നികുതി പിരിവിലെ പരാജയവും കെടുകാര്യസ്ഥതയും ധൂര്‍ത്തും അടക്കമാണ് പ്രതിസന്ധിയിലേക്ക് എത്തിച്ചതെന്ന് വി.ഡി സതീശൻ

തിരുവനന്തപുരം: നികുതി പിരിവിലെ പരാജയവും കെടുകാര്യസ്ഥതയും ധൂര്‍ത്തും ഉള്‍പ്പെടെ നിരവധി കാരങ്ങളാണ് സംസ്ഥാനത്തെ ഈ പ്രതിസന്ധിയിലേക്ക് എത്തിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ചരിത്രത്തില്‍ ഇന്നുവരെ ഉണ്ടായിട്ടില്ലാത്ത അത്രയും ഗുരുതരമാ ധനപ്രതിസന്ധിയിലൂടെയാണ് സംസ്ഥാനം കടന്നു പോകുന്നതെന്നും ഡല്‍ഹി സമരത്തില്‍ യു.ഡി.എഫ് പങ്കെടുക്കില്ലെന്ന് അറിയിച്ച് മുഖ്യമന്ത്രിക്ക് നൽകിയ കത്തിൽ പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.

ധനപ്രതിസന്ധിയുടെ കാരണം സംസ്ഥാന സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയും അഴിമതിയും ധൂര്‍ത്തും ആണെന്നിരിക്കെ സര്‍ക്കാരുമായി ചേര്‍ന്നുള്ള ഒരു സമരവും വേണ്ടെന്നാണ് ഇന്നലെ ചേര്‍ന്ന് യു.ഡി.എഫ് യോഗം ഏകകണ്ഠമായി തീരുമാനിച്ചത്.

നികുതി ഭരണത്തിലെ കെടുകാര്യസ്ഥത ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുണ്ട്. ഇക്കാര്യങ്ങള്‍ രണ്ട് ധവളപത്രങ്ങളിലൂടെ പ്രതിപക്ഷം ചൂണ്ടിക്കാട്ടിയതും മുന്നറിയിപ്പ് നല്‍കിയിരുന്നതുമാണ്. അന്നൊന്നും പ്രതിപക്ഷ വാദങ്ങള്‍ മുഖവിലയ്‌ക്കെടുക്കാതിരുന്ന സര്‍ക്കാര്‍, ലോക്‌സഭ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കെ പ്രതിപക്ഷത്തെ ചര്‍ച്ചക്ക് വിളിച്ചതിന് പിന്നില്‍ സംസ്ഥാന താല്‍പര്യം മാത്രമല്ല രാഷ്ട്രീയ താല്‍പര്യവും ഉണ്ടെന്ന് യു.ഡി.എഫ് സംശയിക്കുന്നു.

ജി.എസ്.ടിക്ക് അനുസൃതമായി നികുതി ഭരണ സംവിധാനം പരിഷ്‌ക്കരിക്കാത്തതും ഐ.ജി.എസ്.ടി പൂളില്‍ നിന്നുള്ള വരുമാനം നഷ്ടപ്പെടുത്തുന്നതും സ്വര്‍ണം, ബാര്‍ എന്നിവയില്‍ നിന്നും നികുതി പിരിക്കാന്‍ പരാജയപ്പെട്ടതുമാണ് ധനപ്രതിസന്ധിയുടെ മുഖ്യകാരണങ്ങള്‍. വന്‍കിട പദ്ധതികളുടെ പേരില്‍ നടക്കുന്ന അഴിമതിയും ധൂര്‍ത്തും ധനപ്രതിസന്ധിക്ക് ആക്കം കൂട്ടിയിട്ടുണ്ട്.

സര്‍ക്കാരിന്റെയും നികുതി വകുപ്പിന്റെയും ഒത്താശയോടെയാണ് നികുതി വെട്ടിപ്പ് നടക്കുന്നത്. ജി.എസ്.ടിയുടെ ഏറ്റവും വലിയ ഗുണഭോക്താവാകേണ്ടിയിരുന്ന കേരളത്തെ നികുതി വെട്ടിപ്പുകാരുടെ പറുദീസയാക്കി മാറ്റി. നികുതി ഭരണസംവിധാനം പൂര്‍ണമായും പരാജയപ്പെട്ടു.

