കൊച്ചി: വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് യുവനടി നൽകിയ പരാതിയിൽ പ്രതിയായ നടനും നിർമാതാവുമായ വിജയ് ബാബു ഹൈകോടതിയിൽ മുൻകൂർ ജാമ്യ ഹരജി നൽകി. വ്യാജ ആരോപണമുന്നയിച്ച് തന്നെ യുവതി ഭീഷണിപ്പെടുത്തുകയാണെന്നും ഇതിന്‍റെ ഭാഗമായാണ് പരാതി നൽകിയതെന്നുമാണ് ഹരജിയിലെ ആരോപണം. പരാതിയിലെ ആരോപണങ്ങൾ സംബന്ധിച്ച നിജസ്ഥിതി അന്വേഷിക്കാതെ പൊലീസ് കേസെടുക്കുകയായിരുന്നുവെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടുന്നു. ജസ്റ്റിസ് എ.എ. സിയാദ് റഹ്മാൻ ഹരജി വേനലവധിക്കുശേഷം പരിഗണിക്കാൻ മാറ്റി.
കേരള പൊലീസിന് വേണ്ടി തയാറാക്കിയ പരസ്യ ചിത്രത്തിൽ അഭിനയിച്ച ശേഷം താൻ നിർമിക്കുന്ന സിനിമയിൽ അവസരം തേടി പരാതിക്കാരി നിരന്തരം ഫോണിൽ വിളിക്കുമായിരുന്നെന്ന് പരാതിയിൽ പറയുന്നു. താരങ്ങളെ തെരഞ്ഞെടുക്കുന്നത് താനല്ലെന്നും ഓഡിഷനിലൂടെ സംവിധായകനാണ് ഇത് ചെയ്യുന്നതെന്നും പലതവണ പറഞ്ഞു. താൻ നിർമിച്ച ഒരു സിനിമയിൽ ഇവർക്ക് അവസരം ലഭിച്ചതും ഓഡിഷൻ വഴിയാണ്.
ഈ സിനിമയിൽ അഭിനയിച്ചശേഷം തന്നോട് കൂടുതൽ അടുപ്പം സൂക്ഷിക്കാൻ നടി ശ്രമിച്ചു. അസമയത്ത് പോലും മെസേജ് അയക്കുകയും വിളിക്കുകയും ചെയ്തിരുന്നു. തന്റെ കുടുംബത്തെക്കുറിച്ചുള്ള വിവരങ്ങളൊക്കെ അറിഞ്ഞുകൊണ്ട് തന്നെയാണ് അവർ ഇത് ചെയ്തത്. സിനിമയിൽ കൂടുതൽ അവസരം കിട്ടാനാണ് ഇത് ചെയ്തിരുന്നതെന്ന് ഇപ്പോൾ മനസ്സിലാക്കുന്നു. പരാതിക്കാരി അയച്ച സന്ദേശങ്ങളെല്ലാം താൻ സൂക്ഷിച്ചിട്ടുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥർക്ക് കൈമാറാൻ തയാറാണെന്നും ഹരജിയിൽ പറയുന്നു. നടിയുടെ ആരോപണങ്ങൾ തെറ്റാണെന്ന് തെളിയിക്കാൻ പര്യാപ്തമാണ് ഇത്. അന്വേഷണവുമായി പൂർണമായും സഹകരിക്കാൻ തയാറാണ്.
തനിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തെങ്കിലും എഫ്.ഐ.ആറിന്റെയോ എഫ്.ഐ.എസിന്റെയോ പകർപ്പ് ഇതുവരെ തന്നിട്ടില്ല. അതേസമയം, കേസുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും മാധ്യമങ്ങൾക്ക് ലഭിക്കുന്നുണ്ട്. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം നടത്തുന്നത്. ഈ സാഹചര്യത്തിൽ അറസ്റ്റിന് സാധ്യതയുണ്ടെന്നും അറസ്റ്റ് തടയണമെന്നുമാവശ്യപ്പെട്ടാണ് മുൻകൂർ ജാമ്യ ഹരജി നൽകിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.