്നു സീതാറാം യെച്ചൂരി.
കോൺഗ്രസ് ദേശീയ നേതൃത്വവുമായി ഊഷ്മളമായ ബന്ധം കാത്ത് സൂക്ഷിച്ച നേതാവാണ് യെച്ചൂരി. ഇൻഡ്യ മുന്നണിയുടെ രൂപീകരണത്തിലും യെച്ചൂരിയുടെ കയ്യൊപ്പുണ്ട്. എനിക്ക് വ്യക്തിപരമായി അടുത്ത് പരിചയമുള്ള നേതാവ് കൂടിയാണ് യെച്ചൂരി. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു.
ഡൽഹി എയിംസിൽ ചികിത്സയിലായിരുന്ന സീതാറാം യെച്ചൂരി ഇന്ന് ഉച്ചക്ക് 3.05ഓടെയാണ് അന്തരിച്ചത്. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ആഗസ്റ്റ് 19നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.