മാര്‍ കൂറിലോസിനെ വിവരദോഷിയെന്ന് വിളിച്ച പിണറായി വിജയന്റെ പ്രതികരണം തരംതാണതെന്ന് വി.ഡി സതീശൻ

ഡെല്‍ഹി: മാര്‍ കൂറിലോസിനെ വിവരദോഷിയെന്ന് വിളിച്ച പിണറായി വിജയന്റെ പ്രതികരണം തരംതാണതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. തിരഞ്ഞെടുപ്പ് ഫലം മുഖ്യമന്ത്രിയെ സി.പി.എമ്മിനെയും ഒരുപാട് പാഠങ്ങള്‍ പഠിപ്പിക്കുമെന്നാണ് കരുതിയത്. എന്നാല്‍ ഒരു തിരുത്തലിനും തയാറാകില്ലെന്ന പ്രഖ്യാപനമാണ് ബിഷപ്പ് മാര്‍ കൂറിലോസിനെ വിരവദോഷിയെന്ന് വിശേഷിപ്പിച്ചു കൊണ്ട് മുഖ്യമന്ത്രി നടത്തിയത്.

പൗരനെന്ന നിലയില്‍ ബിഷപ്പിന് സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ സ്വാതന്ത്ര്യമില്ലേ? ഇത്രയും കനത്ത ആഘാതം ജനങ്ങളില്‍ നിന്നും കിട്ടിയിട്ടും വിമര്‍ശിക്കുന്നവരെല്ലാം വിവരദോഷികളാണെന്ന് പറയാനുള്ള ധാര്‍ഷ്ട്യം പിണറായി വിജയന്‍ മാറ്റിയിട്ടില്ല. ആ ധാര്‍ഷ്ട്യം മാറ്റരുതെന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. ഒരു തിരുത്തലും വരുത്താതെ ഇതുപോലെ തന്നെ പോകണം. കാലം കാത്തുവച്ച നേതാവാണ് പിണറായി വിജയനെന്ന് ഒരുകാലത്ത് പറഞ്ഞ ആളാണ് മാര്‍ കൂറിലോസ്. അന്ന് അതിനെ പ്രോത്സാഹിപ്പിക്കുകയും പിന്തുണക്കുകയും ചെയ്തു.

അപ്രിയങ്ങളായ സത്യങ്ങള്‍ പറയുന്നതും കേള്‍ക്കുന്നതും ദുര്‍ലഭമായ ആളുകളായിരിക്കുമെന്നും പ്രിയങ്ങളായ കാര്യങ്ങള്‍ പറയാന്‍ ഒരുപാടു പേരുണ്ടാകുമെന്നും മഹാഭാരതത്തില്‍ ധൃതരാഷ്ട്രരോട് വിദുരര്‍ പറയുന്നുണ്ട്. ചുറ്റുമുള്ള ഉപജാപകസംഘത്തിന്റെ ഇരട്ടച്ചങ്കന്‍, കാരണഭൂതന്‍ വിളികള്‍ കേട്ട് മുഖ്യമന്ത്രി കോള്‍മയിര്‍ കൊള്ളുകയാണ്. ഇടത്തോട്ട് ഇന്‍ഡിക്കേറ്റര്‍ ഇട്ട് വലത്തോട്ട് വണ്ടി ഓടിക്കുന്ന സര്‍ക്കാരും മുഖ്യമന്ത്രിയും തീവ്ര വലതുപക്ഷ നിലപാടിലേക്കാണ് പോകുന്നതെന്നാണ് കൂറിലോസ് പറഞ്ഞത്.

അപ്രിയങ്ങളായ സത്യങ്ങള്‍ കേള്‍ക്കാനും വിമര്‍ശനങ്ങള്‍ ഉള്‍ക്കൊള്ളാനാകില്ലെന്നും ആരും തിരുത്താന്‍ വരേണ്ടെന്നുമാണ് മുഖ്യമന്ത്രിയുടെ ഇന്നലത്തെ വാക്കുകളിലൂടെ വ്യക്തമായത്. നികൃഷ്ടജീവി, പരനാറി, വിവരദോഷി തുടങ്ങി നിരവധി വാക്കുകളാണ് മുഖ്യമന്ത്രി നിഘണ്ടുവിലേക്ക് സംഭവാന ചെയ്തത്. കേരളത്തിന്റെ മുഖ്യമന്ത്രിയാണ് ഇതൊക്കെ പറയുന്നതെന്ന് ആലോചിക്കണം.

പുരോഗമനപരമായ കാര്യങ്ങള്‍ പറയുകയും കേരളം ആദരവോടെ കാണുകും ചെയ്യുന്ന ഒരാള്‍ തിരഞ്ഞെടുപ്പിന് ശേഷം വിമര്‍ശിച്ചപ്പോള്‍ മുഖ്യമന്ത്രി നടത്തിയ പ്രതികരണം എത്ര തരംതാണതാണ്. ഇത് മുഖ്യമന്ത്രിയുടെ നിലവാരത്തിന് ചേര്‍ന്നതല്ല. പാര്‍ട്ടിക്കകത്തും പുറത്തും ഒരു വിമര്‍ശനവും സഹിക്കില്ലെന്ന നിലപാടിലാണ് മുഖ്യമന്ത്രി. ഇങ്ങനെ തന്നെ പോകണമെന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്.

