മലപ്പുറം: മതവിദ്വേഷ പ്രസംഗം നടത്തിയ എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനൊപ്പം വേദി പങ്കിട്ട് പുകഴ്ത്തിയ മുഖ്യമന്ത്രി, മുമ്പ് അദ്ദേഹത്തെ കുറിച്ച് നടത്തിയ വിമർശനങ്ങൾ ചർച്ചയാകുന്നു. മലപ്പുറം ഒരു പ്രത്യേക രാജ്യമാണെന്നും ചില പ്രത്യേക ആളുകളുടെ സംസ്ഥാനമാണെന്നും മലപ്പുറത്ത് സ്വതന്ത്രമായ അഭിപ്രായം പറഞ്ഞ് ജീവിക്കാൻ കഴിയില്ലെന്നുമാണ് കഴിഞ്ഞ ദിവസം വെള്ളാപ്പള്ളി പറഞ്ഞത്. ഇതിനെതിരെ സി.പി.എം മലപ്പുറം ജില്ലാ കമ്മറ്റിയും പാർട്ടി മുഖപത്രമായ ദേശാഭിമാനിയും അടക്കം രംഗത്തുവന്നപ്പോഴാണ് പ്രശംസയുമായി പിണറായി വെള്ളാപ്പള്ളിയുടെ സ്വീകരണച്ചടങ്ങിൽ എത്തിയത്.
വെള്ളാപ്പള്ളിക്കെതിരെ മുൻകാലങ്ങളിൽ പിണറായി വിജയൻ നടത്തിയ പ്രസ്താവനകൾ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു. ‘ആർ.എസ്.എസിന്റെ നാവ് കടമെടുത്ത് വെള്ളാപ്പള്ളി നടേശൻ സഖാവ് വി.എസ്. അച്യുതാനന്ദനെയും മറ്റു നേതാക്കളെയും അവഹേളിക്കുന്നത് അവസാനിപ്പിക്കണം’ എന്നായിരുന്നു 2015ലെ ഒരു പ്രസ്താവന. കോഴിക്കോട്ട് മാൻഹോളിൽ വീണ അതിഥി തൊഴിലാളിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ശ്വാസംമുട്ടി മരിച്ച നൗഷാദ് എന്ന ഓട്ടോ ഡ്രൈവറുടെ കുടുംബത്തിന് സഹായം പ്രഖ്യാപിച്ചതിനെ വെള്ളാപ്പള്ളി വർഗീയവത്കരിച്ച് നടത്തിയ പ്രസംഗത്തെ പിണറായി വിജയൻ രൂക്ഷമായി വിമർശിച്ചിരുന്നു. കേരളത്തിൽ ദീർഘകാലമായി മതന്യൂനപക്ഷങ്ങൾക്കെതിരെ വിഷം ചീറ്റുന്ന നാക്കിന്റെ ഉടമയായി വെള്ളാപ്പള്ളി നിലകൊള്ളുന്നുവെന്നും പിണറായി പ്രസ്താവന നടത്തി. ഈ പ്രസ്താവനകൾ മുഖ്യമന്ത്രി പിണറായി വിജയനെ തിരിഞ്ഞുകുത്തുകയാണിപ്പോൾ.
എൽ.ഡി.എഫിൽനിന്ന് ഈഴവവോട്ടുകൾ ചോരുന്ന സാഹചര്യത്തെ മറികടക്കാനുള്ള രാഷ്ട്രീയ കൗശലമാണ് ഇപ്പോഴത്തെ വെള്ളാപ്പള്ളിയോടുള്ള നിലപാട് മാറ്റം എന്ന് വിലയിരുത്തപ്പെടുന്നു. വെള്ളാപ്പള്ളിയെ ന്യായീകരിച്ച് പി.കെ. ശശികല ടീച്ചറും ബി.ജെ.പി മുൻ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനും രംഗത്തുവന്നതിന് പിന്നാലെയായിരുന്നു പിണറായി വിജയന്റെ വെള്ളപൂശൽ പ്രസംഗം.
വെള്ളാപ്പള്ളി നടേശൻ മലപ്പുറത്ത് നടത്തിയ പ്രസംഗം നിലവിലുള്ള യാഥാർഥ്യം വെച്ച് ഒരു കാര്യം പറഞ്ഞതാണെന്നായിരുന്നു മുഖ്യമന്ത്രി ഇന്നലെ ചേർത്തലയിൽ പറഞ്ഞത്. ‘സരസ്വതി വിലാസം നാക്കിലുള്ള വ്യക്തിയാണ്. എല്ലാ ഘട്ടത്തിലും മതനിരപേക്ഷ നിലപാട് ഉയർത്തിപ്പിടിക്കാൻ ശ്രദ്ധിച്ചിട്ടുണ്ട്. അടുത്തകാലത്ത് നിർഭാഗ്യകരമായ ചില വിവാദങ്ങൾ ഉയർന്നുവന്നു. എന്നാൽ, അദ്ദേഹം ഏതെങ്കിലും ഒരു മതത്തിനെതിരെ നിലപാട് സ്വീകരിക്കുന്നയാളല്ല എന്ന് വെള്ളാപ്പള്ളിയെ അറിയുന്നവർക്കെല്ലാം അറിയാം. ഒരു രാഷ്ട്രീയ പാർട്ടിയെയാണ് വിമർശിച്ചത്. ആ പാർട്ടിയോട് പ്രത്യേക വിരോധമോ മമതയോ വെച്ച് കൊണ്ട് പറഞ്ഞകാര്യമല്ല. ഇപ്പോഴുള്ള യാഥാർഥ്യം പറഞ്ഞൂ എന്നേയുള്ളൂ. ആ പാർട്ടിയെ സംരക്ഷിക്കാൻ താൽപ്പര്യമുള്ളവരെല്ലാം വെള്ളാപ്പള്ളിക്കെതിരെ രംഗത്തുവന്നു. അത് മാത്രമാണ് ഈ ഘട്ടത്തിൽ എനിക്ക് പറയാനുള്ളത്’ -മുഖ്യമന്ത്രി പിണറായി വിജയൻ കൂട്ടിച്ചേർത്തു’ -എന്നായിരുന്നു വെള്ളപൂശൽ.