വിഭവ സമാഹരണത്തിന് ഒരു നടപടിയും സ്വീകരിക്കാതെ കടമെടുപ്പ് മാത്രം ആശ്രയിച്ചാണ് ഇക്കഴിഞ്ഞ ഏഴ് വര്‍ഷവും അങ്ങയുടെ സര്‍ക്കാര്‍ മുന്നോട്ട് പോയത്. യു.ഡി.എഫ് പുറത്തിറക്കിയ രണ്ടു ധവളപത്രങ്ങളിലും ഇത് സംബന്ധിച്ച മുന്നറിയിപ്പ് നല്‍കിയിട്ടും അവഗണിച്ചു.

നികുതി പിരിവ് കാര്യക്ഷമമാക്കുന്നതിന് പകരം എല്ലാ നികുതിയും വര്‍ധിപ്പിച്ചും സെസ് ഏര്‍പ്പെടുത്തിയും ധനപ്രതിസന്ധി മറികടക്കാനുള്ള കുറുക്കുവഴിയാണ് സ്വീകരിച്ചത്. എന്നാല്‍ പ്രതിപക്ഷം മുന്നറിയിപ്പ് നല്‍കിയത് പോലെ ഇത് വിപരീതഫലമാണ് ഉണ്ടാക്കിയിരിക്കുന്നത്. രണ്ടു രൂപ സെസ് ഏര്‍പ്പെടുത്തിയതോടെ ഡീസലിന്റെ ഉപഭോഗം കുറഞ്ഞു. ഇതിലൂടെ നേരത്തെ ലഭിച്ചുകൊണ്ടിരുന്ന വരുമാനവും ഇല്ലാതായി. വിലക്കയറ്റത്തിന് പുറമെ അമിത നികുതി ഭാരം കൂടി അടിച്ചേല്‍പ്പിച്ചതോടെ ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാനാകാതെ ജനംവീര്‍പ്പ് മുട്ടുകയാണെന്നത് കൂടി സര്‍ക്കാര്‍ കാണണം.

ജി.എസ്.ടി നടപ്പിലാക്കുമ്പോള്‍ ഉപഭോക്തൃ സംസ്ഥാനം എന്ന നിലയില്‍ ഏറ്റവും കൂടുതല്‍ ആനുകൂല്യം ലഭിക്കേണ്ട സംസ്ഥാനമാണ് കേരളം. എന്‍.എസ്.എസ്.ഒ സാംപിള്‍ സര്‍വെ പ്രകാരം രാജ്യത്ത് ഏറ്റവും കൂടുതല്‍ ചരക്കു സേവനം ഉപയോഗിക്കുന്ന സംസ്ഥാനവും കേരളമാണ്. കേരളത്തിലെ 80 ശതമാനം ഉല്‍പന്നങ്ങളും അന്യസംസ്ഥാനത്തു നിന്നോ വിദേശത്തു നിന്നോ എത്തുന്നതാണ്. അതുകൊണ്ടു തന്നെ ഇവക്ക് അന്തര്‍ സംസ്ഥാന നികുതി അഥവാ ഐ.ജി.എസ്.ടിയാണ് ബാധകമാണ്.

കേരളം നേരിടുന്ന എല്ലാ ധനപ്രതിസന്ധിക്കും കാരണം കേന്ദ്രത്തിന്റെ അവഗണനയാണെന്ന നരേറ്റീവിനോട് യോജിക്കാനാകില്ലെന്ന നിലപാട് യു.ഡി.എഫ് യോഗത്തില്‍ തന്നെ വ്യക്തമാക്കിയിരുന്നു. ധനപ്രതിസന്ധിക്കുള്ള നിരവധി കാരണങ്ങളില്‍ ഒന്നു മാത്രമാണ് കേന്ദ്രാവഗണനയെന്നും സതീശൻ പറഞ്ഞു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.