അപൂര്‍വ രോഗ ചികിത്സാ പദ്ധതിക്ക് കൈത്താങ്ങാവാന്‍ വിഷു കൈനീട്ടം

വിഷു കൈനീട്ടത്തിന്റെ ഭാഗമായി എസ്.എം.എ ബാധിതരുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന ക്യുവര്‍ എസ്.എം.എ എന്ന സംഘടനയുടെ വിഷു കൈനീട്ടമായ 25 ലക്ഷം രൂപ മന്ത്രി വീണ ജോര്‍ജിന് സംഘടനാ പ്രതിനിധി രജിത്ത് കൈമാറുന്നു.

അപൂര്‍വ രോഗ ചികിത്സാ പദ്ധതിക്ക് കൈത്താങ്ങാവാന്‍ 'വിഷു കൈനീട്ടം

തിരുവനന്തപുരം: സര്‍ക്കാരിന്റെ അപൂര്‍വ രോഗ ചികിത്സാ പദ്ധതിക്ക് കൈത്താങ്ങാന്‍ 'വിഷു കൈനീട്ടം' ആരംഭിക്കുന്നതായി മന്ത്രി വീണ ജോര്‍ജ്. സംസ്ഥാനത്ത് അപൂര്‍വ രോഗങ്ങളുടെ സമഗ്ര ചികിത്സക്കായി ഈ സര്‍ക്കാര്‍ കെയര്‍ പദ്ധതി ആവിഷ്‌ക്കരിച്ച് നടപ്പിലാക്കി വരുന്നു. ഇതിലൂടെ അനേകം കുഞ്ഞുങ്ങള്‍ക്ക് ആശ്വാസമാകാന്‍ കഴിഞ്ഞിട്ടുണ്ട്.

കുഞ്ഞുങ്ങളുടെ ജീവിതത്തിലും വിസ്മയകരമായ മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്. എട്ട് വയസ് വരെയുണ്ടായിരുന്ന ചികിത്സ 12 വയസ് വരെയായി ഉയര്‍ത്തി. അത് 18 വയസ് വരെയാക്കാനാണ് ഉദ്ദേശിക്കുന്നത്. ഇത് സര്‍ക്കാര്‍ ബജറ്റിലൂടെ മാത്രം നിര്‍വഹിക്കാന്‍ കഴിയുന്ന ഒന്നല്ല. കാരണം ഇത്തരം ചികിത്സക്കുള്ള ഒരു വയല്‍ മരുന്നിന് ആറ് ലക്ഷം രൂപയിലധികമാകും.

പല രോഗങ്ങള്‍ക്കും ആജീവനാന്തം മരുന്ന് കഴിക്കേണ്ടി വരുന്നതിനാല്‍ ചികിത്സക്കായി കോടിക്കണക്കിന് രൂപ ചെലവ് വരും. ഈ അവസരത്തില്‍ നമുക്ക് കഴിയാവുന്നത് ഈ കുഞ്ഞുങ്ങള്‍ക്കായി നല്‍കുക. അത് എത്രയായാലും, ഓരോ രൂപയും വിലപ്പെട്ടതാണ്. അപൂര്‍വ രോഗങ്ങള്‍ക്കെതിരെ, ഈ കുഞ്ഞുങ്ങള്‍ക്കായി നമുക്ക് ഒന്നിച്ച് ചേരാമെന്നും മന്ത്രി അഭ്യർഥിച്ചു.

സംസ്ഥാനത്ത് നിലവിലുള്ള എസ്.എം.എ, ഗ്രോത്ത് ഹോര്‍മ്മോണ്‍, ലൈസോസോമല്‍ സ്റ്റോറേജ് രോഗങ്ങള്‍ എന്നിങ്ങനെയുള്ള അപൂര്‍വ രോഗങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ കെയര്‍ പദ്ധതിയുടെ ഭാഗമായി അനേകം കുട്ടികള്‍ക്ക് സൗജന്യ ചികിത്സ നല്‍കി വരുന്നുണ്ട്. നിലവില്‍ അപൂര്‍വ രോഗങ്ങള്‍ക്ക് പുതിയ ചികിത്സാ മാര്‍ഗങ്ങളും മരുന്നുകളും ആഗോളതലത്തില്‍ വികസിപ്പിച്ച് വരുന്നുണ്ട്.

ഇത്തരം ചികിത്സകള്‍ സാധാരണക്കാര്‍ക്ക് പ്രാപ്യമാക്കുക എന്നതാണ് ലക്ഷ്യം. കോടികള്‍ ചെലവ് വരുന്ന ഇത്തരം ചികിത്സകള്‍ കൂടുതല്‍ പേര്‍ക്ക് ലഭ്യമാക്കാനും ലക്ഷ്യമിടുന്നു. ഇതിനായി ആരോഗ്യ വകുപ്പ് സെക്രട്ടറിയുടെ പേരില്‍ സംഭാവനകള്‍ സ്വീകരിക്കുന്നതിന് പ്രത്യേക അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. വിഷുകൈനീട്ടം അയയ്‌ക്കേണ്ട അക്കൗണ്ട് നമ്പര്‍: 39229924684 IFSC Code: SBIN0070028

Tags:    
News Summary - 'Vishu Kaineettam' to help rare disease treatment project

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.