കൊച്ചി: കെ.ബി. ഗണേഷ് കുമാറിനെ മന്ത്രിയാക്കാനുള്ള തീരുമാനത്തിൽ നിന്ന് മുഖ്യമന്ത്രിയും എൽ.ഡി.എഫും പിന്മാറണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി അപകീർത്തിപ്പെടുത്താൻ ശ്രമിച്ചതിന് ഗണേഷിനെതിരെ കേസുണ്ടെന്നും വി.ഡി. സതീശൻ വ്യക്തമാക്കി.
ഉമ്മൻചാണ്ടി അപകീർത്തിപ്പെടുത്താൻ വലിയ ഗൂഢാലോചന നടന്നുവെന്ന് സി.ബി.ഐയുടെ അന്വേഷണത്തിൽ കണ്ടെത്തിയതാണ്. ആ ഗൂഢാലോചനയിലെ മുഖ്യ പങ്കാളിയാണ് ഗണേഷ്. കേരളത്തിന്റെ ഹൃദയത്തിലുള്ള ഉമ്മന്‍ ചാണ്ടിയെ അപമാനിക്കാനുള്ള ശ്രമത്തില്‍ പങ്കാളിയായ ആളെ മന്ത്രിയാക്കിയതിലൂടെ അധികാരത്തില്‍ എത്തിയതിന് പിണറായി നന്ദി പ്രകാശിപ്പിക്കുകയാണ്. സംസ്ഥാനത്ത് നൂറ് കണക്കിന് കോണ്‍ഗ്രസ് - യൂത്ത് കോണ്‍ഗ്രസ് - കെ.എസ്.യു പ്രവര്‍ത്തകര്‍ മര്‍ദ്ദനമേറ്റ് ആശുപത്രിയിലാണ്. ഈ സാഹചര്യത്തില്‍ പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ യു.ഡി.എഫ്. ബഹിഷ്‌കരിക്കുമെന്നും വി.ഡി. സതീശൻ പറഞ്ഞു.
കോൺഗ്രസ് എസിലെ രാമചന്ദ്രൻ കടന്നപ്പള്ളിയെയും കേരള കോൺഗ്രസ് ബിയിലെ കെ.ബി. ഗണേഷ്കുമാറിനെയും മന്ത്രിസഭയിലെടുക്കാൻ എൽ.ഡി.എഫ് യോഗം തീരുമാനിച്ചിരുന്നു. ഐ.എൻ.എല്ലിലെ അഹമ്മദ് ദേവർകോവിൽ, ജനാധിപത്യ കേരള കോൺഗ്രസിന്റെ ആന്റണി രാജുവും മുൻധാരണ പ്രകാരം സ്ഥാനമൊഴിഞ്ഞ പശ്ചാത്തലത്തിലാണ് ഇരുവരും മന്ത്രിമാരാകുന്നത്. എൽ.ഡി.എഫ് കൺവീനറായ ഇ.പി ജയരാജൻ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
അഹമ്മദ് ദേവർകോവിലും ആന്റണി രാജുവും ഇന്നു രാവിലെയാണ് രാജി സമർപ്പിച്ചത്. തുടർന്ന് നടന്ന ഇടതുമുന്നണി യോഗമാണ് പുനഃസംഘടനയിൽ അന്തിമ തീരുമാനമെടുത്തത്. ഡിസംബർ 29ന് പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ നടക്കും. രണ്ടാം പിണറായി സർക്കാറിൽ രണ്ടര വർഷത്തെ ധാരണയാണ് പാർട്ടികൾ തമ്മിലുണ്ടായിരുന്നത്. നവംബർ അവസാനമാണ് പുനഃസംഘടന നടക്കേണ്ടിയിരുന്നത്.
രണ്ടര വർഷം പൂർത്തിയായപ്പോൾ തന്നെ ഗണേഷ് കുമാർ മന്ത്രിസ്ഥാനത്തിനായി അവകാശവാദമുന്നയിച്ചിരുന്നു. എന്നാൽ, നവകേരള സദസിന് ശേഷം മതി മന്ത്രിസഭ പുനഃസംഘടനയെന്ന് മുഖ്യമന്ത്രി നിലപാടെടുക്കുകയായിരുന്നു. അഹമ്മദ് ദേവർകോവിൽ കൈകര്യം ചെയ്തിരുന്ന തുറമുഖ വകുപ്പ് രാമചന്ദ്രൻ കടന്നപ്പള്ളിക്കും ആന്റണി രാജുവിന്റെ ഗതാഗത വകുപ്പ് ഗണേഷ് കുമാറിനും നൽകിയേക്കുമെന്നാണ് റിപ്പോർട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.