കോട്ടയം: സംശയകരമായ പണമിടപാടെന്ന ബാങ്ക് അധികൃതരുടെ സന്ദേശത്തിനുപിന്നാലെ, മിന്നൽ നീക്കത്തിൽ വെര്‍ച്വല്‍ അറസ്റ്റ് തട്ടിപ്പ് തകർത്ത് പൊലീസ്. ചങ്ങനാശ്ശേരി സ്വദേശിയായ ഡോക്ടറെയാണ് വെർച്വൽ അറസ്റ്റിലാണെന്ന് തെറ്റിദ്ധരിപ്പിച്ച് തട്ടിപ്പുസംഘം കുടുക്കാൻ നോക്കിയത്.
അറസ്റ്റ് ഭയന്ന് 5.3 ലക്ഷം രൂപ ഡോക്ടർ തട്ടിപ്പ് സംഘത്തിന് കൈമാറി. ഡോക്ടറെ വിഡിയോകാളിലൂടെ ലൈവായി നിർത്തിയ സംഘം, അറസ്റ്റിലാണെന്ന് വിശ്വസിപ്പിക്കാനായി സുപ്രീം കോടതിയുടേതെന്ന പേരിൽ വ്യാജരേഖകളും കാണിച്ചു. ഇതിനിടെ, സ്ഥലത്തെത്തിയ ചങ്ങനാശ്ശേരി പൊലീസ് തത്സമയം തട്ടിപ്പ് സംഘത്തിന്റെ നീക്കം നിരീക്ഷിച്ച് നഷ്ടമായ തുകയിൽ 4.65 ലക്ഷം രൂപ തിരിച്ചുപിടിച്ചു.
സഹകരിക്കാതിരുന്ന ഡോക്ടറുടെ ഫോൺ ബലം പ്രയോഗിച്ച് പിടിച്ചെടുത്തായിരുന്നു പൊലീസ് ഇടപെടൽ. മുംബൈയിൽനിന്നെന്ന് പറഞ്ഞ് ഡോക്ടറെ വിളിച്ച തട്ടിപ്പ് സംഘം ഇദ്ദേഹത്തിന് വന്ന കൊറിയറില്‍ രാസവസ്തുക്കള്‍ ഉണ്ടായിരുന്നുവെന്ന് അറിയിച്ചു. ഒപ്പം അക്കൗണ്ട് കേന്ദ്രീകരിച്ച് വലിയതോതിൽ കള്ളപ്പണ ഇടപാടുകൾ നടക്കുന്നതായും പറഞ്ഞു. പിന്നാലെ അറസ്റ്റ് രേഖപ്പെടുത്തിയതായും ജാമ്യത്തില്‍ ഇറങ്ങണമെങ്കില്‍ 30 ലക്ഷം രൂപ കൈമാറണമെന്നും ആവശ്യപ്പെട്ടു. ഭയന്ന ഡോക്ടർ ആദ്യഘട്ടമായി 5.3 ലക്ഷം രൂപ കൈമാറി.
ചൊവ്വാഴ്ച സെൻട്രൽ ജങ്ഷനിലെ എസ്.ബി.ഐ ശാഖയിൽനിന്ന് ഡോക്ടർ അഞ്ചുലക്ഷം രൂപ ബിഹാറിലെ അക്കൗണ്ടിലേക്ക് കൈമാറി. ഇതിനുപിന്നാലെ ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ തടയാൻ പ്രവർത്തിക്കുന്ന എസ്.ബി.ഐയുടെ ജയ്പുർ ഓഫിസിൽനിന്ന് പണം നൽകിയ അക്കൗണ്ട് വ്യാജമാകാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി. ഇക്കാര്യം, ഇവർ ചങ്ങനാശ്ശേരിയിലെ ബാങ്ക് മാനേജരെ അറിയിച്ചു.
ബാങ്ക് മാനേജര്‍ ഉടൻ തിരുവനന്തപുരം സൈബര്‍ സെല്ലിനും ചങ്ങനാശ്ശേരി ഡിവൈ.എസ്.പിക്കും വിവരം കൈമാറി. അപ്പോൾതന്നെ ചങ്ങനാശ്ശേരി പൊലീസ് ബാങ്കിലെത്തി ഡോക്ടറുടെ വിലാസവും വിവരങ്ങളും ശേഖരിച്ചു. തുടർന്ന് പെരുന്നയിലെ വീട്ടിലെത്തി.
എന്നാൽ, പരാതിയില്ലെന്നായിരുന്നു ഡോക്ടറുടെ നിലപാട്. അഞ്ചുലക്ഷം രൂപ ട്രാൻസ്ഫർ ചെയ്ത വിവരം തിരക്കിയപ്പോൾ സുഹൃത്തിന് അയച്ചതാണെന്നായിരുന്നു മറുപടി. നിർബന്ധപൂർവം പൊലീസ് മൊബൈൽ ഫോൺ പരിശോധിച്ചതിൽ വിഡിയോ കാൾ കണ്ടെത്തി. പൊലീസ് യൂനിഫോം കണ്ടതോടെ വിളിച്ചയാൾ ഫോൺ സ്വിച്ച് ഓഫ് ചെയ്തു.
തുടർന്ന്, പൊലീസ് സംഘം അതിവേഗം ഡോക്ടറെ കൂട്ടി ചങ്ങനാശ്ശേരി എസ്.ബി.ഐ ശാഖയിലെത്തി ടോൾ ഫ്രീ നമ്പറിൽ പരാതി രജിസ്റ്റർ ചെയ്യുകയും 4,65,000 രൂപ അക്കൗണ്ടിൽ മരവിപ്പിക്കുകയുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.