തിരുവനന്തപുരം : 5,000 രൂപ കൈക്കൂലി വാങ്ങവേ വില്ലേജ് അസിസ്റ്റന്റും, ഫീൽഡ് അസിസ്റ്റന്റും വിജിലൻസ് പിടിയിൽ. ആലപ്പുഴ ജില്ലയിലെ പുന്നപ്ര വില്ലേജ് ഓഫീസിലെ വില്ലേജ് അസിസ്റ്റന്റ് വിനോദും ഫീൽഡ് അസിസ്റ്റന്റ് അശോകനുമാണ് ഇന്ന് പിടിയിലായത്.
പുന്നപ്ര സ്വദേശിയായ പരാതിക്കാരന്റെ പേരിലുള്ള വസ്തു തരം മാറ്റുന്നതിന് കഴിഞ്ഞ വർഷം ആഗസ്റ്റിൽ പുന്നപ്ര വില്ലേജ് ഓഫീസിൽ അപേക്ഷ നൽകിയിരുന്നു. ഇക്കഴിഞ്ഞ ശനിയാഴ്ച വസ്തു അളക്കുന്നതിന് വില്ലേജ് അസിസ്റ്റന്റ് വിനോദും ഫീൽഡ് അസിസ്റ്റന്റ് അശോകനും സ്ഥലത്ത് എത്തുകയും ഫയൽ റവന്യു ഡിവിഷണൽ ഓഫീസിൽ അയക്കണമെങ്കിൽ 5,000 രുപ കൈക്കൂലി ആവശ്യപ്പെടുകയും ചെയ്തു.
തുടർന്ന് പരാതിക്കാരന്‍ ഈ വിവരം വിജിലൻസ് കിഴക്കൻ മേഖല പൊലീസ് സൂപ്രണ്ട് വി.ജി.വിനോദ് കുമാറിനെ അറിയിച്ചു. അദ്ദേഹത്തിന്റെ നിർദേശപ്രകാരം ആലപ്പുഴ വിജിലന്‍സ് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ഗിരീഷ്. പി. സാരഥിയുടെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘം കെണിയൊരുക്കി.
ഇന്ന് വൈകീട്ട് 03:20 ഓടെ പുന്നപ്ര വില്ലേജ് ഓഫീസിന് മുന്നിൽ വച്ച് വില്ലേജ് അസിസ്റ്റന്റ് വിനോദിന്റെ നിർദേശപ്രകാരം വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് അശോകൻ പരാതിക്കാരനിൽ നിന്നും 5,000 രൂപ കൈക്കൂലി വാങ്ങവെ വിജിലൻസ് സംഘം കൈയോടെ പിടികൂടുകയാണുണ്ടായത്. അറസ്റ്റ് ചെയ്ത പ്രതിയെ കോട്ടയം വിജിലൻസ് കോടതിയിൽ ഹാജരാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.