ഇടുക്കി: ടി.പി ചന്ദ്രശേഖരന്‍ കൊലക്കേസുമായി ബന്ധപ്പെട്ട് ഇനിയും പുറത്തുവരാത്ത ഗൂഡാലോചനകളുണ്ടെന്നു തന്നെയാണ് യു.ഡി.എഫ് വിശ്വസിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഇതുമായി ബന്ധപ്പെട്ട് കെ.കെ രമ എന്ത് നിയമ നടപടി സ്വീകരിച്ചാലും യു.ഡി.എഫും കോണ്‍ഗ്രസും പിന്തുണ നല്‍കും. ട്രഷറിയില്‍ പൂച്ച പെറ്റുകിടക്കുകയാണെന്നതിന് തെളിവാണ് എസ്.എസ്.എല്‍.സി പ്ലസ് ടു പരീക്ഷ നടത്താന്‍ പണമില്ലെന്ന് സര്‍ക്കാര്‍ പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇടുക്കി ജില്ലയുടെ സമ്പദ്ഘടനയെ പോലും ബാധിക്കുന്ന തരത്തില്‍ ഭൂമി-പട്ടയ പ്രശ്‌നങ്ങള്‍, വന്യജീവി ശല്യം, കാര്‍ഷിക ഉല്‍പന്നങ്ങളുടെ വിലയിടിവ് തുടങ്ങിയ ജനകീയ പ്രശ്‌നങ്ങള്‍ ജനകീയ ചര്‍ച്ചാ സദസില്‍ ഉയര്‍ന്നു വന്നു. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ജില്ലയുടെ പ്രശ്‌നങ്ങള്‍ അവഗണിക്കുകയാണ്. 1964 ലെ ഭൂപതിവ് ചട്ടം അനുസരിച്ചുള്ള പട്ടയങ്ങള്‍ നല്‍കരുതെന്ന് ഹൈക്കോടതി ഉത്തരവ് ഇറക്കിയതിനെ തുടര്‍ന്ന് നാളെ വിതരണം ചെയ്യാനിരുന്ന 3000 പട്ടയങ്ങള്‍ ഒഴിവാക്കി.
കൈയേറ്റ ഭൂമിയില്‍ ഒരു പട്ടയവും നല്‍കിയിട്ടില്ലെന്നും കൈയേറ്റക്കാര്‍ ഉണ്ടാക്കിയ വ്യാജ പട്ടയങ്ങള്‍ റദ്ദാക്കിയതിന്റെ പട്ടികയും സര്‍ക്കാര്‍ കോടതിയില്‍ നല്‍കണമായിരുന്നു. അറിയപ്പെടുന്ന സി.പി.എം നേതാക്കള്‍ ആ പട്ടികയിലുള്ളത് കൊണ്ടാണ് സര്‍ക്കാര്‍ അങ്ങനെയൊരു നിലപാട് സ്വീകരിക്കാതിരുന്നത്. ഇടുക്കി മുന്‍ എം.പി കൈയേറിയ 20 ഏക്കറിന്റെ പട്ടയം സര്‍ക്കാര്‍ റദ്ദാക്കിയിരുന്നതാണ്. മുന്‍ മന്ത്രിയുടെ ബന്ധുവിന്റെയും ചിന്നക്കനാല്‍ പഞ്ചായത്ത് പ്രസിഡന്റായിരുന്ന നേതാവിന്റെയും പട്ടയം റദ്ദാക്കിയതാണ്. ഇക്കാര്യങ്ങള്‍ കോടതിയെ ബോധ്യപ്പെടുത്തിയിരുന്നെങ്കില്‍ 3000 പേര്‍ക്ക് കൂടി പട്ടയം നല്‍കാമായിരുന്നു.
പട്ടയവുമായി നിരവധി പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഇപ്പോള്‍ പാസാക്കിയ നിയമത്തിന് ചട്ടം വന്നിട്ടില്ല. ഫീസ് ഈടാക്കാന്‍ ശ്രമിച്ചാല്‍ ഗുരുതര ഭവിഷ്യത്ത് ഉണ്ടാകുമെന്ന ആശങ്ക യു.ഡി.എഫ് നിയമസഭയില്‍ ഉന്നയിച്ചിട്ടുണ്ട്. പട്ടയ ഭൂമിയില്‍ ഇനിയും നിര്‍മ്മിതികള്‍ വന്നാല്‍ വില്ലേജ് ഓഫീസ് മുതല്‍ കലക്ട്രേറ്റ് വരെ കയറി ഇറങ്ങേണ്ടി വരും. റവന്യൂ ഓഫീസുകള്‍ കയറി ഇറങ്ങേണ്ടി വരുന്ന ഇടുക്കിയിലെ ജനങ്ങളുടെ ഗതികേട് ഒരിക്കലും അവസാനിക്കാത്ത രീതിയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്.
