അന്നുമുതൽ അൻവറിന് ഞാൻ ശത്രു, ഈ രാത്രി എന്റെ മനസ്സ് അൻവറിനൊപ്പം -വി.ടി. ബൽറാം

പാലക്കാട്: പി.വി. അൻവർ എം.എൽ.എക്ക് തന്റെ അനിവാര്യമായ പതനത്തേക്കുറിച്ച് ചിന്തിക്കാൻ പോലും കഴിയാതെ വന്നിരിക്കാമെന്നും അദ്ദേഹത്തിന്റെ ഇന്നത്തെ അവസ്ഥയിൽ സത്യത്തിൽ സഹതാപമുണ്ടെന്നും കോൺഗ്രസ് നേതാവ് വി.ടി. ബൽറാം. ആർക്കൊപ്പം നിൽക്കരുത് എന്നതിന് അൻവറിന്റെ ഈ അനുഭവം പലർക്കും ഒരു പാഠമാവട്ടെയെന്നും അദ്ദേഹത്തിന്റെ സുരക്ഷിതത്വത്തിനായി പ്രത്യേകം ആശംസകൾ നേരുന്നുവെന്നും ബൽറാം ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു.

ഏതാനും വർഷം മുൻപ് മേയ് ദിനത്തിൽ വിവാദമായ അൻവറിന്റെ വാട്ടർ തീം പാർക്കിന്റെ ചിത്രമിട്ട് സിപിഎമ്മിനെ വിമർശിച്ച അന്നുമുതൽ അൻവറിനെ സംബന്ധിച്ച് താൻ അയാളുടെ ശത്രുവായതാണെന്ന് ബൽറാം ഓർമിപ്പിച്ചു. പിന്നീടങ്ങോട്ട് അധിക്ഷേപിച്ചും പരിഹസിച്ചും അധമഭാഷയിൽ അൻവർ നടത്തിയ നിരവധി സൈബർ അറ്റാക്കുകൾ ഇന്നും അയാളുടെ ഫേസ്ബുക്ക് പേജിലുണ്ട്. അൻവറിന്റെയും അയാളുടെ പേജ് കൈകാര്യം ചെയ്യുന്നവരുടേയും നിലവാരവും ഉദ്ദേശ്യവും മനസ്സിലായതുകൊണ്ട് ആദ്യത്തെ ഒന്നുരണ്ട് അവസരത്തിലല്ലാതെ അയാളോട് നേരിട്ട് പ്രതികരിച്ചിട്ടില്ല. എന്നാൽ അയാളുടെ നിയമലംഘനങ്ങൾ നിയമസഭക്കകത്തും പുറത്തും ചർച്ചയായി ഉയർത്താൻ മടിച്ചിട്ടുമില്ല.

സത്യത്തിൽ ഇന്നത്തെ ഈ രാത്രി എന്റെ മനസ്സ് പി.വി.അൻവറിനൊപ്പമാണ്. അറ്റ്ലീസ്റ്റ് ആ മനുഷ്യൻ ഇപ്പോൾ കടന്നുപോകുന്നുവെന്ന് പ്രതീക്ഷിക്കപ്പെടുന്ന മാനസികാവസ്ഥ സങ്കൽപ്പിക്കാൻ ഞാൻ ശ്രമിക്കുന്നുണ്ട്. ഇതല്ല ഇതിനപ്പുറം അയാൾ അർഹിക്കുന്നുണ്ട് എന്ന ചിന്തയും ഈഗോയും ഞാൻ തൽക്കാലത്തേക്കെങ്കിലും മാറ്റിവയ്ക്കുകയാണ്.

പിൻവാതിലിലൂടെയാണെങ്കിലും സിപിഎമ്മിലേക്ക് കടന്നുവന്ന കാലം മുതൽ ഈയടുത്ത ദിവസം വരെ ഏത് "സാധാരണ സിപിഎം പ്രവർത്തകരെ"ക്കുറിച്ചാണോ അൻവർ ആണയിട്ടിരുന്നത്, വാ തോരാതെ വാഴ്ത്തിയിരുന്നത്, അവരെ ഉത്തേജിപ്പിച്ച് സ്വയം ആവേശഭരിതനായിരുന്നത്, സ്വന്തം നാട്ടിലെ ആ പ്രിയപ്പെട്ട പ്രവർത്തകരാണ് ഇന്ന് നടുറോട്ടിൽ നിരന്നുനിന്ന് അൻവറിനെ എമ്പോക്കി എന്നും മറ്റും തെറിവിളിക്കുന്നത്, കയ്യും കാലും വെട്ടിയരിഞ്ഞ് ചാലിയാറിൽ തള്ളുമെന്ന് വധഭീഷണി മുഴക്കുന്നത് -ബൽറാം ചൂണ്ടിക്കാട്ടി.

