തിരുവനന്തപുരം: വിഴിഞ്ഞം വിഷയത്തിൽ സമവായമുണ്ടാക്കുന്നതിനായി മന്ത്രിമാരുടെ പ്രത്യേക യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. വൈകീട്ട് അഞ്ചിനാണ് യോഗം ചേരുക. മന്ത്രിതല സമിതിയുണ്ടാക്കി സമരസമിതിയുമായി ചർച്ച ചെയ്യാനാണ് നീക്കം. വെകീട്ട് 5.30നാണ് ചർച്ച. ചർച്ച വിജയിച്ചാൽ മുഖ്യമന്ത്രി സമര സമിതിയുമായി കൂടിക്കാഴ്ച നടത്തും.
അതിനിടെ മത്സ്യത്തൊഴിലാളികളുടെ ആശങ്ക പരിഹരിച്ച് വിഴിഞ്ഞം പദ്ധതി നടപ്പാക്കണമെന്ന് നിയമസഭയിൽ ശ്രദ്ധ ക്ഷണിക്കലിലൂടെ കടകംപള്ളി സുരേന്ദ്രൻ ആവശ്യപ്പെട്ടു. തുറമുഖനിർമാണം നിർത്തിവെക്കണമെന്ന ആവശ്യമൊഴികെ ബാക്കി എല്ലാം അംഗീകരിച്ചിട്ടുണ്ടെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ മറുപടി നൽകിള
അതേസമയം വിഴിഞ്ഞം സമരം അവസാനിപ്പിക്കാൻ സമവായ നീക്കങ്ങൾ സജീവമാക്കി സമാധാന ദൗത്യ സംഘം മുല്ലൂരിലെ സമരപ്പന്തലിലെത്തി. സംഘർഷാവസ്ഥ പരിഹരിക്കണമെന്നും സമാധാനം പുന:സ്ഥാപിക്കണമെന്നും സമരങ്ങളിലെ ജനകീയ ആവശ്യങ്ങൾ പരിഹരിക്കണമെന്നുമാണ് ദൗത്യ സംഘത്തിന്റെ ആവശ്യം.
തിരുവനന്തപുരം ലത്തീൻ അതിരൂപത മുൻ ആർച്ച് ബിഷപ്പ് സൂസെപാക്യം, പാളയം ഇമാം ഡോ.വി.പി സുഹൈബ് മൗലവി, ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാന തപസി എന്നിവരുൾപ്പെടെ നിരവധിപേർ സംഘത്തിലുണ്ട്. സംഘർഷത്തിൽ പരിക്കേറ്റ മത്സ്യതൊഴിലാളികളെയും പൊലീസുകാരെയും സംഘം സന്ദർശിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.