തിരുവനന്തപുരം: വിഴിഞ്ഞത്ത് യാഥാര്‍ഥ്യമാക്കിയത് ഏറെ വെല്ലുവിളി നിറഞ്ഞ പദ്ധതിയെന്ന് അദാനി പോര്‍ട്ട്‌സ് ആന്‍ഡ് സ്‌പെഷല്‍ ഇക്കണോമിക് സോണ്‍ ലിമിറ്റഡ് സി.ഇ.ഒയും വിഴിഞ്ഞം അദാനി പോർട്ട് പ്രൈവറ്റ് ലിമിറ്റഡ് ചെയർമാനുമായ കരണ്‍ അദാനി. വിഴിഞ്ഞം തുറമുഖത്തെത്തിയ ആദ്യ കപ്പലിന്‍റെ സ്വീകരണത്തിന് ശേഷമുള്ള ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിഴിഞ്ഞം തുറമുഖം സംസ്ഥാനത്തിന് വലിയ വരുമാനമുണ്ടാക്കിത്തരും. കേരളം ആഗ്രഹിക്കുന്നത് നൽകാൻ ശ്രമിക്കും. സ്വപ്നം യാഥാർഥ്യമായ നിമിഷമാണിത്. സ്വപ്‌നസാക്ഷാത്കാരത്തിന് ഒപ്പം നിന്നവര്‍ക്ക് നന്ദി പറയുന്നതായും കരണ്‍ പറഞ്ഞു.
കേരളത്തിലേക്ക് സ്വീകരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ ഈ അവസരത്തില്‍ ഓർക്കുന്നു. ഏറ്റവും പ്രതിസന്ധി നിറഞ്ഞ സമയത്ത് മുന്നോട്ടുനയിച്ചത് മുഖ്യമന്ത്രി പിണറായി വിജയനാണ്. വര്‍ഷങ്ങളോളം കേരളം കാത്തിരുന്ന പദ്ധതി യാഥാര്‍ഥ്യമാക്കാൻ സാധിച്ചതില്‍ സന്തോഷമുണ്ട്.
കേരളം അദാനി ഗ്രൂപ്പില്‍ അര്‍പ്പിച്ച വിശ്വാസം നിലനിര്‍ത്തിയാണ് ആദ്യ കപ്പല്‍ തീരത്തടുത്തത്. എല്‍.ഡി.എഫ്, യു.ഡി.എഫ്, ബി.ജെ.പി തുടങ്ങിയവരെല്ലാം പിന്തുണ നല്‍കി. ഏറെ പരിസ്ഥിതി സൗഹൃദമായിരിക്കും പദ്ധതിയുടെ നടത്തിപ്പെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.