കോഴിക്കോട്: മെഡിക്കൽ കോളജ് പരിസരത്ത് ആദിവാസി യുവാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ചസംഭവത്തിൽ പ്രത്യേക അന്വേഷണ സംഘം നൂറോളം പേരിൽനിന്ന് മൊഴിയെടുത്തു. ദൃശ്യങ്ങളിൽ മുഖം വ്യക്തമായ ആറു പേരെ ശനിയാഴ്ച പൊലീസ് ചോദ്യം ചെയ്തു. കേസിൽ പ്രതിയെന്നു കരുതുന്ന യുവാവിനെ തേടിപ്പിടിച്ച് സ്റ്റേഷനിൽ കൊണ്ടുവന്ന് മൊഴിയെടുത്തെങ്കിലും വിശ്വനാഥനെ ആശ്വസിപ്പിച്ചയാളാണെന്ന് വ്യക്തമായി. സി.സി.ടി.വി ദൃശ്യങ്ങളിൽ കണ്ട പച്ച ബനിയനിട്ട യുവാവിനെ തേടിയായിരുന്നു പൊലീസിന്റെ അന്വേഷണം.
വിശ്വനാഥന്റെ തോളിൽ തട്ടി സംസാരിക്കുന്നത് പച്ച ബനിയനിട്ടയാളായിരുന്നു. രണ്ടു തവണ ഇയാൾ വിശ്വനാഥനുമായി സംസാരിക്കുന്ന ദൃശ്യങ്ങളുണ്ട്. കൈയിലുള്ള ബാഗ് പരിശോധിക്കുന്നതും ഇയാളാണ്. ഇതുകൊണ്ടാണ് ഇയാൾ പ്രതിയാണെന്ന് പൊലീസ് ഉറപ്പിച്ചത്. അതേസമയം, പച്ച ബനിയനിട്ടയാളെ ചോദ്യം ചെയ്തതിൽ ഇയാൾ വിശ്വനാഥനെ ആശ്വസിപ്പിക്കുകയാണെന്ന് ബോധ്യമായി. ആളുകൂടിയതിന്റെയും വിശ്വനാഥനുമായി സംസാരിച്ചതിന്റെയും കാര്യങ്ങൾ ഇയാൾ പൊലീസിനോട് വ്യക്തമാക്കി.
വിശ്വനാഥൻ അസ്വസ്ഥനായി നടക്കുമ്പോൾ എന്താണ് കാര്യമെന്ന് തിരക്കുന്നതിന്റെ ദൃശ്യങ്ങളാണ് സി.സി.ടി.വിയിൽ ഉള്ളതെന്ന് പൊലീസ് പറയുന്നു. അതിനു മുമ്പ് ആരോ കുറ്റപ്പെടുത്തിയതിന്റെ അസ്വസ്ഥതയിൽ നടക്കുന്ന വിശ്വനാഥനോട് പച്ച ബനിയനിട്ടയാൾ കാര്യം തിരക്കുന്നുണ്ട്. ഇത് കണ്ടു പരിസരത്തുള്ളവർ ചുറ്റും കൂടുന്നതാണ് ദൃശ്യത്തിലുള്ളത്. ‘അയാൾ’ എന്നെ മോഷ്ടാവെന്ന് വിളിച്ചുവെന്നു പറഞ്ഞാണ് വിശ്വനാഥൻ അസ്വസ്ഥത പ്രകടിപ്പിക്കുന്നത്.
ബാഗ് തുറന്ന് കാട്ടിയത്, ഭക്ഷണം കഴിച്ചോ എന്ന ചോദ്യത്തിനു മറുപടിയായി ചോറ്റുപാത്രം കാണിച്ചതാണെന്നാണ് സാക്ഷിമൊഴി. സി.സി.ടി.വി ദൃശ്യങ്ങളും പച്ച ബനിയനിട്ടയാളുടെ മൊഴിയും ഒത്തുനോക്കിയ പൊലീസിന് സാക്ഷിമൊഴി ശരിയാണെന്ന് ബോധ്യമായി. വിശ്വനാഥൻ ഇരുന്ന ഭാഗത്ത് സി.സി.ടി.വി കാമറയില്ലായിരുന്നു. അതുകൊണ്ട് ആരാണ് ഭീഷണിപ്പെടുത്തിയത് എന്ന് കണ്ടെത്താൻ കഴിയാത്ത സാഹചര്യമുണ്ട്.
