കൊച്ചി: വർഗീയ ചേരിതിരിവ് ഉണ്ടാക്കുന്ന ബി.ജെ.പിയുടെ ശൈലി കോൺഗ്രസ് ഏറ്റെടുത്തെന്ന സി.പി.എം സംസ്ഥാന ആക്ടിങ് സെക്രട്ടറി എ. വിജയരാഘവന്‍റെ പ്രസ്താവനയെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സി.പി.എം സംസ്ഥാന സെക്രട്ടറി ഈ നാട്ടിലല്ലേ ജീവിക്കുന്നതെന്ന് സതീശൻ ചോദിച്ചു. ഇവിടെ നടക്കുന്നതൊന്നും കാണുന്നില്ലേ. വിവാദ വിഷയത്തിൽ സ്വന്തമായ അഭിപ്രായം പോലും സി.പി.എം സെക്രട്ടറിക്കില്ല. സ്വന്തം അഭിപ്രായം വിജയരാഘവൻ പറഞ്ഞാൽ അതിന് മറുപടി പറയാമെന്നും സതീശൻ വ്യക്തമാക്കി.
വിവാദത്തെ കുറിച്ച് സി.പി.എമ്മിനും ഒരു നിലപാടില്ല. രണ്ട് സമുദായങ്ങളെ തമ്മിൽ ഭിന്നിപ്പിക്കുക എന്നത് സംഘ്പരിവാറിന്‍റെ അജണ്ടയാണ്. ഈ സംഘർഷം കുറച്ചുകാലം കൂടി തുടരട്ടെ എന്നാണ് സി.പി.എം നയം. വർഗീയ കലാപം എന്താണെന്നതിന്‍റെ അർഥം വിജയരാഘവൻ അന്വേഷിക്കണമെന്നും സതീശൻ ചൂണ്ടിക്കാട്ടി.
വർഗീയ സംഘർഷം ഇല്ലാതാക്കാൻ ഒരു ശ്രമവും സർക്കാർ നടത്താത്ത പശ്ചാത്തലത്തിലാണ് കെ.പി.സി.സിയുടെ നേതൃത്വത്തിൽ ചർച്ച നടത്തിയത്. പ്രശ്നപരിഹാരത്തിന് സർക്കാർ തയാറായാൽ അതിനെ പ്രതിപക്ഷം പിന്തുണക്കും. താമരശ്ശേരി രൂപതയുടെ കൈപ്പുസ്തകവുമായി ബന്ധപ്പെട്ട വിവാദം എം.കെ. മുനീറിന്‍റെ നേതൃത്വത്തിൽ ചർച്ചയിലൂടെ പരിഹരിച്ചു. ഈ പ്രശ്നപരിഹാരത്തിന് സർക്കാറിന്‍റെ ഒരു പ്രതിനിധിയെയും കണ്ടില്ല. പ്രശ്നം പരിഹരിച്ചില്ലായിരുന്നെങ്കിൽ ഗുരുതര പ്രത്യാഘാതം ഉണ്ടാകുമായിരുന്നു. യു.ഡി.എഫ് വർഗീയ കലാപമുണ്ടാക്കനല്ല പോയതെന്നും കൈ കൊടുത്താണ് പിരിഞ്ഞതെന്നും സതീശൻ പറഞ്ഞു.
ഏത് ആരോപണത്തെ കുറിച്ചും അന്വേഷണം നടത്തേണ്ടത് സർക്കാറാണ്. അന്വേഷണം നടത്തി സത്യാവസ്ഥ സർക്കാർ ജനങ്ങളെ ബോധ്യപ്പെടുത്തട്ടെ. ഇക്കാര്യം പ്രതിപക്ഷം ആദ്യം പറഞ്ഞതാണ്. സമൂഹമാധ്യമങ്ങളിലൂടെ വർഗീയ വിദ്വേഷം പ്രചരിപ്പിക്കുന്നതിനെതിരെ നടപടി സ്വീകരിക്കാത്ത ഏക സർക്കാർ കേരളത്തിലേതാണ്. വിദ്വേഷം പ്രചാരണത്തെ പ്രോത്സാഹിപ്പിക്കുകയാണ്. വെള്ളത്തിന് തീപിടിപ്പിക്കുന്ന വിദ്വേഷ പ്രചരണമാണ് സമൂഹ മാധ്യമങ്ങളിൽ നടക്കുന്നത്. സർക്കാർ കൈയും കെട്ടി കണ്ണുംപൂട്ടി ഇരിക്കുകയാണെന്നും സതീശൻ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.