കൊല്ലം : ജോണി നെല്ലൂര്‍ അത്രയും പ്രധാനപ്പെട്ട നേതാവല്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. അദ്ദേഹത്തിന്റെ കേരള കോണ്‍ഗ്രസില്‍ നിന്നുള്ള രാജി യു.ഡി.എഫിനെ ബാധിക്കില്ല. വര്‍ഷങ്ങളായി അദ്ദേഹം യു.ഡി.എഫുമായി സഹകരിക്കാറില്ല. അഭിപ്രായ വ്യത്യാസത്തിന്റെ ഭാഗമായി പലരും രാജിവയ്ക്കും. അതൊന്നും പാര്‍ട്ടിയെ ബാധിക്കില്ല. ജോണി നെല്ലൂര്‍ കേരള കോണ്‍ഗ്രസ് പ്രതിനിധിയായാണ് യു.ഡി.എഫിലെത്തിയത്. അദ്ദേഹം പാര്‍ട്ടിയില്‍ നിന്ന് രാജിവച്ച സാഹചര്യത്തില്‍ കേരള കോണ്‍ഗ്രസ് മറ്റൊരു പ്രതിനിധിയെ യു.ഡി.എഫ് യോഗത്തിലേക്ക് അയക്കും. വര്‍ഗീയ-ഫാസിസ്റ്റ് വിരുദ്ധ നിലപാട് സ്വീകരിക്കുന്നവര്‍ക്ക് മാത്രമെ യു.ഡി.എഫില്‍ നില്‍ക്കാനാകൂവെന്ന്ന്നും സതീശൻ പറഞ്ഞു.
സി.പി.എമ്മില്‍ നിന്നും എത്രയോ പേര്‍ രാജിവച്ചിട്ടുണ്ട്. തെറ്റായ കാര്യം ചെയ്തതിന് പാര്‍ട്ടി നടപടിയെടുത്ത ആളാണ് ബാബു ജോര്‍ജ്. ബി.ജെ.പിയും മറ്റു രാഷ്ട്രീയ പാര്‍ട്ടികളും വിളിക്കുമ്പോള്‍ പോകുന്നവരുണ്ടെങ്കില്‍ അവര്‍ കേരള കോണ്‍ഗ്രസുകാരോ കോണ്‍ഗ്രസുകാരോ അല്ല. സത്യസന്ധമായി വര്‍ഗീയ- ഫാസിസ്റ്റ് വിരുദ്ധ നിലപാട് സ്വീകരിക്കുന്നവര്‍ക്ക് മാത്രമെ യു.ഡി.എഫില്‍ നില്‍ക്കാനാകൂ.
ബി.ജെ.പി നേതാക്കള്‍ അരമനകളില്‍ പോകുന്നതിനെതിരെ യു.ഡി.എഫ് റോഡിലിറങ്ങി സമരം ചെയ്യണോ? രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ നേതാക്കളെ അരമനകളില്‍ കയറ്റാന്‍ പാടില്ലെന്ന് പറയണോ? രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ നേതാക്കള്‍ പല സ്ഥലങ്ങളിലും പോകും. എല്ലാ രാഷ്ട്രീയ പാര്‍ട്ടിയുടെ നേതാക്കളും എല്ലായിടത്തും പോകാറുണ്ട്. രാജ്യവ്യാപകമായി ക്രൈസ്തവര്‍ക്കെതിരെ അക്രമം നടത്തുന്നവരാണ് ബി.ജെ.പിയും സംഘപരിവാറുമെന്ന് സഭാ നേതൃത്വത്തെയും ക്രൈസ്തവരെയും ഓര്‍മ്മിപ്പിക്കുകയാണ് യു.ഡി.എഫ് ചെയ്തത്.
ക്രൈസ്തവരെ സംഘപരിവാര്‍ രാജ്യവ്യാപകമായി ആക്രമിക്കുന്നതിനെതിരെയാണ് ജന്ദര്‍മന്ദറില്‍ 71 ക്രൈസ്തവ സംഘടനകള്‍ പ്രതിഷേധിച്ചത്. ആക്രമണങ്ങള്‍ക്കെതിരെ ക്രൈസ്തവ സംഘടനകള്‍ സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്. 598 ദേവാലയങ്ങളാണ് സംഘപരിവാര്‍ സംഘടനകള്‍ ആക്രമിച്ചത്. ക്രൈസ്തവ ദേവാലയങ്ങള്‍ ആക്രമിക്കുന്നതിനെതിരെ 94 മുന്‍ ബ്യൂറോക്രാറ്റുകള്‍ പ്രധാനമന്ത്രിക്ക് കത്തെഴുതി.
ആക്രമണങ്ങള്‍ക്കെതിരെ കഴിഞ്ഞ ദിവസവും ഡല്‍ഹിയിലും ബോംബെയിലും സമരം നടന്നു. ക്രൈസ്തവ ദേവാലയങ്ങള്‍ക്കും വിശ്വാസികള്‍ക്കുമെതിരെ ആക്രമണങ്ങള്‍ അഴിച്ച് വിടുന്ന പാര്‍ട്ടിയാണ് ബി.ജെ.പിയും സംഘപരിവാറും. അങ്ങനെയുള്ളവര്‍ ഇപ്പോള്‍ അരമനകളില്‍ കയറിയിറങ്ങുന്നത് ആട്ടിന്‍ തോലിട്ട ചെന്നായ്ക്കളെ പോലെയാണ്.
രാജ്യത്തെ സാഹചര്യം ഇതാണെന്നാണ് യു.ഡി.എഫ് ക്രൈസ്തവ സഭകളെയും വിശ്വാസികളെയും ഓര്‍മ്മിപ്പിക്കുന്നത്. ഓര്‍ത്തഡോക്‌സ് മാര്‍ത്തോമ, ലത്തീന്‍ ഉള്‍പ്പെടെയുള്ള സഭ അധ്യക്ഷന്‍മാരും ഇക്കാര്യത്തില്‍ വ്യക്തമായ അഭിപ്രായം പറഞ്ഞിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.