മലപ്പുറം: മങ്കട സ്വദേശിയായ പ്രതിശ്രുത വരന്‍റെ തിരോധാനത്തിൽ പുതിയ വഴിതിരിവ്. വിഷ്ണുജിത്തിന്‍റെ ഫോൺ ഓണായെന്നും സഹോദരി വിളിച്ചപ്പോഴാണ് ഫോൺ ബെല്ലടിച്ചതെന്നുമാണ് പുതിയ വിവരം. ബെല്ലടിച്ച ഫോൺ ഒരാൾ എടുത്തെങ്കിലും ഒന്നും സംസാരിക്കാതെ ഉടൻ തന്നെ കട്ട് ചെയ്യുകയായിരുന്നു. തമിഴ്നാട്ടിലെ കൂനൂരിലാണ് ഫോൺ ഉള്ളതെന്നാണ് ടവർ ലൊക്കേഷൻ സൂചിപ്പിക്കുന്നത്.
അതേസമയം, വിഷ്ണുജിത്തിന്‍റെ തിരോധാനവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ തമിഴ്നാട് പൊലീസിന്‍റെ സഹായവും കേരള പൊലീസ് തേടിയിട്ടുണ്ട്. കോയമ്പത്തൂർ, മധുക്കര പൊലീസ് സ്റ്റേഷനുകളിലേക്ക് വിഷ്ണുജിത്തിന്‍റെ ചിത്രങ്ങളും വിവരങ്ങളും കൈമാറിയിട്ടുണ്ട്. വാളയാർ, കസബ പൊലീസ് സംയുക്തമായി നടത്തുന്ന അന്വേഷണം പുരോഗമിക്കുകയാണ്.
ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ പൊലീസ് രണ്ടു സംഘങ്ങളായി കോയമ്പത്തൂരിൽ തിരച്ചിൽ വ്യാപിപ്പിച്ചിട്ടുള്ളത്. വിഷ്ണുജിത്തിന്‍റെ സുഹൃത്ത് ശരത്തും അന്വേഷണസംഘത്തോടൊപ്പം കോയമ്പത്തൂരിലേക്ക് പുറപ്പെട്ടിട്ടുണ്ട്. യുവാവിന്റെ സാമ്പത്തിക ഇടപാടുകളും പൊലീസ് അന്വേഷിക്കുന്നുണ്ട്. കഴിഞ്ഞ നാലിന് യുവാവ് പാലക്കാട് കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ നിന്ന് ബസ് കയറുന്നതിന്റെ സി.സി.ടി.വി ദൃശ്യം ലഭ്യമായിട്ടുണ്ട്. ദൃശ്യത്തിലുള്ളത് വിഷ്ണുജിത്ത് ആണെന്ന് കുടുംബവും സ്ഥിരീകരിച്ചു.
വിവാഹത്തിന് മൂന്നു ദിവസം മുമ്പ് മങ്കട പള്ളിപ്പുറത്തു നിന്നാണ് പ്രതിശ്രുത വരൻ കുറന്തല വീട്ടിൽ വിഷ്ണുജിത്ത് (30) കാണാതായത്. അഞ്ച് ദിവസമായി കാണാനില്ലെന്ന പരാതിയുമായി കഴിഞ്ഞ ദിവസം ബന്ധുക്കൾ രംഗത്തെത്തുകയായിരുന്നു.
വിവാഹാവശ്യത്തിനുള്ള പണത്തിനായി പാലക്കാട്ടെ സുഹൃത്തിന്‍റെ അടുത്തേക്ക് സെപ്റ്റംബർ നാലിന് രാവിലെ ആറോടെ വിഷ്ണുജിത്ത് പോയതാണ്. ബസിലായിരുന്നു യാത്ര.
രാത്രി 8.10നാണ് അവസാനമായി വീട്ടുകാരുമായി ഫോണിൽ ബന്ധപ്പെട്ടത്. തുടർന്ന് ഫോൺ സ്വിച്ച് ഓഫ് ആയി. ഞായറാഴ്ചയായിരുന്നു വിഷ്ണുജിത്തിന്‍റെ വിവാഹം നടക്കേണ്ടിയിരുന്നത്. ഒരു ലക്ഷത്തോളം രൂപ സുഹൃത്തിൽ നിന്ന് വാങ്ങി തിരികെ മടങ്ങുമെന്നാണ് വീട്ടുകാരെ ഫോണിൽ അറിയിച്ചത്.
കഞ്ചിക്കോട് നിന്നാണ് വിഷ്ണുജിത്തിന്‍റെ ഫോൺ സ്വിച്ച് ഓഫ് ആയതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പാലക്കാട് ഐസ്ക്രീം കമ്പനി ജീവനക്കാരനായ വിഷ്ണുജിത്തിന്‍റെ തിരോധാനവുമായി ബന്ധപ്പെട്ട് മലപ്പുറം പൊലീസ് ആണ് കേസ് രജിസ്റ്റർ ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.