വിഴിഞ്ഞം തുറമുഖം: ഉമ്മൻ ചാണ്ടിയെ ഹൃദയപൂർവം സ്മരിച്ച് അഹമ്മദ് ദേവർ കോവിൽ, വിസ്മരിക്കാനാവില്ലെന്ന് വി.ഡി. സതീശൻ

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്ത് ആദ്യകപ്പലിനെ സ്വീകരിച്ചുകൊണ്ടുള്ള വേദി ഏറെ വേറിട്ടതായി. 1995 മുതലുള്ള എല്ലാ സർക്കാറു​കളും വിഴിഞ്ഞം തുറമുഖത്തിനായി പരിശ്രമിച്ചതായി മന്ത്രി അഹമ്മദ് ദേവർ കോവിൽ പറഞ്ഞു. മുൻമുഖ്യമന്ത്രിമാരായ ഇ.കെ. നായനാർ, കെ. കരുണാകരൻ, ഉമ്മൻ ചാണ്ടി, വി.എസ്.അച്ചുതാനന്ദൻ എന്നിവരെ ഹൃദയപൂർ വം ഓർമ്മിക്കുന്നതായി അഹമ്മദ് ദേവർ കോവിൽ പറഞ്ഞു.

വിഴിഞ്ഞത്ത് വികസന സ്വപ്നങ്ങൾക്ക് ചിറക് മുളക്കുമ്പോള്‍ ഉമ്മൻ ചാണ്ടിയെ വിസ്മരിക്കാനാകില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. പദ്ധതിക്കായുള്ള എല്ലാ അനുമതികളും ഉമ്മൻചാണ്ടി വാങ്ങിയെടുത്തു. തുടർ സർക്കാർ ബാക്കി നടപടികൾ പൂർത്തിയാക്കി. വികസനത്തിന്റെ ഇരകൾക്ക് പുനരധിവാസം നീക്കി വച്ചത് ഉമ്മൻ ചാണ്ടിയാണെന്നും കപ്പൽ സ്വീകരണ ചടങ്ങിൽ വി ഡി സതീശൻ പറഞ്ഞു.

Full View

`കടല്‍ക്കൊള്ള'യാണെന്ന ആക്ഷേപം വന്നപ്പോഴും അദാനി ഗ്രൂപ്പുമായി ചേര്‍ന്ന് 6000 കോടിയുടെ റിയല്‍ എസ്‌റ്റേറ്റ് കച്ചവടമാണെന്ന ആരോപണത്തിന്റെ കുന്തമുന നെഞ്ചില്‍ തറച്ചപ്പോഴും പതറാതെ, പിന്തിരിഞ്ഞോടാതെ, തളര്‍ന്നു പോകാതെ വിഴിഞ്ഞം തുറമുഖം യാഥാര്‍ത്ഥ്യമാക്കുമെന്ന ധീരമായ തീരുമാനം എടുത്തയാളാണ് ഉമ്മന്‍ ചാണ്ടി. ഉമ്മന്‍ ചാണ്ടിയെ സ്മരിക്കാതെ എനിക്ക് ഈ വേദി വിട്ട് പോകാനാകില്ലെന്ന് സതീശൻ പറഞ്ഞു.

വികസനത്തിന്റെ പേരില്‍ ഒരു പാവപ്പെട്ട മനുഷ്യന്റെയും കണ്ണുനീര്‍ ഈ പുറംകടലില്‍ വീഴരുത്. വികസനം എന്നത് അനിവാര്യതയാണ്.പക്ഷെ അതിന്റെ പേരില്‍ സാധാരണക്കാര്‍ ചേരികളിലേക്കും സിമെന്റ് ഗോഡൗണുകളിലേക്കും വലിച്ചെറിയപ്പെടരുതെന്നും സതീശൻ ഓർമ്മിപ്പിച്ചു.

ഉമ്മൻചാണ്ടിയുടെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തിയ ശേഷമാണ് വി.ഡി സതീശനും ശശി തരൂർ എം.പിയും ചടങ്ങിനെത്തിയത്. അതേസമയം വിഴിഞ്ഞം തുറമുഖത്തെത്തിയ ആദ്യ ചരക്ക് കപ്പലിനെ ഔദ്യോഗികമായി സ്വീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് ചടങ്ങ് ഉദ്ഘാടനം ചെയ്തത്. പദ്ധതിയെ തകർക്കാൻ അന്താരാഷ്ട്ര ലോബികൾ പ്രവർത്തിച്ചുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. 40 വർഷത്തേക്ക് തുറമുഖത്തി​െൻറ നടത്തിപ്പ്‌ അദാനി വിഴിഞ്ഞം പോർട്ട്‌ പ്രൈവറ്റ്‌ ലിമിറ്റഡ്‌ ലഭിക്കുക. 15ാം വർഷം മുതൽ ആകെ വരുമാനത്തിന്റെ ഒരു ശതമാനം തുക ലഭിക്കും. ഓരോ വർഷവും ഒരുശതമാനംവീതം വർധിക്കും.

Tags:    
News Summary - Vizhinjam Port: Welcoming the first ship

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.