മലപ്പുറം ജില്ലയെക്കുറിച്ചുള്ള വെള്ളാപ്പള്ളി നടേശന്റെ പരാമർശത്തെ അപലപിച്ച് സി.പി.എം മലപ്പുറം ജില്ല സെക്രട്ടറി വി.പി. അനിൽ രംഗത്തെത്തിയിരുന്നു. ‘ഒരിക്കലും പറയാൻ പാടില്ലാത്ത കാര്യങ്ങളാണ് വെള്ളാപ്പള്ളി പറഞ്ഞത്. സമൂഹത്തിൽ സ്പർധയും ഭിന്നിപ്പും സൃഷ്ടിക്കാൻ മാത്രമേ ഇത്തരം പ്രസ്താവനകൾ ഉപകരിക്കൂ. മതനിരപേക്ഷ പാരമ്പര്യം മുറുകെ പിടിക്കുന്ന ജില്ലയാണ് മലപ്പുറം. എല്ലാ ജാതി മതവിഭാഗങ്ങളും ഒരുമയിലും സൗഹാർദ്ദത്തിലും ജീവിക്കുന്ന നാടാണ് മലപ്പുറം, അതിനെ ഏതെങ്കിലും മത വിഭാഗത്തിന്റെ ഭൂമികയായി ചിത്രീകരിക്കുന്നത് അംഗീകരിക്കാനാവില്ല. ജനങ്ങളിൽ വെറുപ്പും വിദ്വേഷവും വളർത്തുന്ന വർഗീയശക്തികൾക്ക് വളമേകാൻ മാത്രമേ വെള്ളാപ്പള്ളിയുടെ പ്രസ്താവന ഉപകരിക്കൂ. നാരായണ ഗുരുവിൻറെ ആശയാദർശനങ്ങൾക്ക് വിരുദ്ധമായ ഇത്തരം നിലപാടുകൾ എസ്എൻഡിപിയുടെ തലപ്പത്തിരിക്കുന്ന നേതാവിൽനിന്നുണ്ടാകാൻ പാടില്ലാത്തതായിരുന്നു’ -എന്നായിരുന്നു ഏപ്രിൽ ആറിന് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞത്.
വെള്ളാപ്പള്ളി നടേശന്റെ വിദ്വേഷ പ്രസംഗത്തെ ന്യായീകരിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടിനെതിരെ മുസ്‍ലിം ലീഗ് രംഗത്തുവന്നു. കേരളം തള്ളിയ പ്രസ്താവനയെയാണ് മുഖ്യമന്ത്രി ന്യായീകരിക്കുന്നതെന്ന് മുസ്‍ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. ‘ഒരു രാജ്യം അവിടത്തെ ജനങ്ങൾ എന്നെല്ലാമായിരുന്നല്ലോ പ്രസ്താവന. ഒരു പാർട്ടിയെ പറ്റിയല്ലല്ലോ പറഞ്ഞത്’ -കുഞ്ഞാലിക്കുട്ടി ചോദിച്ചു.
ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം. ഷാജിയും മുഖ്യമന്ത്രിയെ രൂക്ഷമായി വിമർശിച്ച് രംഗത്തെത്തി. വെള്ളാപ്പള്ളിയെ പിണറായി വിജയൻ പെയിന്റടിച്ച് മഹാനാക്കിയെന്നായിരുന്നു ഷാജിയുടെ വിമർശനം. മുഖ്യമന്ത്രി വെള്ളാപ്പള്ളിയെ തിരുത്തണമായിരുന്നുവെന്നും കീഴുപറമ്പിൽ സംഘടിപ്പിച്ച യൂത്ത് ലീഗ് പഞ്ചായത്ത് സമ്മേളനത്തിൽ ഷാജി പറഞ്ഞു.
മലപ്പുറം ജില്ല ഒരു പ്രത്യേക രാജ്യമാണ്, പ്രത്യേക വിഭാഗം ആളുകളുടെ സംസ്ഥാനമാണ്, മലപ്പുറം ജില്ലയിൽ സ്വതന്ത്രമായ വായു ശ്വസിച്ച് ജീവിക്കാൻ കഴിയില്ല എന്നൊക്കെ പ്രസംഗിച്ച വെള്ളാപ്പള്ളിയുടെ പ്രസംഗത്തെ ദേശാഭിമാനി പത്രം പോലും വിദ്വേഷ പ്രസംഗം എന്നാണ് വിശേഷിപ്പിച്ചതെന്ന് ലീഗ് അണികൾ ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.