കോട്ടയം: യാത്രക്കാരുടെ മനംനിറച്ച് അത്യാധുനിക കോച്ചുകളുമായി വേണാട് എക്സ്പ്രസിെൻറ കന്നിയാത്ര. വിമാനത്തെ ഒാർമിപ്പിക്കുന്ന കുഷ്യൻ സീറ്റുകൾ, എൽ.ഇ.ഡി ഡിസ്പ്ലേ, മോഡുലാർ ശുചിമുറി, ഫുഡ് ട്രേ എന്നീ സൗകര്യങ്ങളുള്ളതാണ് കോച്ചുകൾ. അപകടമുണ്ടായാൽ പരസ്പരം ഇടിച്ചുകയറാത്ത സെൻറർ ബഫർ കപ്ലിങ് (സി.ബി.സി) സാങ്കേതികവിദ്യയുള്ള കോച്ചുകൾ കാഴ്ചയിലും സുന്ദരമാണ്. ഓൾ കേരള റെയിൽവേ യൂസേഴ്സ് അസോസിയേഷൻ നേതൃത്വത്തിൽ കോട്ടയം റെയിൽവേ സ്റ്റേഷനിൽ ട്രെയിനിന് സ്വീകരണവും നൽകി.
എ.സി കോച്ചിൽ മികച്ച സൗകര്യമാണുള്ളത്. നല്ല സീറ്റുകളും ലെഗ് സ്പെയിസുമാണ്. അടുത്ത സ്റ്റേഷൻ കാണിക്കുന്ന എൽ.ഇ.ഡി ഡിസ്പ്ലേയും ശുചിമുറി ഒഴിവ് കാട്ടുന്ന കളർ ഇൻഡിക്കേറ്ററുമുണ്ട്. ബുധനാഴ്ച രാവിലെ ആകാംക്ഷയോടെയാണ് സ്ഥിരം യാത്രക്കാർ സ്റ്റേഷനുകളിൽ എത്തിയത്. പുതുകോച്ച് എങ്ങനെയുണ്ടാകുമെന്നാണ് എല്ലാവരും ഉറ്റുനോക്കിയത്. പുറമെ കാഴ്ചയിൽതന്നെ മുഴുവൻ മാർക്കും നൽകിയ യാത്രക്കാർ ഉള്ളിലേക്ക് എത്തിയതോടെ ആഹ്ലാദത്തിമിർപ്പിലായി. പലരും എ.സി അടക്കമുള്ള മറ്റ് ബോഗികളും കയറിയിറങ്ങികണ്ടു. ശുചിമുറിക്ക് യാത്രക്കാർ മുഴുവൻ മാർക്കും നൽകി. ഇവ സംരക്ഷിക്കാൻ സംവിധാനം ഒരുക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.
സി.സി ടി.വി കാമറ ഏർപ്പെടുത്തണമെന്നാവശ്യവും യാത്രക്കാർ മുന്നോട്ടുവെച്ചു. പരശുറാമിനും പുതിയ കോച്ചുകൾ വേണമെന്ന് ഇവർ പറഞ്ഞു. 2017ൽ പുറത്തിറക്കിയ കോച്ചുകളാണ് വേണാടിനു ലഭിച്ചിരിക്കുന്നത്. ലോക്കോപൈലറ്റ് കെ. വിജയനും അസി. ലോക്കോപൈലറ്റ് കെ.വി. ജയേന്ദ്രനുമാണ് കന്നിയോട്ടത്തിന് ചുക്കാൻ പിടിച്ചത്. ട്രെയിൻ വൃത്തിയായി സൂക്ഷിക്കാൻ യാത്രക്കാർ ശ്രദ്ധിക്കണമെന്നാണ് റെയിൽവേയുടെ ആവശ്യം. ബോഗികളിൽ അശ്ലീലങ്ങളടക്കം എഴുതരുതെന്നും ഫുഡ് ട്രേ അടക്കം സൂക്ഷിക്കണമെന്നും അഭ്യർഥിക്കുന്നു.
അതേസമയം, ട്രെയിനിനെ ഇരുകൈയും നീട്ടി സ്വീകരിച്ച യാത്രക്കാർ, സമയം പാലിക്കണമെന്ന ആവശ്യവും മുന്നോട്ടുവെക്കുന്നു. മാസങ്ങളായി വേണാട് വൈകിയാണ് ഒാടുന്നത്. ഇതിനെ ആശ്രയിക്കുന്നവർ ഒാഫിസുകളിലടക്കം വൈകിയെത്തുന്നത് പതിവാണ്. ഇതിനെതിരെ യാത്രക്കാർ പ്രതിഷേധത്തിലായിരുന്നു. റെയിൽവേ അധികൃതർക്ക് നിരന്തരം പരാതികളും നൽകിവരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.