കുറിപ്പിന്റെ പൂർണരൂപം:

സത്യത്തിൽ ഇന്നത്തെ ഈ രാത്രി എന്റെ മനസ്സ് പി.വി.അൻവറിനൊപ്പമാണ്. അറ്റ്ലീസ്റ്റ് ആ മനുഷ്യൻ ഇപ്പോൾ കടന്നുപോകുന്നുവെന്ന് പ്രതീക്ഷിക്കപ്പെടുന്ന മാനസികാവസ്ഥ സങ്കൽപ്പിക്കാൻ ഞാൻ ശ്രമിക്കുന്നുണ്ട്. ഇതല്ല ഇതിനപ്പുറം അയാൾ അർഹിക്കുന്നുണ്ട് എന്ന ചിന്തയും ഈഗോയും ഞാൻ തൽക്കാലത്തേക്കെങ്കിലും മാറ്റിവയ്ക്കുകയാണ്.

പിൻവാതിലിലൂടെയാണെങ്കിലും സിപിഎമ്മിലേക്ക് കടന്നുവന്ന കാലം മുതൽ ഈയടുത്ത ദിവസം വരെ ഏത് "സാധാരണ സിപിഎം പ്രവർത്തകരെ"ക്കുറിച്ചാണോ അൻവർ ആണയിട്ടിരുന്നത്, വാ തോരാതെ വാഴ്ത്തിയിരുന്നത്, അവരെ ഉത്തേജിപ്പിച്ച് സ്വയം ആവേശഭരിതനായിരുന്നത്, സ്വന്തം നാട്ടിലെ ആ പ്രിയപ്പെട്ട പ്രവർത്തകരാണ് ഇന്ന് നടുറോട്ടിൽ നിരന്നുനിന്ന് അൻവറിനെ എമ്പോക്കി എന്നും മറ്റും തെറിവിളിക്കുന്നത്, കയ്യും കാലും വെട്ടിയരിഞ്ഞ് ചാലിയാറിൽ തള്ളുമെന്ന് വധഭീഷണി മുഴക്കുന്നത്.

അവരിൽ മിക്കവരും ഒരുപക്ഷേ മിനിഞ്ഞാന്ന് വരെ അൻവറിന് പിന്തുണയറിയിച്ചവരായിരിക്കാം, നെറികേടുകൾക്കെതിരെ പോരാടാൻ ഞങ്ങൾക്ക് നിങ്ങളേയുള്ളൂ അമ്പൂക്കാ എന്ന് പറഞ്ഞ് പിരികേറ്റിയവരായിരിക്കാം, അതിനപ്പുറം പണമായും സേവനമായും അൻവറിന്റെ വ്യക്തിപരമായ സൗജന്യം ഏറെ കൈപ്പറ്റിയവരായിരിക്കാം, എന്നിട്ടും ഇന്നവർ അൻവറിനു നേരെ തെരുവിൽ അട്ടഹസിക്കുകയാണ്. ആൾക്കൂട്ട വയലൻസിന്റെ ആ ക്രൗര്യം അയാൾക്കു നേരെ പകയോടെ ആർത്തലക്കുകയാണ്.

ഇനിയെങ്കിലും പി വി അൻവർ, നിങ്ങൾ തിരിച്ചറിയണം, നിങ്ങൾ ഭാഗമായിരുന്ന ആ ആൾക്കൂട്ടം ലോകം ഇന്നേവരെ കണ്ടിട്ടുള്ള ഏറ്റവും അക്രമോത്സുകമായ, ജനാധിപത്യ വിരുദ്ധമായ, മനുഷ്യവിരുദ്ധമായ ഒരു പ്രത്യയശാസ്ത്രത്തിന്റെ സൃഷ്ടിയാണെന്ന്.

നേരിയ വിയോജിപ്പ് പോലും സഹിക്കാനാവാത്ത സോഷ്യൽ ഫാഷിസമാണ് നിങ്ങൾ ഇപ്പോഴും കാൽപ്പനികവൽക്കരിക്കുന്ന ആ കമ്മ്യൂണിസമെന്ന്.

അണികളെ ആവേശം കൊള്ളിക്കാനാണെങ്കിലും സ്ഥാനത്തും അസ്ഥാനത്തും നിങ്ങൾ പൊക്കിപ്പിടിച്ച ആ ചെങ്കൊടി സമഗ്രാധിപത്യത്തിന്റെ ഇരകളായ മില്യൺ കണക്കിന് നിരപരാധികളുടെ ഹൃദയരക്തത്താൽ പങ്കിലമാണെന്ന്.

ഇരുമ്പുമറകൾക്കുള്ളിൽ അടിച്ചമർത്തപ്പെടുന്നത് നീതിയും അഭിപ്രായ, ആവിഷ്ക്കാര സ്വാതന്ത്ര്യങ്ങളുമാണെന്ന്.

പരമോന്നത നേതാവിന്റെ പ്രീതി നഷ്ടപ്പെട്ടാൽ അര നിമിഷം അതിനകത്ത് തുടരാനാവില്ലെന്ന്.

പുറത്തുപോവുന്ന ആ നിമിഷം മുതൽ നിങ്ങളവർക്ക് കുലംകുത്തിയും വർഗവഞ്ചകനുമാണെന്ന്.

വ്യക്തിപരമായ ഒരു സൗമനസ്യവും അക്കൂട്ടത്തിലെ ആരിൽ നിന്നും പ്രതീക്ഷിക്കേണ്ടതില്ലെന്ന്.