വെള്ളിയാഴ്ച പുലർച്ച ഒരു മണിയോടെയാണ് വിശ്വനാഥൻ അസ്വസ്ഥനായി ഐ.എം.സി.എച്ച് ഗേറ്റിന്റെ എതിർവശത്തുള്ള പറമ്പിലേക്ക് ഓടിപ്പോകുന്നത്. ഷീറ്റ് ചാടിക്കടന്ന് ഒരാൾ ഉള്ളിലേക്കു പോയതു കണ്ട് പരിസരത്തെ കച്ചവടക്കാർ പിന്നാലെ പോയി. ചെരിപ്പും കവറും പരിസരത്ത് കണ്ടു. കവർ എടുത്ത് നോക്കിയപ്പോൾ ആശുപത്രിയിലെ പാസും മറ്റു കടലാസുകളും കണ്ട് അത് ഐ.എം.സി.എച്ച് സെക്യൂരിറ്റിയെ ഏൽപിച്ചു.
ഇതുപ്രകാരം സെക്യൂരിറ്റിക്കാർ വാർഡിൽനിന്ന് ഇയാളുടെ കൂടെയുള്ളവരെ വിളിച്ചുവരുത്തി. ബന്ധുക്കൾ അപ്പോൾ തന്നെ പൊലീസ് സ്റ്റേഷനിൽ പോയി വിവരം പറഞ്ഞു. ഡ്യൂട്ടിയിലുള്ള പൊലീസുകാരും നാട്ടുകാരും കാട്ടിൽ ടോർച്ചുമായി പരിശോധന നടത്തി. ഈ പരിശോധനയിലാണ് വിശ്വനാഥൻ കൂടുതൽ ചകിതനായതെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. പൊലീസ് അന്വേഷിച്ചുവരുകയാണെന്ന് കരുതിയാവണം വിശ്വനാഥൻ മരത്തിന്റെ വളരെ ഉയരത്തിലേക്ക് കയറി രക്ഷപ്പെട്ടത്.
നേരത്തേ പൊലീസ് വരുമെന്ന് ആരോ ഭയപ്പെടുത്തിയതിന്റെ ആധിയിലായിരുന്ന വിശ്വനാഥൻ പൊലീസ് സംഘം രാത്രി ടോർച്ചുമായി തിരച്ചിൽ നടത്തുന്നതു കണ്ട് പേടിച്ചിരിക്കണം. പുലർച്ച രണ്ടോടെ തന്നെ ഇയാൾ മരിച്ചുവെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ഉടുത്ത മുണ്ട് ഉപയോഗിച്ച് തൂങ്ങിമരിച്ച നിലയിലാണ് വിശ്വനാഥനെ ശനിയാഴ്ച രാവിലെ കണ്ടെത്തിയത്. മാനസികാഘാതത്തിലാണ് വിശ്വനാഥന്റെ ആത്മഹത്യ എന്നാണ് പൊലീസ് വിശ്വസിക്കുന്നത്. പക്ഷേ, ആരാണ് മാനസികമായി പീഡിപ്പിച്ചതെന്ന് കണ്ടെത്തൽ വലിയ യജ്ഞമാണ് പൊലീസിന്. 450 പേരിൽനിന്ന് മൊഴിയെടുക്കേണ്ടതുണ്ട്. ഇതിൽ തന്നെ ആര് കുറ്റം സമ്മതിക്കും എന്നത് ചോദ്യമാണ്. ആത്മഹത്യപ്രേരണക്കുറ്റം ആരുടെ പേരിൽ ചുമത്തും. സങ്കടം നിറഞ്ഞ ഒരു ദുരന്തകഥയായി വിശ്വനാഥന്റെ മരണം അവശേഷിക്കുമെന്നാണ് സൂചന.
മാതൃ ശിശു സംരക്ഷണ കേന്ദ്രത്തിനു മുന്നിൽ കൂട്ടിരിപ്പുകാരായ ആദിവാസികൾ ഇരിക്കുന്നത് വേറിട്ട്. ആശുപത്രി മുറ്റത്തിന്റെ അതിർത്തിയിൽ റോഡരികിലെ മതിലിനോടു ചേർന്നാണ് ഇവിടെ ആദിവാസികളായ കൂട്ടിരിപ്പുകാർ പതിവായി വിശ്രമിക്കുന്നത്. ഈ ഭാഗത്ത് സി.സി.ടി.വി കാമറയുണ്ടായിരുന്നില്ല. പ്രശ്നമുണ്ടായ ശേഷമാണ് ആശുപത്രി അധികൃതർ കാമറ സ്ഥാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.