തിരുവനന്തപുരം: ദേവസ്വം ബോർഡ് സംവരണ വിഷയത്തിൽ സർക്കാർ നിലപാടിനെ പരോക്ഷമായി വിമർശിച്ച് വി.എസ്. അച്യുതാനന്ദൻ. ദേവസ്വം ബോർഡുകളിലെ നിയമനവുമായി ബന്ധപ്പെട്ട് സർക്കാർ ചില നടപടികളെടുക്കുകയാണ്. അതേ സമയം ബോർഡിലെ നിലവിലുള്ള ജീവനക്കാരിൽ പട്ടികജാതി--വർഗ വിഭാഗങ്ങളിൽെപട്ടവർ കാര്യമായി ആരുമില്ലെന്ന പരാതി നിലനിൽക്കുകയാണെന്നും ഇത് പരിഹരിക്കപ്പെടേണ്ടത് തർക്കമില്ലാത്ത കാര്യമാണെന്നും വി.എസ് വ്യക്തമാക്കി. കേരള പുലയ മഹാസഭ (കെ.പി.എം.എസ്) 46ാം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു വി.എസ്.
എയ്ഡഡ് സ്കൂളുകളിലെ നിയമനങ്ങളിൽ സംവരണം ഏർപ്പെടുത്തണമെന്ന ആവശ്യം ന്യായമാണ്. എയ്ഡഡ് സ്കൂളുകൾക്ക് ഗ്രാൻറ് നൽകുന്നതും അധ്യാപക--അനധ്യാപക ജീവനക്കാർക്ക് ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നൽകുന്നതും സർക്കാറാണ്. അതുകൊണ്ടുതന്നെ ഇവിടങ്ങളിലെ നിയമനം പി.എസ്.സി വഴി നടത്തേണ്ടത് അത്യാവശ്യമാണ്. ഇക്കാര്യത്തിൽ സർക്കാർ ഇടപെടൽ ഉണ്ടാവണം.
സാമൂഹികമായി നിരവധി പ്രശ്നങ്ങളും നേരിടുന്ന പിന്നാക്ക ജനവിഭാഗങ്ങളെ തെറ്റിദ്ധാരണജനകമായ മുദ്രാവാക്യങ്ങൾ ഉയർത്തി കൈയിലെടുക്കാൻ വർഗീയ പിന്തിരിപ്പൻ ശക്തികൾ കൊണ്ടുപിടിച്ച് ശ്രമിക്കുകയാണ്. കെ.പി.എം.എസ് പോലുള്ള സംഘടനകളുമായി ബന്ധപ്പെട്ടവരെപ്പോലും റാഞ്ചിയെടുക്കാൻ ഇക്കൂട്ടർ പഠിച്ചപണി പതിനെട്ടും നോക്കുന്നുണ്ട്. ചുരുക്കം ചിലരെങ്കിലും ഇവരുടെ കെണിയിൽ വീണുപോകുന്നുണ്ടോ എന്നും സംശയിക്കേണ്ടതാണ്. കൈത്തണ്ടയിലൊക്കെ ഒരുമാതിരി ചരടുകെട്ടുന്നതിനും കെട്ടിക്കുന്നതിനും പിന്നിൽ ഗൂഢമായ അജണ്ടകളുണ്ട് എന്ന കാര്യം തിരിച്ചറിയണം. അത് മനസ്സിലാക്കാതെ ഇത്തരം പിന്തിരിപ്പന്മാരുടെ കെണിയിൽ വീണുപോയാൽ അയ്യങ്കാളി അടക്കമുള്ള നവോത്ഥാന നായകരുടെ ഓർമകളോടും ദർശനങ്ങളോടും കാട്ടുന്ന അവഹേളനമായിരിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പ്രസിഡൻറ് മുണ്ടുകോട്ടയ്ക്കൽ സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.