ചിന്നക്കനാലില്‍ വനഭൂമിയായി പ്രഖ്യാപിച്ച സ്ഥലം ഡീ നോട്ടിഫൈ ചെയ്യാനുള്ള ഒരു നടപടിയും ഇതുവരെ സ്വീകരിച്ചിട്ടില്ല. സി.പി.എം നേതാക്കള്‍ ഇടുക്കിയില്‍ വന്ന് പറയുന്നതിന് വിരുദ്ധമായ നിലപാടാണ് സര്‍ക്കാര്‍ പ്ലീഡര്‍മാര്‍ കോടതിയില്‍ സ്വീകരിക്കുന്നത്. വന്യമൃഗ ശല്യത്തില്‍ കാര്‍ഷിക നാശവും ജീവഹാനിയും ഉണ്ടായ 7000 കുടുംബങ്ങള്‍ക്ക് ഇതുവരെ നഷ്ടപരിഹാരം നല്‍കിയിട്ടില്ല. പുലിയുടെ ആക്രമണത്തില്‍ കൈ തളര്‍ന്നു പോയ ഗോപാലനും നഷ്ടപരിഹാരം ലഭിച്ചിട്ടില്ല.
വട്ടവടയിലെ പച്ചക്കറി ഹോട്ടികോര്‍പ് സംഭരിക്കുന്നില്ല. 50 ലക്ഷം രൂപയാണ് വട്ടവടയിലെ കര്‍ഷകര്‍ക്ക് നല്‍കാനുള്ളത്. വട്ടവടയിലെ പച്ചക്കറിയെന്ന് പറഞ്ഞ് ഒരു മാഫിയാ സംഘം തമിഴ്‌നാട്ടില്‍ നിന്നും പച്ചക്കറികള്‍ സംഭരിക്കുകയാണ്. വന്‍ അഴിമതിയാണ് ഹോട്ടികോര്‍പിന്റെ മറവില്‍ നടക്കുന്നത്. മറയൂര്‍ ശര്‍ക്കര പോലും ഓര്‍മ്മയായി മാറുകയാണ്. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് മറയൂരിലെ കരിമ്പ് കര്‍ഷകര്‍ക്ക് നല്‍കിയിരുന്ന സബ്‌സിഡി പോലും അവസാനിപ്പിച്ചു.
ഇടുക്കി ജില്ലയിലെ വൈവിധ്യമാര്‍ന്ന പ്രശ്‌നങ്ങള്‍ സംബന്ധിച്ച ഡോക്യുമെന്റ് യു.ഡി.എഫ് തയാറാക്കും. പ്രതിപക്ഷമെന്ന നിലയിലുള്ള പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് ഓരോ പ്രശ്‌നങ്ങള്‍ക്കും സമരം ഉള്‍പ്പെടെയുള്ള മാര്‍ഗങ്ങളിലൂടെ പരിഹാരമുണ്ടാക്കുമെന്നും വി.ഡി സതീശൻ പറഞ്ഞു.
വന്യജീവികളും മനുഷ്യനും തമ്മിലുള്ള സംഘര്‍ഷത്തില്‍ സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിക്കുന്നില്ല. 30 ലക്ഷത്തോളം പേരാണ് വനാതിര്‍ത്തികളില്‍ താമസിക്കുന്നത്. വനം മന്ത്രി നിഷ്‌ക്രിയനായി ഇരിക്കുകയാണ്. ഏറ്റവും കൂടുതല്‍ ആന ശല്യമുണ്ടായിരുന്ന വാല്‍പ്പാറയില്‍ ഇപ്പോള്‍ ഒരു ആക്രമണവുമില്ല. കേരള സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല. പശുവിനെയും ആടിനെയും വളര്‍ത്തരുതെന്ന് സര്‍ക്കാര്‍ പറഞ്ഞാല്‍ ജനങ്ങള്‍ എങ്ങനെ ജീവിക്കും? ജനങ്ങളുടെ വൈകാരിക പ്രതികരണത്തില്‍ നിന്നും രക്ഷപ്പെടാനാണ് വയനാട്ടില്‍ 50 ലക്ഷം രൂപയുടെ നഷ്ടപരിഹരം നല്‍കുമെന്ന് പറഞ്ഞത്. വന്യജീവികളും മനുഷ്യനും തമ്മിലുള്ള സംഘര്‍ഷം പരിഹരിക്കാന്‍ ഇത്തവണത്തെ ബജറ്റില്‍ 48 കോടി മാത്രമാണ് നീക്കി വച്ചിരിക്കുന്നത്. സര്‍ക്കാര്‍ ഉദാസീനമായാണ് ഈ വിഷയം കൈകാര്യം ചെയ്യുന്നത്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.