അട്ടപ്പാടിയില്‍ 15 കോടിയുടെ ആയുഷ് ഇന്റഗ്രേറ്റഡ് ആശുപത്രി സ്ഥാപിക്കുമെന്ന് വീണ ജോര്‍ജ്

തിരുവനന്തപുരം: ആദിവാസി മേഖലയായ അട്ടപ്പാടിയില്‍ 15 കോടി രൂപ വിനിയോഗിച്ച് 50 കിടക്കകളുള്ള ആയുഷ് ഇന്റഗ്രേറ്റഡ്ആശുപത്രി സ്ഥാപിക്കുമെന്ന് മന്ത്രി വീണ ജോര്‍ജ്. സംസ്ഥാനത്തെ ആയുഷ് മേഖലയില്‍ 97.77 കോടി രൂപയുടെ വികസന പദ്ധതികള്‍ ഈ വര്‍ഷം നടപ്പിലാക്കുമെന്നും മന്ത്രി അറിയച്ചു.

മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ആയുര്‍വേദം, ഹോമിയോപതി ഉള്‍പ്പെടെയുള്ള ആയുഷ് മേഖലയില്‍ മൂന്നിരട്ടിയോളം വര്‍ധനവാണ് വരുത്തിയിരിക്കുന്നത്. പുതിയ പദ്ധതികളായി നിലവിലുള്ള 240 യൂനിറ്റുകള്‍ക്ക് പുറമേ പുതുതായി 280 ആയുഷ് ഡിസ്‌പെന്‍സറികളെ 'ആയുഷ് ആരോഗ്യ സ്വാസ്ഥ്യ കേന്ദ്രങ്ങളായി' ഉയര്‍ത്തും. . കൊട്ടാരക്കരയില്‍ 30 കിടക്കകളുള്ള 10.5 കോടി രൂപയുടെയും അടൂരില്‍ 10 കിടക്കകളുള്ള 7.5 കോടി രൂപയുടെയും ആയുഷ് ഇന്റര്‍ഗ്രേറ്റഡ് ആശുപത്രികള്‍ നിര്‍മ്മിക്കുമെന്നും മന്ത്രി അറിയിച്ചു.

സംസ്ഥാനത്തെ രണ്ട് സര്‍ക്കാര്‍ ആയുര്‍വേദ മെഡിക്കല്‍ കോളജ്, രണ്ട് ഹോമിയോപതി സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് എന്നിവ രോഗീ സൗഹൃദമാക്കുന്നതിനായി 5.25 കോടിയുടെ പദ്ധതികള്‍ക്ക് അംഗീകാരം നല്‍കി. കുറഞ്ഞ ചെലവില്‍ ലാബ് പരിശോധനകള്‍ക്കായി അഞ്ച് ജില്ലകളില്‍ ജില്ലാ ആയുഷ് ലബോറട്ടറികള്‍ ആരംഭിക്കും. തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോഴിക്കോട്, കണ്ണൂര്‍ എന്നീ ജില്ലകളിലാണ് ജില്ലാ ആയുഷ് ലബോറട്ടറികള്‍ ആരംഭിക്കുന്നത്.

അനീമിയ പരിഹരിക്കുന്നതിനുള്ള ആയുര്‍വേദ ആരോഗ്യ പദ്ധതിയായ അരുണിമ, വനിതാ ശിശു വികസന വകുപ്പിന്റെ എല്ലാ ഐ.സി.ഡി.എസ് കേന്ദ്രങ്ങളിലും നടപ്പിലാക്കും. ഇതിനുപുറമേ ആയുഷ് ചികിത്സാ സ്ഥാപനങ്ങളിലെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തി സ്ഥാപനങ്ങളെ 'കാഷ് ആയുഷ്' ഗുണനിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന് പ്രത്യേക പദ്ധതി, പാലീയേറ്റീവ് കെയര്‍, വൃദ്ധജന പരിപാലനം, ആദിവാസി മേഖലയിലെ മൊബൈല്‍ ചികിത്സാ സംവിധാനങ്ങള്‍, മൂന്ന് ജില്ലാ ആസ്ഥാനങ്ങളില്‍ യോഗാ കേന്ദ്രങ്ങള്‍, ജീവിതശൈലീ രോഗ നിര്‍ണയ പദ്ധതി, എന്നിവയാണ് മറ്റ് പ്രധാന പദ്ധതികള്‍. നാഷണല്‍ ആയുഷ് മിഷന്‍ മുഖേനയാണ് പദ്ധതികള്‍ നടപ്പിലാക്കുന്നത്.

Tags:    
News Summary - Veena George said that a 15 crore AYUSH integrated hospital will be established in Attapadi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.