ഏതാനും വർഷം മുൻപ് ഒരു മെയ് ദിനത്തിൽ ഒരുപാട് നിയമലംഘനങ്ങളുടെ പേരിൽ വിവാദമായ അൻവറിന്റെ വാട്ടർ തീം പാർക്കിന്റെ ചിത്രമിട്ട് ഞാൻ സിപിഎമ്മിനെ വിമർശിച്ചിരുന്നു. തൊഴിലാളിവർഗ പാർട്ടിയെന്ന പേരിൽ അഭിമാനിക്കുന്ന സിപിഎം അൻവറിനേപ്പോലെ ഷേഡി സ്വഭാവമുള്ള ഒരു മുതലാളിക്ക് വേണ്ടി നടത്തുന്ന തരംതാണ പ്രവൃത്തികളേക്കുറിച്ചുള്ള ഒരു രാഷ്ട്രീയ വിമർശനമായിരുന്നു അത്. എന്നാൽ അൻവർ അത് വ്യക്തിപരമായാണ് എടുത്തത്. അന്നുമുതൽ അൻവറിനെ സംബന്ധിച്ച് ഞാനയാളുടെ ശത്രുവുമാണ്.

പിന്നീടങ്ങോട്ട് എന്നെക്കുറിച്ച് അധിക്ഷേപിച്ചും പരിഹസിച്ചും അധമഭാഷയിൽ അൻവർ നടത്തിയ നിരവധി സൈബർ അറ്റാക്കുകൾ ഇന്നും അയാളുടെ ഫേസ്ബുക്ക് പേജിലുണ്ട്. അൻവറിന്റെയും അയാളുടെ പേജ് കൈകാര്യം ചെയ്യുന്നവരുടേയും നിലവാരവും ഉദ്ദേശ്യവും മനസ്സിലായതുകൊണ്ട് ആദ്യത്തെ ഒന്നുരണ്ട് അവസരത്തിലല്ലാതെ ഞാനയാളോട് നേരിട്ട് പ്രതികരിച്ചിട്ടില്ല. എന്നാൽ അയാളുടെ നിയമലംഘനങ്ങൾ നിയമസഭക്കകത്തും പുറത്തും ചർച്ചയായി ഉയർത്താൻ മടിച്ചിട്ടുമില്ല.

അൻവറിന് പിന്നീട് ഓരോ കാലത്തും ഓരോ പ്രഖ്യാപിത ശത്രുക്കളുണ്ടായി. അൻവർ തന്നെ ചെസ്റ്റ് നമ്പറിട്ട ചില സാമൂഹ്യ വിരുദ്ധർക്കെതിരെയുള്ള "പോരാട്ട"ങ്ങൾക്ക് സ്വാഭാവികമായ ചില കയ്യടികൾ കിട്ടി. എന്നാൽ അതിനൊപ്പം എതിർ ചേരിയിൽ നിൽക്കുന്ന മുഴുവനാളുകൾക്കുമെതിരെ ഒന്നിനു പിറകേ ഒന്നെന്ന നിലയിൽ അൻവർ ഹീനമായ വ്യക്തിഹത്യകൾ നടത്തിയപ്പോൾ സൈബർ ലോകത്തെ അക്രമോത്സുകമായ കമ്മ്യൂണിസ്റ്റ് ആൾക്കൂട്ടം അതിലൊരു പ്രയോജന സാധ്യത കണ്ടെത്തി. ബുദ്ധിശൂന്യരായ, എന്നാൽ അങ്ങേയറ്റം വയലന്റായ, ആ സൈബർ കടന്നലുകളുടെ നേതാവായപ്പോൾ അയാൾ സ്വന്തം നിലമറന്നിരിക്കാം. സെർവാന്റസിന്റെ സ്പാനിഷ് നോവലിലെ ഡോൺ ക്വിഹോട്ടെയെപ്പോലെ കാറ്റാടിയന്ത്രങ്ങൾക്ക് നേരെ യുദ്ധം ചെയ്യുന്ന സ്വന്തം അപഹാസ്യത അയാൾക്ക് തിരിച്ചറിയാൻ കഴിയാതെ വന്നിരിക്കാം. അനിവാര്യമായ പതനത്തേക്കുറിച്ച് അയാൾക്ക് ചിന്തിക്കാൻ പോലും കഴിയാതെ വന്നിരിക്കാം.

എന്നാലും പി.വി. അൻവർ, നിങ്ങളുടെ ഇന്നത്തെ അവസ്ഥയിൽ സത്യത്തിൽ സഹതാപമുണ്ട്. ആർക്കൊപ്പം നിൽക്കരുത് എന്നതിന് താങ്കളുടെ ഈ അനുഭവം പലർക്കും ഒരു പാഠമാവട്ടെ എന്നാശംസിക്കുന്നു. താങ്കളുടെ സുരക്ഷിതത്വത്തിനായി പ്രത്യേകം ആശംസകൾ നേരുന്നു.

Tags:    
News Summary - vt balram about pv anvar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.