കൽപറ്റ: ദുരന്തമേഖലകളിൽ സന്നദ്ധപ്രവർത്തനം നടത്തുന്ന സംസ്ഥാനത്തെ സർക്കാർ ജീവനക്കാർക്ക് ഇനി പ്രത്യേക അവധി. വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ ദിവസമാണ് അഡീഷനൽ സെക്രട്ടറി (ധനകാര്യം) ലക്ഷ്മി രഘുനാഥൻ പുതിയ ഉത്തരവിറക്കിയത്.
സംസ്ഥാന അഗ്നിരക്ഷാസേനയുടെ കീഴിലുള്ള സിവിൽ ഡിഫൻസിൽ വളന്റിയർമാരായ സർക്കാർ ജീവനക്കാർക്കാണ് ഇത്തരത്തിൽ അവധി കിട്ടുക. ദുരന്തമേഖലയിൽ സേവനം ചെയ്യാൻ നിരവധി സർക്കാർ ജീവനക്കാർ തയാറാണെങ്കിലും അവധി സംബന്ധമായ പ്രശ്നങ്ങളുള്ളതിനാൽ മിക്കവർക്കും ഇതിന് കഴിഞ്ഞിരുന്നില്ല. ഈ സാഹചര്യത്തിൽ, അഗ്നിരക്ഷാസേന നൽകിയ ശിപാർശയെ തുടർന്നാണ് സർക്കാറിന്റെ പുതിയ ഉത്തരവ്. 2019ലാണ് കേരളത്തിൽ സിവിൽ ഡിഫൻസ് രൂപവത്കരിക്കുന്നത്. അടിയന്തര സാഹചര്യത്തിൽ സേനയുമായി ചേർന്ന് പ്രവർത്തിക്കുന്ന വളന്റിയർമാരാണ് ഇതിലെ അംഗങ്ങൾ.സ്ഥാപന മേധാവിയുടെ അനുവാദത്തോടെ വളന്റിയർമാരാകാൻ സർക്കാർ ജീവനക്കാർക്ക് അനുമതിയുണ്ട്. രജിസ്റ്റർ ചെയ്യുന്നവരിൽനിന്ന് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് മൂന്നുഘട്ടങ്ങളിലായി 15 ദിവസത്തെ പരിശീലനം നൽകും. എന്നാൽ, പരിശീലനത്തിനടക്കം പങ്കെടുക്കാൻ സർക്കാർ ജീവനക്കാർക്ക് അവധി ലഭിക്കാത്തത് പ്രതിസന്ധിയുണ്ടാക്കിയിരുന്നു. പുതിയ ഉത്തരവ് പ്രകാരം പരിശീലന കാലയളവിലും ദുരന്തമുഖത്ത് സേവനമനുഷ്ഠിക്കുന്ന കാലയളവിലും പ്രത്യേക ആകസ്മിക അവധി (കാഷ്വൽ ലീവ്) അനുവദിക്കും. നിരവധി ജീവനക്കാർ സിവിൽ ഡിഫൻസ് അംഗങ്ങളാകാൻ തയാറായി വിളിക്കുന്നുണ്ടെന്നും ഇതിനാൽ പുതിയ ഉത്തരവ് ഏറെ ഗുണം ചെയ്യുമെന്നും ഫയർ ഫോഴ്സ് സിവിൽ ഡിഫൻസ് സംസ്ഥാന കൺട്രോൾ റൂം ഓഫിസർ എസ്.ഡി. ദീപേഷ് ‘മാധ്യമ’ത്തോട് പറഞ്ഞു.
കേരളത്തിലെ 129 ഫയർ യൂനിറ്റുകളുടെ കീഴിലായി ആകെ 10,000ത്തോളം സിവിൽ ഡിഫൻസ് അംഗങ്ങളാണുള്ളത്. 18 വയസ്സ് തികഞ്ഞ നാലാം ക്ലാസ് യോഗ്യതയുള്ളവർക്ക് cds.fire.kerala.gov.in എന്ന ലിങ്ക് വഴി അംഗങ്ങളാകാൻ അപേക്ഷിക്കാം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് മൂന്നുഘട്ടങ്ങളിലായി പരിശീലനം നൽകും. ടി.എ ഇനത്തിൽ 250 രൂപ പരിശീലന ദിവസങ്ങളിൽ നൽകും. അംഗങ്ങൾക്ക് വേതനം നൽകുന്ന കാര്യം സർക്കാറിന്റെ പരിഗണനയിലുണ്ട്. സംസ്ഥാന ജനസംഖ്യ അനുസരിച്ച് നിരവധി സന്നദ്ധ പ്രവർത്തകരെ ഇനിയും ആവശ്യമുണ്ട്. സേവനം ചെയ്യാൻ ആഗ്രഹമുള്ളവർക്ക് 0471 2320872 എന്ന നമ്പറിൽ വിളിക്കാം. ഇ-മെയിൽ: dg.frs@kerala.gov.in. വയനാട് ഉരുൾപൊട്ടൽ സ്ഥലത്ത് ദിനേന 300ഓളം സിവിൽ ഡിഫൻസ് അംഗങ്ങളാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.