വികസനപ്രവര്‍ത്തനങ്ങള്‍ കാലാവസ്ഥാ വ്യതിയാനത്തെ അടിസ്ഥാനപ്പെടുത്തിയുള്ളതാകണമെന്ന് വി.ഡി സതീശൻ

തിരുവനന്തപുരം: വികസനപ്രവര്‍ത്തനങ്ങള്‍ കാലാവസ്ഥാ വ്യതിയാനത്തെ അടിസ്ഥാനപ്പെടുത്തിയുള്ളതാകണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. തലസ്ഥാന നഗരിയില്‍ വീടുകള്‍ ഉള്‍പ്പെടെ വെള്ളത്തിനടിയിലായ അതേ ദിവസമാണ് സംസ്ഥാനത്ത് കെ- റെയില്‍ വന്നേ മതിയാകൂവെന്ന് സി.പി.എം സെക്രട്ടറി എം.വി ഗോവിന്ദന്‍ പറഞ്ഞത്. ഒറ്റ രാത്രി മഴ പെയ്തപ്പോള്‍ ഇതാണ് സ്ഥിതിയെങ്കില്‍ 300 കിലോ മീറ്റര്‍ ദൂരത്തില്‍ എംബാങ്‌മെന്റും 200 കിലോ മീറ്റര്‍ ദൂരത്തില്‍ പത്ത് അടി ഉയരത്തില്‍ രണ്ട് വശത്തും മതിലും കെട്ടിയാല്‍ എന്തായിരിക്കും കേരളത്തിലെ അവസ്ഥയെന്ന് അദ്ദേഹം ചോദിച്ചു.




സംസ്ഥാനത്തെ എല്ലാ വികസനപ്രവര്‍ത്തനങ്ങളും കാലാവസ്ഥാ വ്യതിയാനത്തെ അടിസ്ഥാനപ്പെടുത്തിയാണ് രൂപകല്‍പന ചെയ്യേണ്ടത്. 2018- ലെ പ്രളയത്തിന് ശേഷം വെള്ളക്കെട്ട് ഒഴിവാക്കാന്‍ നടപടികള്‍ സ്വീകരിക്കുമെന്നും ഡച്ച് മോഡല്‍ കൊണ്ടുവരുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ഇതാണോ മുഖ്യമന്ത്രി പറഞ്ഞ ഡച്ച് മോഡല്‍? ഒറ്റ രാത്രിയിലെ മഴയിലാണ് തിരുവനന്തപുരത്തെ പാവങ്ങള്‍ മുഴുവന്‍ ദുരിതാശ്വാസ ക്യാമ്പുകളിലായത്.




ദുരിതത്തില്‍പ്പെട്ടവര്‍ക്ക് വീട് താമസയോഗ്യമാക്കുന്നത് ആവശ്യമായ അടിയന്തിര ധനസഹായം സര്‍ക്കാര്‍ നല്‍കണം. വെള്ളപ്പൊക്കം ഒഴിവാക്കുന്നതിന് ആവശ്യമായ സമഗ്ര നടപടികളും സ്വീകരിക്കണം.

കാലാവസ്ഥ പ്രവചനം കുറ്റമറ്റതാക്കാന്‍ കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയുടെ വൈദഗ്ധ്യം പ്രയോജനപ്പെടുത്താന്‍ സര്‍ക്കാര്‍ ഇനിയെങ്കിലും തയാറാകണം. മഴ പെയ്താല്‍ എവിടെയാണ് വെള്ളം പൊങ്ങുന്നതെന്ന് കണ്ടെത്താനുള്ള സാങ്കേതിക സംവിധാനം ഇന്ന് നിലവിലുണ്ട്. എന്നിട്ടും സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്നത് സങ്കടകരമാണ്. ജനങ്ങളെ ബാധിക്കുന്ന പ്രശ്‌നങ്ങളൊന്നും സര്‍ക്കാരിന്റെ മുന്‍ഗണനാ പട്ടികയില്‍ പോലുമില്ലെന്ന് വി.ഡി സതീശൻ പറഞ്ഞു. കുന്നുകുഴി സ്‌കൂളിലെ ദുരിതാശ്വാസ കാമ്പും മഴയില്‍ നാശനഷ്ടങ്ങളുണ്ടായ കടകംപള്ളി മേഖലയിലും പ്രതിപക്ഷ നേതാവ് സന്ദര്‍ശനം നടത്തി.


Tags:    
News Summary - VD Satheesan said that development activities should be based on climate change

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.