പൗരത്വ നിയമത്തില്‍ മുഖ്യമന്ത്രിയുടേത് കാപട്യമാണെന്ന് ജനങ്ങള്‍ക്ക് അറിയാമെന്ന് വി.ഡി സതീശൻ

തിരുവനന്തപുരം: പൗരത്വ നിയമത്തില്‍ മുഖ്യമന്ത്രിയുടേത് കാപട്യമാണെന്ന് ജനങ്ങള്‍ക്ക് അറിയാമെന്ന് പ്രതിപക്ഷ വി.ഡി സതീശൻ. പൗരത്വ നിയമം സംബന്ധിച്ച് കോണ്‍ഗ്രസ് പ്രകടന പത്രികയുടെ പേജ് എട്ടില്‍ പറയുന്നുണ്ട്. ഭാഷാ ന്യൂനപക്ഷങ്ങളുടെയും മത ന്യൂനപക്ഷങ്ങള്‍ക്കുമുള്ള സംരക്ഷണത്തെ കുറിച്ച് പ്രകടനപത്രികയിലുണ്ട്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ഭണഘടനാ വ്യവസ്ഥ ലംഘിച്ച് ഉണ്ടാക്കിയ നിയമങ്ങളെല്ലാം കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയാല്‍ റദ്ദാക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ പൗരത്വം നിയമം റദ്ദാക്കുമെന്ന് അസമില്‍ രാഹുല്‍ ഗാന്ധിയും വ്യക്തമാക്കിയിട്ടുണ്ട്. ഭരണഘടനയുടെ അടിസ്ഥാനമ്യൂല്യങ്ങളെ റദ്ദാക്കുന്ന നിയമങ്ങളൊക്കെ റദ്ദാക്കും. കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയാല്‍ പൗരത്വ നിയമവും റദ്ദാക്കും. പൗരത്വ നിയമം മാത്രമെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് അജണ്ടയില്‍ ഉണ്ടാകാന്‍ പാടുള്ളൂ എന്ന ലക്ഷ്യമാണ് മുഖ്യമന്ത്രിയുടേത്. സര്‍ക്കാരിന് എതിരായ ജനരോഷവും അമര്‍ഷവും ഒന്നും ചര്‍ച്ച ചെയ്യപ്പെടാതിരിക്കാനാണ് പൗരത്വ നിയമത്തെ കുറിച്ച് മാത്രം പറയുന്നത്.

ഇത്രയും സ്‌നേഹമുണ്ടെങ്കില്‍ എന്തുകൊണ്ടാണ് സി.എ.എ പ്രക്ഷോഭങ്ങള്‍ക്ക് എതിരായ കേസുകള്‍ പിന്‍വലിക്കാത്തതെന്ന് വി.ഡി സതീശൻ ചോദിച്ചു. ബി.ജെ.പിയെ പ്രീണിപ്പിക്കുന്നതിന് വേണ്ടിയാണ് പിണറായി വിജയന്‍ സി.എ.എ കേസുകള്‍ പിന്‍വലിക്കാത്തത്. മുഖ്യമന്ത്രിക്ക് ഒരു ആത്മാര്‍ത്ഥതയുമില്ല. കാപട്യമാണെന്ന് ജനങ്ങള്‍ക്ക് അറിയാം. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായ അമര്‍ഷമാണ് ഞങ്ങള്‍ ചര്‍ച്ച ചെയ്യുന്നത്.

കേരള സ്റ്റോറി കേരളത്തെ അപമാനിക്കുന്നതിന് വേണ്ടി ഉണ്ടാക്കിയ കഥയാണ്. കേരളത്തില്‍ ഇല്ലാത്ത കാര്യം ഉണ്ടെന്ന് വരുത്താനുള്ള ശ്രമത്തോട് കോണ്‍ഗ്രസിനും യു.ഡി.എഫിനും യോജിപ്പില്ല. ഭൂരിപക്ഷ ന്യൂനപക്ഷ വര്‍ഗീയതകളെ യു.ഡി.എഫ് ഒരു പോലെ എതിര്‍ക്കും. കേരള രാഷ്ട്രീയത്തില്‍ ഇത്രയും ധീരമായ നിലപാട് ഒരു രാഷ്ട്രീയ പാര്‍ട്ടികളും അര നൂറ്റാണ്ടിനിടെ സ്വീകരിച്ചിട്ടില്ല. സി.പി.എം ആയിരുന്നു ഇത്തരമൊരു നിലപാട് എടുത്തിരുന്നതെങ്കില്‍ മാധ്യമങ്ങള്‍ ആഘോഷിച്ചേനെ.

ശശി തരൂര്‍ കേരളത്തിലെ കോണ്‍ഗ്രസിന്റെ അഭിമാനമാണ്. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഹൃദയത്തിലാണ് അദ്ദേഹത്തിന്റെ സ്ഥാനം. ശശി തരൂരിനെ കൂകി വിളിച്ചത് സി.പി.എമ്മുകാരാണ്. ഒന്നുകില്‍ ബോംബ് ഉണ്ടാക്കും. അതുപറ്റിയില്ലെങ്കില്‍ കൂകും. ബി.ജെ.പിയുടേത് ഏറ്റവും ബെസ്റ്റ് സ്ഥാനാർഥിയാണെന്ന് പറഞ്ഞത് ആരാണ്? തിരുവനന്തപുരത്ത് എല്‍.ഡി.എഫിന് സ്ഥാനാർഥിയുണ്ടോ? എല്‍.ഡി.എഫ് കണ്‍വീനര്‍ തിരുവനന്തപുരത്തെ ബി.ജെ.പി സ്ഥാനാർഥി മിടുമിടുക്കനാണെന്നാണ് പറഞ്ഞത്. പിണറായി അറിയാതെ ഇ.പി ജയരാജന്‍ അങ്ങനെ പറയുമോ. നാല് ബി.ജെ.പി സ്ഥാനാർഥികള്‍ മിടുക്കന്‍മാരാണെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ പറഞ്ഞതില്‍ മുഖ്യമന്ത്രിയുടെ അഭിപ്രായം ഏതെങ്കിലും മാധ്യമ പ്രവര്‍ത്തകന്‍ ചോദിച്ചോ?

കിഫ്ബിക്ക് എതിരായ പ്രതിപക്ഷ നിലപാട് ശരിയായിരുന്നെന്ന് ഇപ്പോള്‍ തെളിഞ്ഞില്ലേ. പ്രതിപക്ഷം ഉയര്‍ത്തിയ വാദങ്ങള്‍ ശരിയാണെന്നാണ് സുപ്രീം കോടതി വിധി. മുഖ്യമന്ത്രി സുപ്രീം കോടതി വിധി വായിക്കണം. 57600 കോടി കേന്ദ്രം തരാനുണ്ടെന്ന് പറഞ്ഞതും കള്ളക്കണക്കാണെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടിയിരുന്നുവെന്നും വി.ഡി സതീശൻ പറഞ്ഞു. 

Tags:    
News Summary - VD Satheesan said that the people know that the Chief Minister's is hypocritical on the Citizenship Act

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.