തിരുവനന്തപുരം: വിജിലൻസ് റെയ്ഡ് നടത്തിയ 36 ശാഖകളിലും കെ.എസ്.എഫ്.ഇ ഇേൻറണൽ ഓഡിറ്റിങ് നടത്തി. ഇതിൽ ഗുരുതരമായ വീഴ്ചകളൊന്നും കണ്ടെത്താൻ സാധിച്ചില്ലെന്ന് കെ.എസ്.എഫ്.ഇ ചെയർമാൻ പീലപ്പോസ് തോമസ് അറിയിച്ചു. ട്രഷറി ഡെപ്പോസിറ്റ് കൊടുക്കാതെ ഒരു ചിട്ടിപോലും ആരംഭിച്ചിട്ടില്ല. ചിട്ടിയുടെ ലേല തീയതിക്ക് മുമ്പ് പണമടച്ചവരെ മാത്രമേ ലേലത്തിൽ പങ്കെടുപ്പിച്ചിട്ടുള്ളൂ.
മൂന്ന് ഉപഭോക്താക്കൾ 50 മാസത്തെ ചിട്ടിയിൽ ഇടക്കുവെച്ച് പണമടക്കുന്നതിൽ വീഴ്ച വരുത്തിയതിനെ കുറിച്ചായിരുന്നു കാസർകോട്ടെ ബ്രാഞ്ചിൽ വിജിലൻസ് അന്വേഷിച്ചത്. വീഴ്ച വരുത്തിയവർ പണമടക്കാതെ എങ്ങനെയാണ് മറ്റുള്ളവർക്ക് പണം നൽകുന്നതെന്നും ചോദിച്ചു. തുടർന്ന് ചിട്ടിയുടെ നടത്തിപ്പ് രീതികൾ വിജിലൻസിനെ ബ്രാഞ്ച് മാനേജർ വിവരിച്ചുകൊടുത്തു. ചിട്ടിയുടെ പ്രവർത്തന രീതിയെക്കുറിച്ച് പോലും മനസ്സിലാക്കാതെയാണ് മുൻകൂട്ടി തയാറാക്കിയ ചോദ്യാവലിയുമായി ഉദ്യോഗസ്ഥർ ബ്രാഞ്ചുകൾ പരിശോധിച്ചതെന്നും ചെയർമാൻ പറഞ്ഞു.
ദൈനംദിന ഇടപാടുകളിൽ ഉണ്ടാകുന്ന നിസ്സാര പ്രശ്നങ്ങൾ മാത്രമാണ് കണ്ടെത്താൻ കഴിഞ്ഞത്. അതിൽനിന്ന് വ്യത്യസ്തമായി വിജിലൻസ് വല്ല ക്രമക്കേടും കണ്ടെത്തിയാൽ അക്കാര്യം അറിയിക്കട്ടെ. ആ സന്ദർഭത്തിൽ അതിനെക്കുറിച്ച് പ്രതികരിക്കാം. പണം അടക്കുന്നതിൽ മുടക്ക് വരുത്തുന്ന ഉപഭോക്താവിന് പകരം ആളുകളെ ചേർക്കുന്നു എന്നാണ് മറ്റൊരു ന്യൂനതയായി പറയുന്നത്. എന്നാൽ, അക്കാര്യം കേന്ദ്ര ചിറ്റ്സ് ആക്ടിൽ വ്യവസ്ഥയുള്ളതാണെന്നും ചെയർമാൻ കൂട്ടിച്ചേർത്തു.
കഴിഞ്ഞദിവസമാണ് 36 ബ്രാഞ്ചുകളിൽ വിജിലൻസ് മിന്നൽ പരിശോധന നടത്തിയത്. ചിറ്റാളൻമാരിൽനിന്ന് ആദ്യഗഡു ലഭിക്കാതെ കെ.എസ്.എഫ്.ഇ ഫണ്ട് ഉപയോഗിച്ച് ട്രഷറിയിൽ നിക്ഷേപം നടത്തുന്നു, ചിറ്റാളൻമാർ നൽകുന്ന ചെക്കുകൾ കലക്ഷനാകുന്നതിന് മുമ്പുതന്നെ ഇവരെ നറുക്കിൽ ഉൾപ്പെടുത്തി ചിട്ടി നൽകുന്നു, പല ചിട്ടികളിലും ചിറ്റാളൻമാർ തുക അടക്കാതെ കെ.എസ്.എഫ്.ഇ പൊള്ള ചിട്ടികൾ നടത്തുന്നു തുടങ്ങിയ ക്രമക്കേടുകളാണ് കണ്ടെത്തിയത്. വിജിലൻസ് ഡയറക്ടറുടെ ഉത്തരവിെൻറ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.