വേദനയുണ്ട്; നിരാശയും –അതിജീവിതയുടെ പിതാവ്

കോഴിക്കോട്: യുവനടിയെ പീഡിപ്പിച്ച കേസിൽ നടനും നിർമാതാവുമായ വിജയ് ബാബുവിന് ഹൈകോടതി ഉപാധികളോടെ ജാമ്യം നൽകിയത് വേദനയുണ്ടാക്കിയെന്നും നിരാശജനകമാണെന്നും അതിജീവിതയുടെ പിതാവ്. വിജയ് ബാബു പണവും പദവിയും ഉപയോഗിച്ച് കേസ് അട്ടിമറിക്കുമെന്ന് ഭയമുണ്ട്. ജാമ്യം തെറ്റായ സന്ദേശമാണ് സമൂഹത്തിന് നൽകുക. കേസിൽ അപ്പീൽ പോകുന്നതിനെക്കുറിച്ച് അഭിഭാഷകനുമായി കൂടിയാലോചിച്ചശേഷം തീരുമാനിക്കുമെന്ന് പിതാവ് 'മാധ്യമ'ത്തോട് പറഞ്ഞു.

കേസിൽനിന്ന് പിന്മാറാൻ ഒരു കോടി രൂപയാണ് വിജയ് ബാബു സുഹൃത്ത് വഴി വാഗ്ദാനം ചെയ്തത്. വിദേശത്തുള്ള മറ്റൊരു മകളെ വിളിച്ച് കേസിൽനിന്ന് പിന്മാറണമെന്ന് കാൽപിടിച്ച് അപേക്ഷിച്ചിരുന്നു. ഇതിന്‍റെ വോയ്സ് ക്ലിപ്പുകൾ കൈയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. സത്യസന്ധനായിരുന്നെങ്കിൽ പെൺകുട്ടിക്കെതിരെ മാന്യമായി കേസ് കൊടുക്കുകയായിരുന്നു അയാൾ ചെയ്യേണ്ടിയിരുന്നത്. കുട്ടി മാധ്യമങ്ങൾക്കുമുന്നിൽ പ്രത്യക്ഷപ്പെട്ടില്ല. പൊലീസിൽ പരാതി നൽകുകയാണ് ചെയ്തത്. അതായിരുന്നു അയാളും ചെയ്യേണ്ടത്. അതിനുപകരം ഫേസ്ബുക്ക് ലൈവിൽ വന്ന് മകളെ അവഹേളിച്ചു. 'ഞാനാണ് ഇര' എന്നാണ് വിജയ് ബാബു മാധ്യമങ്ങൾക്കു മുന്നിൽ വന്നു പറഞ്ഞത്. ഭാര്യയുണ്ട്, മകനുണ്ട്, അമ്മയുണ്ട്, അപമാനിക്കരുത് എന്നെല്ലാമാണ് പറയുന്നത്. പെൺകുട്ടിക്കുമുണ്ട് അച്ഛനും അമ്മയും സഹോദരങ്ങളും. അതേക്കുറിച്ച് എന്താണ് ആലോചിക്കാത്തത്?

പെൺകുട്ടി ചാറ്റ് ചെയ്തെന്നും മെസേജ് അയച്ചെന്നുമൊക്കെയാണ് ഇയാളുടെ ന്യായീകരണം. പിറകെ നടന്ന് ശല്യംചെയ്തിട്ടുണ്ടെങ്കിൽ ബ്ലോക്ക് ചെയ്യാമായിരുന്നില്ലേ? സുഹൃത്തുക്കളെയോ മാതാപിതാക്കളായ ഞങ്ങളെയോ അറിയിക്കാമായിരുന്നില്ലേ? മകളുടെ പ്രായമുള്ള പെൺകുട്ടിയോട് അതിരുവിട്ട രീതിയിൽ പെരുമാറിയതും ദുരുപയോഗം ചെയ്തതും എങ്ങനെയാണ് ന്യായീകരിക്കാൻ കഴിയുകയെന്നും പിതാവ് ചോദിച്ചു. ഈ മേഖലയിലേക്ക് കടന്നുവരാൻ ഉദ്ദേശിക്കുന്ന മറ്റു പെൺകുട്ടികൾക്കുവേണ്ടിയാണ് മകൾ കേസ് കൊടുത്തത്. കേസുമായി ഏതറ്റംവരെയും പോകുമെന്നും മകൾക്കൊപ്പം ഉറച്ചുനിൽക്കുമെന്നും പിതാവ് പറഞ്ഞു. 

Tags:    
News Summary - Vijay Babu granted bail by high court in torture case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.