മുല്ലപ്പെരിയാർ അണക്കെട്ടിന്‍റെ സുരക്ഷ: പ്രതികരണവുമായി വി.എസ്

മുല്ലപ്പെരിയാർ അണക്കെട്ടിന്‍റെ സുരക്ഷ വീണ്ടും ചർച്ചാവിഷയമായി മാറുന്ന സാഹചര്യത്തിൽ പ്രതികരണവുമായി മുൻ മുഖ്യമന്ത്രിയും മുതിർന്ന സി.പി.എം നേതാവുമായ വി.എസ്. അച്യുതാനന്ദൻ. അണക്കെട്ടിന്‍റെ സുരക്ഷിതത്വവുമായി ബന്ധപ്പെട്ട് 2006 ഫെബ്രുവരിയിൽ വി.എസ് പ്രതിപക്ഷ നേതാവായിരിക്കെ നൽകിയ പത്രക്കുറിപ്പും, അതേവർഷം സെപ്റ്റംബറിൽ മുഖ്യമന്ത്രിയായിരിക്കെ ദേശാഭിമാനിയിൽ എഴുതിയ ലേഖനവുമാണ് അദ്ദേഹം പങ്കുവെച്ചത്.

''മുല്ലപ്പെരിയാര്‍ അണക്കെട്ടിന്‍റെ പരമാവധി ജലനിരപ്പ് 136 അടിയില്‍ നിലനിര്‍ത്തണമെന്ന കേരളത്തിന്‍റെ ആവശ്യം തള്ളിക്കൊണ്ട് അണക്കെട്ടിന്‍റെ ജലനിരപ്പ് 142 അടിയായി ഉയര്‍ത്തണം എന്നും തുടര്‍ന്ന് 152 അടിയില്‍ എത്തിക്കുന്നതിനുവേണ്ട നടപടികള്‍ എടുക്കണമെന്നും പ്രഖ്യാപിച്ച സുപ്രീംകോടതിയുടെ ഉത്തരവ് ഏകപക്ഷീയവും ആത്മഹത്യാപരവുമാണ്. ഒരു ഫെഡറല്‍ സംവിധാനം നിലനില്‍ക്കുന്ന നമ്മുടെ രാജ്യത്ത്, തമിഴ്‌നാട് സംസ്ഥാനത്തിന്‍റേത് എന്നതുപോലെ കേരളത്തിന്‍റെ താല്‍പ്പര്യങ്ങളും സംരക്ഷിക്കാന്‍ സുപ്രീംകോടതിയ്ക്ക് ബാധ്യതയുണ്ടായിരുന്നു. അതുകൊണ്ട് ഈ കേസ് സുപ്രീംകോടതിയുടെ ഭരണഘടനാബഞ്ചിന് കൈമാറുന്നതിനുളള നടപടികള്‍ ഉടന്‍ എടുക്കണെമെന്ന് ഞാന്‍ സര്‍ക്കാറിനോട് ആവശ്യപ്പെടുന്നു.

മുല്ലപ്പെരിയാര്‍ കേസില്‍ കേരളത്തിന്‍റെ താല്‍പ്പര്യങ്ങള്‍ വേണ്ടതുപോലെ സുപ്രീംകോടതിയെ ബോധ്യപ്പെടുത്തുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടു എന്നും ഈ വിധി വ്യക്തമാക്കുന്നു. കഴിഞ്ഞ ആഴ്ച സസ്‌പെന്‍ഷനിലായ കൈക്കൂലിയ്ക്കും അഴമതിയ്ക്കും പേരുകേട്ട ഒരു ചീഫ് എഞ്ചിനീയര്‍ ആയിരുന്നു ഈ സുപ്രധാന വിഷയം കൈകാര്യം ചെയ്തിരുന്നത്. സ്വാഭാവികമായും നിക്ഷിപ്ത താല്‍പ്പര്യക്കാര്‍ക്ക് വഴങ്ങി കേരളത്തിന്‍റെ ആവശ്യങ്ങള്‍, സംസ്ഥാനത്തിനു വേണ്ടി കേസ് വാദിച്ച അഭിഭാഷകരെ യഥാസമയം അറിയിക്കുന്നതില്‍ ഇദ്ദേഹം വീഴ്ചവരുത്തിയുണ്ടാകും എന്നുറപ്പാണ്.

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്‍റെ പരമാവധി ജലനിരപ്പ് 136 അടിയില്‍ നിലനിര്‍ത്തേണ്ടത് കേരളത്തിന്‍റെ ഏറ്റവും പ്രധാനപ്പെട്ട ആവശ്യമായിരുന്നു. അതിന്‍റെ കാരണങ്ങള്‍ താഴെ പറയുന്നു:

1. ഏകദേശം 110 കൊല്ലം മുമ്പ് കുമ്മായവും സുര്‍ക്കിയും കല്ലും ഉപയോഗിച്ച് പടുത്തുയര്‍ത്തിയ ഈ മേജര്‍ അണക്കെട്ടിന്‍റെ സുരക്ഷിത ആയുസ്സ് തീര്‍ന്നിട്ട് തന്നെ നാല് പതിറ്റാണ്ടിലേറെയായി.

2. തമിഴ്‌നാട് ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് നടത്തിയെന്ന് അവകാശപ്പെടുന്ന ബലപ്പെടുത്തല്‍ സംവിധാനങ്ങള്‍ താല്‍ക്കാലികമായേ പ്രയോജനം ചെയ്തിട്ടുളളു.

3. ഭൂമികുലുക്കം ഉള്‍പ്പെടെയുളള അത്യാഹിതങ്ങളാല്‍ അണക്കെട്ട് തകര്‍ന്ന് വീഴാനുളള സാധ്യത വളരെ കൂടുതലാണ്.

4. മുല്ലപ്പെരിയാര്‍ അണക്കെട്ട് തകര്‍ന്നാല്‍ അതിന്റെ പ്രഹരം താങ്ങാന്‍ കഴിയാതെ കീഴ് നദീതട പ്രാന്തത്തില്‍ നിലനില്‍ക്കുന്ന മൂന്ന് കൂറ്റന്‍ അണക്കെട്ടുകളായ ഇടുക്കി, ചെറുതോണി, കുളമാവ് എന്നിവ അപകടത്തിലാകും

5. അത്യന്തം ഭയാനകമായിരിക്കും ഇതിന്റെയൊക്കെ പരിസമാപ്തി. ഇടുക്കി, കോട്ടയം, എറണാകുളം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ ജനങ്ങളുടെ ജീവനും സ്വത്തുക്കളും എല്ലാം തന്നെ ഭീഷണി നേരിടും. ഇതിനുപുറമെ പെരിയാര്‍ ടൈഗര്‍ റിസര്‍വിലെ വന്യജീവികളുടെ സുരക്ഷിതത്വവും അപകടത്തിലാകും.''


Full View


Tags:    
News Summary - VS responds to the issue of Security of Mullaperiyar Dam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.