സര്‍ക്കാര്‍ ഇന്നലെ അവതരിപ്പിച്ച മൂന്ന് വര്‍ഷത്തെ പ്രോഗ്രസ് റിപ്പോര്‍ട്ട് അസത്യങ്ങളും അതിയശയോക്തിയും കാപട്യവും നിറഞ്ഞ രേഖയാണ്. ഇതൊക്കെ മൂന്നു വര്‍ഷം കൊണ്ട് കേരളത്തിലാണോ നടന്നതെന്ന് ആലോചിച്ച് നമ്മള്‍ തലയില്‍ കൈവച്ചു പോകും. കാര്‍ഷിക മേഖലയില്‍ കൃഷിക്കാര്‍ക്ക് 50 ശതമാനം വരുമാന വര്‍ധനവുണ്ടാക്കുമെന്നായിരുന്നു പ്രഖ്യാപനം. റബറിന് 250 രൂപയാക്കുമെന്ന് പറഞ്ഞതും നടന്നില്ല. നാളികേര സംഭരണം പൊളിഞ്ഞു. നെല്ലിന്റെ താങ്ങുവില കുറച്ചു. ഏലം കര്‍ഷകരും പ്രതിസന്ധിയിലാണ്.

കാര്‍ഷിക മേഖലയിലെ പ്രതിസന്ധിക്ക് പുറമെയാണ് വന്യജീവികളുടെ ആക്രമണം. ഇതൊന്നും നിയന്ത്രിക്കാന്‍ കഴിയുന്നില്ല. മെഡിക്കല്‍ കോളജുകളില്‍ വിരലിന് ശസ്ത്രക്രിയക്ക് പോയാല്‍ നാവിന് ശസ്ത്രക്രിയ നടത്തുന്ന അവസ്ഥയാണ്. തൊഴില്‍ രംഗത്ത് വലിയ മാറ്റമുണ്ടായെന്നാണ് പറയുന്നത്. സ്റ്റാറ്റിസ്റ്റിക്‌സ് ആന്‍ഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ സര്‍വേയില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ തൊഴിലില്ലായ്മയുള്ള സംസ്ഥാനമാണ് കേരളം.

ജനുവരി മുതല്‍ മാര്‍ച്ച് വരെ 31.8 ശതമാനമാണ് കേരളത്തിലെ തൊഴിലില്ലായ്മ. എല്ലാ രംഗങ്ങളിലും കടുത്ത തകര്‍ച്ചയാണ്. ആറ് മാസമായി സാമൂഹിക സുരക്ഷ പെന്‍ഷന്‍ കുടിശികയാണ്. 55 ലക്ഷം പേര്‍ക്കാണ് സാമൂഹിക സുരക്ഷാ പെന്‍ഷന്‍ നല്‍കാനുളളത്. 45 ലക്ഷം പേര്‍ക്ക് ക്ഷേമനിധി പെന്‍ഷന്‍ നല്‍കാനുണ്ട്. ഒരു കോടി ആളുകള്‍ക്കാണ് പെന്‍ഷന്‍ നല്‍കാനുള്ളത്. ക്ഷേമനിധികള്‍ മുഴുവന്‍ തകര്‍ന്നു. സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍ തകര്‍ന്നു. കെ.എസ്.ഇ.ബി നാല്‍പ്പതിനായിരം കോടി രൂപയുടെ ബാധ്യതയിലാണ്.

കെ.എസ്.ആര്‍.ടി.സി തകര്‍ച്ചയുടെ വക്കിലാണ്. മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷനില്‍ മരുന്നുകളും മാവേലി സ്റ്റോറുകളില്‍ സാധനങ്ങളുമില്ല. 19 ശതമാനം ഡി.എ കുടിശികയാണ് ജീവനക്കാര്‍ക്ക് നല്‍കാനുള്ളത്. പെന്‍ഷന്‍കാര്‍ക്കും കുടിശികയുണ്ട്. 1.07.2024 മുതല്‍ ശമ്പള പരിഷ്കരണം നടപ്പാക്കേണ്ട സമയമായിരുന്നു. പുതിയ പേ കമീഷനെ പോലും ഇതുവരെ നിയമിച്ചിട്ടില്ല. കേരളം ഇതുവരെ കാണാത്ത ധനപ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. ഖജനാവ് കാലിയായിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രി പ്രോഗ്രസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചത്. സര്‍ക്കാര്‍ അവതരിപ്പിച്ച പ്രോഗ്രസ് റിപ്പോര്‍ട്ടിനേക്കാള്‍ വലിയ തമാശ വേറെ എന്തുണ്ട്?

