ഗുരുവായൂർ: 2024 ലെ ലോക്സഭ തെരഞ്ഞെടുപ്പിന് രണ്ടാം സ്വാതന്ത്ര്യ സമരത്തിന്റെ സ്വഭാവമായിരിക്കുമെന്ന് കോൺഗ്രസ് നേതാവ് വി.എം. സുധീരൻ. വർഗീയ ഫാഷിസ്റ്റ് നയങ്ങളുമായി മുന്നോട്ടുപോകുന്ന ബി.ജെ.പിയും ജനാധിപത്യ-മതേതര ചിന്ത പുലർത്തുന്നവരും തമ്മിലാണ് ഏറ്റുമുട്ടുന്നതെന്നും സുധീരൻ പറഞ്ഞു.
ദേശീയടിസ്ഥാനത്തിൽ മോദിയുടെ വർഗീയ ഫാഷിസവും കേരളത്തിൽ പിണറായി വിജയന്റെ രാഷ്ട്രീയ ഫാഷിസവും എതിർശബ്ദങ്ങളെ ഇല്ലാതാക്കി മുന്നോട്ട് പോകുകയാണെന്നും സുധീരൻ പറഞ്ഞു. വി. ബലറാം സ്മാരക ട്രസ്റ്റ് പ്രസിഡന്റ് സി.എ. ഗോപപ്രതാപൻ അധ്യക്ഷത വഹിച്ചു. ഡി.സി.സി. പ്രസിഡന്റ് ജോസ് വള്ളൂർ, ജില്ലാ യു.ഡി.എഫ് ചെയർമാൻ എം.പി. വിൻസെന്റ്, വി. വേണുഗോപാൽ, കെ.പി. ഉദയൻ, കെ.വി. സത്താർ, നിഖിൽ ജി. കൃഷ്ണൻ, ഒ.കെ.ആർ. മണികണ്ഠൻ, എച്ച്.എം. നൗഫൽ, പി.വി. ബദറുദീൻ, ആർ. രവികുമാർ, അരവിന്ദൻ പല്ലത്ത് എന്നിവർ സംസാരിച്ചു.
ഗുരുവായൂർ: ഔദ്യോഗിക പ്രഖ്യാപനം വരും മുമ്പേ പ്രതാപനെ തൃശൂരിലെ സ്ഥാനാർഥിയാക്കി സുധീരൻ. ഗുരുവായൂരിൽ നടന്ന വി. ബലറാം അനുസ്മരണത്തിലാണ് കോൺഗ്രസ് രാഷ്ട്രീയ കാര്യ സമിതി അംഗം കൂടിയായ സുധീരൻ പ്രതാപനാണ് സ്ഥാനാർഥിയെന്ന് പ്രഖ്യാപിച്ചത്. മോദി തന്നെ സ്ഥാനാർഥിയായി വന്നാലും പ്രതാപനാണ് കോൺഗ്രസിന്റെ സ്ഥാനാർഥിയെന്നും പ്രതാപൻ ജയിക്കുമെന്നും സുധീരൻ പറഞ്ഞു.
ഗുരുവായൂർ: വി. ബലറാം അനുസ്മരണ ചടങ്ങിൽ സുധീരൻ നടത്തിയ മോദി വിരുദ്ധ പരാമർശങ്ങളിൽ പ്രതിഷേധിച്ച് ബി.ജെ.പിയുടെ നഗരസഭ കൗൺസിലർ ശോഭ ഹരിനാരായണൻ വേദിയിൽ നിന്ന് ഇറങ്ങിപ്പോയി. ട്രസ്റ്റ് സംഘടിപ്പിക്കുന്ന പരിപാടി എന്ന നിലക്കാണ് പങ്കെടുത്തതെന്ന് അവർ പറഞ്ഞു. അനുസ്മരണ ചടങ്ങ് രാഷ്ട്രീയ തർക്ക വേദിയാക്കാൻ താൽപര്യമില്ലാത്തതിനാലാണ് ഇറങ്ങിപ്പോന്നതെന്ന് അവർ ‘മാധ്യമ’ത്തോട് പറഞ്ഞു.
തൃശൂർ: ടി.എന്‍. പ്രതാപനെ വിജയിപ്പിക്കണമെന്ന് തൃശൂരിൽ വീണ്ടും ചുവരെഴുത്ത്. ‘പ്രതാപന് തുടരും പ്രതാപത്തോടെ, നമ്മുടെ ടി.എൻ.പ്രതാപനെ വിജയിപ്പിക്കുക’ എന്ന ചുവരെഴുത്ത് എളവള്ളിയിലാണ് പ്രത്യക്ഷപ്പെട്ടത്. കഴിഞ്ഞ ദിവസം വെങ്കിടങ്ങില്‍ പ്രത്യക്ഷപ്പെട്ട ചുവരെഴുത്ത് പ്രതാപന് നേരിട്ട് ഇടപെട്ട് മായ്പിച്ചിരുന്നു. എ.ഐ.സി.സിയുടെ തീരുമാനം വരുന്നത് വരെ കാത്തിരിക്കണമെന്നും അദ്ദേഹം പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടിരുന്നു. യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ ആവേശമാണിതെന്ന് പാവറട്ടി കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സ്റ്റാൻലി പ്രതികരിച്ചു. പ്രതിപക്ഷ നേതാവിന്റെയടക്കം നിർദേശം ലംഘിച്ചാണ് തൃശൂരിൽ ചുവരെഴുത്തുകൾ തുടരുന്നത്.
ചുവരെഴുത്ത് പ്രവർത്തകരുടെ ആവേശം കൊണ്ടാകാമെന്ന് പ്രതാപൻ പ്രതികരിച്ചു. സ്ഥാനാർഥിയെ പ്രഖ്യാപിക്കാതെ ചുവരെഴുതുന്നതിനോട് യോജിപ്പില്ലെന്നും പാർട്ടി പറഞ്ഞാൽ മണ്ഡലത്തിൽ വീണ്ടും മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.