കോഴിക്കോട്: മെഡിക്കൽ കോളജ് ആശുപത്രിക്ക് സമീപം ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയ ആദിവാസി യുവാവ് വിശ്വനാഥന്റെ (46) ഷർട്ട് കണ്ടെത്തി. വിശ്വനാഥനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ മെഡിക്കൽ കോളജ് ആശുപത്രിക്കു സമീപത്തെ കുറ്റിക്കാടിനടുത്തുനിന്നാണ് ഷർട്ട് കണ്ടെത്തിയത്. ഷർട്ടിൽ ചളി പുരണ്ടിട്ടുണ്ട്. പോക്കറ്റിൽ 140 രൂപയും നാണയത്തുട്ടുകളുമാണ് ഉണ്ടായിരുന്നത്.
ബീഡി, പാതിവലിച്ച സിഗരറ്റ്, തീപ്പെട്ടി, ചീർപ്പ്, വെറ്റില, അടക്ക എന്നിവയും പോക്കറ്റിൽനിന്ന് ലഭിച്ചു. പിടിവലി നടന്നതിന്റെ ലക്ഷണമൊന്നും ഷർട്ടിലില്ലെന്നാണ് പൊലീസ് നൽകുന്ന വിവരം. എന്നാൽ, ഫോറൻസിക് പരിശോധനക്ക് അയച്ചശേഷമേ ഇക്കാര്യം ശാസ്ത്രീയമായി തെളിയിക്കാനാവൂ. ഷർട്ട് കേസന്വേഷണത്തിൽ നിർണായക തെളിവാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വിശ്വനാഥന്‍റെ വീട്ടിലേക്ക് സാധനങ്ങൾ കൊടുത്തയച്ച കവറിൽ ഷർട്ടും ഉണ്ടെന്നായിരുന്നു ധാരണ. ഇല്ലെന്ന് മനസ്സിലായതോടെ പൊലീസ് സംഭവസ്ഥലത്ത് തിരച്ചിൽ നടത്തുകയായിരുന്നുവെന്ന് എ.സി.പി സുദർശൻ പറഞ്ഞു. ശാസ്ത്രീയ വിദഗ്ധരും സംഘത്തോടൊപ്പം ഉണ്ടായിരുന്നു.
മൃതദേഹത്തിൽ ഷർട്ട് ഇല്ലെന്നു കാണിച്ച് ബന്ധുക്കൾ പരാതി ഉന്നയിച്ചിരുന്നു. സംഭവത്തിൽ പട്ടികജാതി-പട്ടികവർഗ പീഡന നിരോധന നിയമം ചുമത്തി കേസെടുത്ത പൊലീസ് വ്യാഴാഴ്ച വിശ്വനാഥന്റെ കൽപറ്റയിലെ വീട്ടിലെത്തി മൊഴിയെടുത്തിരുന്നു. മൃതദേഹം റീപോസ്റ്റ്മോർട്ടം നടത്തണമെന്ന് കുടുംബത്തിന് താൽപര്യമുണ്ടായിരുന്നെങ്കിലും പിന്നീട് ഈ ആവശ്യത്തിൽനിന്ന് പിന്മാറിയതായി പൊലീസ് വ്യക്തമാക്കി. ആശുപത്രി പരിസരത്തുവെച്ച് വിശ്വനാഥനെ ചോദ്യംചെയ്തവരെ കണ്ടെത്താൻ സി.സി.ടി.വി ദൃശ്യങ്ങളുടെ ശാസ്ത്രീയ പരിശോധന തുടങ്ങി.
കേസുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച സിറ്റി പൊലീസ് കമീഷണറുടെ നേതൃത്വത്തില്‍ അടിയന്തര യോഗം ചേര്‍ന്നു. ഫെബ്രുവരി ഏഴു മുതൽ ഒമ്പതു വരെയുള്ള മാതൃ-ശിശു സംരക്ഷണകേന്ദ്രത്തിനു മുന്നില്‍നിന്നുള്ള സി.സി.ടി.വി ദൃശ്യങ്ങള്‍ വിലയിരുത്തി. കൂടാതെ, സംഭവ സമയത്ത് ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യപ്പെട്ടവരുടെ ഫോണ്‍ നമ്പര്‍ ലിസ്റ്റ് ആശുപത്രി അധികൃതരില്‍നിന്ന് പൊലീസ് ശേഖരിച്ചിരുന്നു. ഇതുസംബന്ധിച്ച് പരിശോധന നടത്തുന്നതിന് വിവിധ സ്‌ക്വാഡുകളും രൂപവത്കരിച്ചിട്ടുണ്ട്.
ഒരാഴ്ച മുമ്പാണ് കോഴിക്കോട് മെഡിക്കൽ കോളജിനു സമീപത്തെ ആളൊഴിഞ്ഞ പ്രദേശത്ത് യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കൽപറ്റ വെള്ളാരംകുന്ന് അഡ് േലഡ് പാറവയൽ കോളനിയിലെ വിശ്വനാഥൻ ഭാര്യയുടെ പ്രസവത്തിനായി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിയതായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.