ലീഗ്‌ സാമുദായിക ധ്രുവീകരണം ഉണ്ടാക്കാൻ ശ്രമിച്ചു -എ. വിജയരാഘവൻ

കോഴിക്കോട്: മുസ്​ലിം ലീഗിനെതിരായ പ്രസ്താവനക്ക് ന്യായീകരണവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ. സാമുദായിക ധ്രുവീകരണം കേരളത്തിലുണ്ടാക്കാനാണ്‌ ലീഗ്‌ ശ്രമിച്ചതെന്ന് 'വര്‍ഗീയതയും കോണ്‍ഗ്രസ് നിലപാടുകളും' എന്ന പേരിൽ ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിൽ എ. വിജയരാഘവൻ ആരോപിക്കുന്നു.

സംവരണേതര വിഭാഗങ്ങൾക്ക്‌ 10 ശതമാനം സംവരണമെന്നത്‌ സി.പി.എമ്മിൻെറ പ്രഖ്യാപിത നയമാണ്‌. എന്നാൽ, വർഗീയ സംഘടനകൾ 10 ശതമാനം സംവരണത്തിനെതിരെ സമരരംഗത്തിറങ്ങി. മറ്റു സമുദായസംഘടനകളെ രംഗത്തിറക്കാൻ ശ്രമിച്ചു. അതുവഴി സാമുദായിക ധ്രുവീകരണം കേരളത്തിലുണ്ടാക്കാനാണ്‌ ലീഗ്‌ ശ്രമിച്ചത്‌ -അദ്ദേഹം പറയുന്നു.

കോൺഗ്രസ്‌‌ അവസരവാദ നിലപാടുകൾ സ്വീകരിച്ച്‌ ബി.ജെ.പിക്കുവേണ്ടി വഴിവെട്ടുകയാണ്‌‌. പല സംസ്ഥാനങ്ങളിലും കോൺഗ്രസിനെ വേരോടെ പിഴുതെറിയാൻ ബിജെപിയെ സഹായിച്ചത്‌ ഈ മൃദുഹിന്ദുത്വമാണ്‌.

ജമാഅത്തെ ഇസ്​ലാമി മതന്യൂനപക്ഷ ജനവിഭാഗങ്ങൾ കൂടുതലായി ഇടതുപക്ഷത്തോടടുക്കുന്നത്‌ ഇഷ്ടപ്പെടുന്നില്ല. സംസ്ഥാനത്ത്‌ മതനിരപേക്ഷത ശക്തിപ്പെടുന്നതിനെ അവർ ഭയപ്പെടുന്നു.

ജമാഅത്തെ ഇസ്​ലാമിയുമായി യു.ഡി.എഫ്‌ ഉണ്ടാക്കിയത്‌ പ്രാദേശിക നീക്കുപോക്കായിരുന്നില്ല. തദ്ദേശ തെരഞ്ഞെടുപ്പിലെ സഹായം മുൻവാഗ്‌ദാനങ്ങളുടെയും ഉറപ്പുകളുടെയും ഫലമായിരുന്നു. ആ വാഗ്‌ദാനവും ഉറപ്പും എന്താണെന്ന്‌ ജനങ്ങളോടു പറയാൻ കോൺഗ്രസിന്‌ ബാധ്യതയുണ്ട്‌.

ജമാഅത്തെ ഇസ്​ലാമിയോടുള്ള സി.പി.എം നിലപാട്‌ മുമ്പേ വ്യക്തമാക്കിയതാണ്‌. അവരുമായി ഒരുതരത്തിലുള്ള ബന്ധത്തിനും സി.പി.എം തയാറല്ല -വിജയരാഘവൻ വ്യക്തമാക്കുന്നു.

സമൂഹത്തിൽ കൂടുതൽ മതാത്മക രാഷ്‌ട്രീയ ചേരിതിരിവ്‌ രൂപപ്പെടുത്തുന്നതിനെയാണ്‌ സി.പി.എം വിമർശിക്കുന്നതെന്നും അത്‌ 'വർഗീയയവാദ'മാണെന്ന്‌ വ്യാഖ്യാനിക്കുന്നവർ മലയാളിയുടെ ബോധനിലവാരത്തെയാണ്‌ പുച്ഛിക്കുന്നതെന്നും ലേഖനത്തിൽ പറയുന്നു.

Latest Video:

Full View


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.