തിരഞ്ഞെടുപ്പില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ അതിശക്തമായ വികാരമുണ്ടായിരുന്നു. മുഖ്യമന്ത്രിയുടെ ജില്ലയായ കണ്ണൂരിലും തൊട്ടടുത്ത കാസര്‍കോടും ഉള്‍പ്പെടെ എല്ലാ മണ്ഡലങ്ങളിലെയും പാര്‍ട്ടി ഗ്രാമങ്ങള്‍ എന്ന് പറയപ്പെടുന്ന സ്ഥലങ്ങളിലും സി.പി.എം പിന്നിലാണ്. സി.പി.എമ്മില്‍ ജീര്‍ണത സംഭവിച്ചുകൊണ്ടിരിക്കുകയാണ്. ബംഗാളിലും ത്രിപുരയിലും ഉണ്ടായ ജീര്‍ണതയുടെ തുടക്കമാണ് കേരളത്തിലും സി.പി.എമ്മിനുണ്ടായിരിക്കുന്നത്. ഇത് വോട്ടിങ് രീതി പരിശോധിച്ചാല്‍ മനസിലാകും. സി.പി.എം തകര്‍ന്നു കൊണ്ടിരിക്കുകയാണ്. അത് ശ്രദ്ധിച്ചാല്‍ സി.പി.എമ്മിന് കൊള്ളാം.

കെ. മുരളീധരനുമായി പാര്‍ട്ടി നേതൃത്വം സംസാരിച്ചിട്ടുണ്ട്. സംഘടനാകാര്യങ്ങള്‍ കെ.പി.സി.സി അധ്യക്ഷന്‍ പറയും. ആലത്തൂരിലെയും തൃശൂരിലെയും തോല്‍വി സംബന്ധിച്ച് പാര്‍ട്ടി പരിശോധിക്കും. 18 സീറ്റില്‍ ജയിച്ചതിന്റെ ശോഭ രണ്ട സീറ്റില്‍ തോറ്റതിന്റെ പേരില്‍ ഇല്ലാതാക്കാനാകില്ല. നിസാര വിജയമല്ല യു.ഡി.എഫിനുണ്ടായത്. പത്ത് സീറ്റുകളില്‍ ഒരു ലക്ഷം വോട്ടിന് മുകളിലാണ് വിജയിച്ചത്. അതില്‍ തന്നെ നാലെണ്ണത്തില്‍ രണ്ട് ലക്ഷവും രണ്ടെണ്ണത്തില്‍ മൂന്ന് ലക്ഷവും ഭൂരിപക്ഷമുണ്ട്. കേരളത്തില്‍ ഒരു കാലത്തും ഉണ്ടാകാത്ത വിജയമാണിത്. സി.പി.എം ഉരുക്ക് കോട്ടകളിലാണ് യു.ഡി.എഫ് ഉജ്ജ്വല വിജയം നേടിയത്. രാഷ്ട്രീയ മത്സരത്തിലാണ് ഇത്രയും വലിയ വിജയമുണ്ടായത്.

ലോക്‌സഭയിലെ വിജയവും വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിലെ വിജയവും തമ്മില്‍ ഒരു ബന്ധവുമില്ല. ഈ ഉജ്ജ്വല വിജയം സ്വീകരിച്ച് ജനങ്ങളോട് നന്ദി പറയുന്നത്. നിയമസഭ തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ കഠിനാധ്വാനം ചെയ്യണം. ഈ സര്‍ക്കാരിനെ തുറന്നു കാട്ടാനുള്ള കഠിനാധ്വാനം ചെയ്ത് നിയമസഭ തിരഞ്ഞെടുപ്പിലും യു.ഡി.എഫ് വിജയിക്കും. പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ഉജ്ജ്വല വിജയം ലഭിച്ചതു കൊണ്ട് വെറുതെയിരുന്നാല്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ വിജയിക്കുമെന്ന് ഞങ്ങള്‍ കരുതുന്നില്ല. നിയമസഭ തിരഞ്ഞെടുപ്പിനുള്ള ജോലി ഇപ്പോഴെ തുടങ്ങിയിട്ടുണ്ട്.

ജോസ് കെ. മാണി ഇപ്പോള്‍ ഇടതു മുന്നണിയിലാണ്. ആ പാര്‍ട്ടിയെ മുന്നണിയിലേക്ക് കൊണ്ടു വരുന്നത് സംബന്ധിച്ച് യു.ഡി.എഫില്‍ ഒരു ചര്‍ച്ചയും നടന്നിട്ടില്ല. എല്‍.ഡി.എഫിലെ ആഭ്യന്തര പ്രശ്‌നത്തെ നോക്കിക്കാണുക എന്ന സമീപനമാണ് യു.ഡി.എഫ് ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നത്.

Tags:    
News Summary - V. D. Satheesan says that Pinarayi Vijayan's response to calling Mar Koorilos a whistleblower should be classified

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.