ഇടുക്കി ജില്ലയില്‍ പട്ടയഭൂമിയിലെ ഭൂവിനിയോഗവുമായി ബന്ധപ്പെട്ട പ്രതിസന്ധികള്‍ പരിഹരിക്കണം -വി.ഡി സതീശൻ

തിരുവനന്തപുരം: ഇടുക്കി ജില്ലയില്‍ പട്ടയ ഭൂമിയിലെ ഭൂവിനിയോഗവുമായി ബന്ധപ്പെട്ട പ്രതിസന്ധികള്‍ പരിഹരിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. നിയമസഭയിൽ അവതരിപ്പിച്ച സബ്മിഷനിലാണ് പ്രതിപക്ഷ നേതാവ് ഇക്കാര്യം ആവശ്യപ്പെട്ടത്.

പട്ടയ വ്യവസ്ഥകള്‍ ലംഘിച്ചുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തടയാന്‍ 2019 ആഗസ്റ്റ് 22ന് സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവിനെ തുടര്‍ന്ന് ഗുരുതരമായ പ്രശ്‌നങ്ങളാണ് ഇടുക്കി ജില്ലയിലുണ്ടായിരിക്കുന്നത്. ഈ ഉത്തരവോടെ പട്ടയ ഭൂമിയില്‍ വീടൊഴികെയുള്ള മറ്റൊരു നിര്‍മാണ പ്രവര്‍ത്തനങ്ങളും നടത്താന്‍ കഴിയാത്ത സ്ഥിതിയാണുള്ളത്. ഇത് കൂടാതെ ഭൂപതിവ് ചട്ടം ലംഘിച്ചതിന്റെ പേരിലുള്ള പരിശോധനകളും സ്ഥിതി കൂടുതല്‍ വഷളാക്കിയിട്ടുണ്ട്.

2019 ഡിസംബറില്‍ ചേര്‍ന്ന സര്‍വകക്ഷിയോഗത്തില്‍ ഭൂപതിവ് ചട്ടം ഭേദഗതി ചെയ്യുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിരുന്നു. ഭൂപതിവ് ചട്ടലംഘനത്തിന്റേ പേരിലുള്ള പരിശോധന നിര്‍ത്തിവെക്കുമെന്നും മുഖ്യമന്ത്രി ഇടുക്കി സന്ദര്‍ശനവേളയില്‍ പ്രഖ്യാപിച്ചിരുന്നു. ഈ പ്രഖ്യാപനത്തിന്റെ പത്ത് ദിവസം കഴിഞ്ഞപ്പോള്‍ പരിശോധനകള്‍ കര്‍ശനമാക്കണമെന്ന് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ ഉത്തരവിറങ്ങി. സര്‍ക്കാര്‍ ഭൂമി കൈയ്യേറി നടക്കുന്ന നിര്‍മാണങ്ങളെയും പട്ടയ ഭൂമിയിലെ നിര്‍മാണങ്ങളെയും ഒരേ ഗണത്തില്‍പ്പെടുത്തിയാണ് പരിശോധന നടത്തുന്നതെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.

പട്ടയ നടപടികള്‍ പാതി വഴിയില്‍ നില്‍ക്കേ ഇടുക്കി ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന 6 ഭൂ പതിവ് ഓഫീസുകളില്‍ 5 എണ്ണം 2023 മാര്‍ച്ച് 31 ഓടെ അടച്ചു പൂട്ടാനുള്ള സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിക്കണം. 43000 അപേക്ഷകര്‍ക്ക് ജില്ലയില്‍ പട്ടയം നല്‍കുവാനുണ്ടന്നാണ് കണക്കുകള്‍ വ്യകതമാക്കുന്നത്. കൂടാതെ വ്യാപാര സ്ഥാപനങ്ങള്‍, ഉപേക്ഷിക്കപ്പെട്ട പദ്ധതി പ്രദേശങ്ങള്‍, 10 ചെയിന്‍, 3 ചെയിന്‍, മേഖലകളിലും പട്ടയം നല്‍കുകൂനുണ്ട്. ജില്ലയിലെ പട്ടയ നടപടികള്‍ പൂര്‍ത്തിയാക്കുന്നത് വരെ ഭൂ പതിവ് ഓഫീസുകളുടെ പ്രവര്‍ത്തനം തുടരാന്‍ സര്‍ക്കാര്‍ അനുവദിക്കണം.

Tags:    
News Summary - VD Satheesan raises land issues from Idukki in kerala Assembly

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.