തിരുവനന്തപുരം: സർക്കാറിനും വിജിലന്‍സിനുമെതിരെ പരോക്ഷ വിമർശനവുമായി ഭരണ പരിഷ്ക്കാര കമീഷൻ ചെയർമാൻ വി.എസ്.അച്യുതാനന്ദന്‍. അഴിമതിക്കെതിരെ ഘോരഘോരം പ്രസംഗിക്കുന്നവര്‍ അധികാരത്തിലെത്തുമ്പോള്‍ നടപടിയെടുക്കാന്‍ മടിക്കുന്നുവെന്ന് വി.എസ് കുറ്റപ്പെടുത്തി. ബാര്‍ട്ടണ്‍ഹില്‍ ലോ കോളേജും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് അഡ്മിനിസ്‌ട്രേഷനും സംഘടിപ്പിച്ച ശില്‍പശാലയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാമോലിനും ടൈറ്റാനിയവും ഉള്‍പ്പെടെയുള്ള കേസുകള്‍ ഇഴഞ്ഞ് നീങ്ങുകയാണ്. അഴിമതിക്കേസുകളില്‍ ഒന്നിലും ബന്ധപ്പെട്ടവര്‍ക്കെതിരെ കാര്യമായി നടപടിയെടുക്കുന്നതായി കാണുന്നില്ല. ഒരു കോടതിയില്‍ നിന്നും കേസ് മറ്റൊരു കോടതിയിലേക്ക് സഞ്ചരിക്കുകയാണ്. അനധികൃത സ്വത്ത് സമ്പാദനക്കേസും അഴിമതിതന്നെയാണ്- വിഎസ് പറഞ്ഞു.
വിജിലന്‍സില്‍ നിന്ന് പ്രതീക്ഷിക്കുന്ന തരത്തിലുള്ള നടപടികളുണ്ടാവുന്നില്ല. ഇതിന് സാങ്കേതികവും നിയമപരവും ആയ കാരണങ്ങളായിരിക്കും ചൂണ്ടിക്കാണിക്കപ്പെടുന്നത്. കാരണങ്ങള്‍ എന്തായാലും ഉദ്ദേശിക്കുന്ന കാര്യം നടക്കുന്നില്ല എന്നതാണ് സത്യം. അഴിമതിരഹിതമായി ജനങ്ങള്‍ക്ക് സേവനം ലഭ്യമാക്കുക എന്നത് സര്‍ക്കാര്‍ ജീവനക്കാരുടെ ചുമതലകളില്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്. പൊതുജനങ്ങളാണ് ജീവനക്കാരുടെ യജമാനന്മാര്‍ എന്ന ബോധം ഉണ്ടായാല്‍ത്തന്നെ അഴിമതിക്ക് ഒരു പരിധിവരെ പരിഹാരമുണ്ടാകും.
സാധാരണക്കാരുടെ പള്ളക്കടിച്ചിട്ടാണ് അധികാരികള്‍ അതിസമ്പന്നരായ അഴിമതിക്കാര്‍ക്ക് ഒത്താശ ചെയ്യുന്നത്. എന്നാല്‍ ഇത്തരത്തിലുള്ള പ്രവൃത്തികള്‍ അഴിമതിയാണെന്ന് പോലും നമുക്ക് തോന്നുന്നില്ലാ എന്നതാണ് കഷ്ടമെന്നും അദ്ദേഹം വിമര്‍ശിച്ചു.കോടിയുള്ളവരെ ഈശ്വരനായി കാണുമ്പോഴാണ് നടപടിയെടുക്കാന്‍ കഴിയാത്തത്, ഉദ്യോഗസ്ഥര്‍ ഇവര്‍ക്കു മുന്നില്‍ സാഷ്ടാംഗം വീഴുകയാണെന്നും വി.എസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.