തൃശൂർ: വാളയാറിലെ പെൺകുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട് കേരള ഹൈക്കോടതി ഉത്തരവുപ്രകാരം സി.ബി.ഐ അന്വേഷണം നടത്തുന്ന പോക്സോ കേസുകളിൽ മുൻ ഗവൺമെന്‍റ് പ്ലീഡറും പ്രോസിക്യൂട്ടറും സീനിയർ അഭിഭാഷകനുമായ തൃശൂരിലെ മുൻ ജില്ല പോക്സോ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. പയസ് മാത്യുവിനെ നിയമിച്ച് ഉത്തരവായി. നിലവിൽ പ്രമാദമായ മംഗലം കേസിൽ സി.ബി.ഐ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറാണ്. തൊടുപുഴയിലെ ലൈംഗിക പീഡന-പെൺവാണിഭ കേസുമായി ബന്ധപ്പെട്ട് തൊടുപുഴ കോടതിയിലുള്ള 27 പോക്സോ കേസുകളിലെ പ്രോസിക്യൂട്ടറുമാണ്.
33 വർഷത്തിലധികമായി അഭിഭാഷക വൃത്തിയിലുള്ള അഡ്വ. പയസ് മാത്യു 2003 മുതൽ 15 വർഷത്തോളം പബ്ലിക് പ്രോസിക്യൂട്ടറും ഗവൺമെന്‍റ് പ്ലീഡറുമായിരുന്നു. ഏറെ കോളിളമുണ്ടാക്കിയ കൊടുങ്ങല്ലൂരിലെ ആറ് മാസം പ്രായമുള്ള തമിഴ് ബാലികയുടെ ലൈംഗീക പീഡന കൊലപാതക കേസ്, സ്പൈഡർമാൻ ഷിബുസിംഗ് പ്രതിയായ വിശ്വനാഥൻ കൊലക്കേസ്, കുന്നംകുളത്തെ പത്മിനി കൊലക്കേസ്, തൃശൂരിലെ കല കൊലക്കേസ്, സംഘർഷത്തെ തുടർന്ന് കൊല്ലപ്പെട്ട ഷാരോൺ വധക്കേസ്, വിചാരണ നേരിട്ട എല്ലാ പ്രതികൾക്കും ജീവപര്യന്തം ശിക്ഷ നൽകിയ ചാലക്കുടി ഷൺമുഖൻ കൊലക്കേസ്, അനന്തിരവൻ അമ്മാവനെ മൃഗീയമായി കൊലപ്പെടുത്തിയ തുമ്പൂർ കൊച്ചുപോൾ വധക്കേസ്, നെടുപുഴ പൊലീസ് രജിസ്റ്റർ ചെയ്ത ബംഗാളി കൊലക്കേസ് തുടങ്ങിയവ ഇദ്ദേഹം ഫലപ്രദമായി കൈകാര്യം ചെയ്ത കേസുകളാണ്.
ആറ് വർഷത്തോളം പോക്സോ കോടതി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറായിരുന്നു. അന്ന് പോക്സോ കേസുകളുടെ പ്രോസിക്യൂഷൻ നടത്തിപ്പിന് പ്രത്യേക സംവിധാനത്തിന് രൂപം നൽകി. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗിക പീഡനത്തിന് ഒത്താശചെയ്ത സ്വന്തം അമ്മക്ക് കാമുകനോടൊപ്പം 40 വർഷം കഠിന തടവ് നൽകിയതും പ്രായപൂർത്തിയാകാത്ത രണ്ട് കുട്ടികളെ വ്യത്യസ്ത കേസുകളിൽ പീഡിപ്പിച്ച പാസ്റ്റർക്ക് 40 വർഷം വീതം കഠിന തടവ് നൽകിയതും ഉൾപ്പെടെ തൃശൂർ ജില്ലയിൽ പ്രധാന പോക്സോ കേസുകളിൽ ഹാജരായി. നിലവിൽ കേരള പൊലീസ് അക്കാദമി എമിനന്‍റ് ഫാക്കൽറ്റിയാണ്.
ഭാര്യ മോളി ഫ്രാൻസിസ് പ്ലസ് ടു അധ്യാപികയാണ്. അഭിഭാഷകനായ മൂത്ത മകൻ ജോസഫ് പയസ് സ്പെയിനിൽ ഇന്‍റർനാഷ്ണൽ സ്പോർട്ടായിൽ ബിരുദാനന്തര പഠനം കഴിഞ്ഞ് ഇപ്പോൾ ബ്രസീലിൽ സ്പോർട്സ് ലോമിൽ ജോലി ചെയ്യുന്നു. ഇളയ മകൻ ഫ്രാൻസിസ് പയസ് നാഷ്ണൽ ലോ സ്കൂളിൽ അവസാന വർഷ നിയമ വിദ്യാർഥിയാണ്.
പാലക്കാട് പോക്സോ സ്പെഷൽ കോടതി പരിഗണിച്ചിരുന്ന വാളയാർ കേസ് ഹൈക്കോടതി ഉത്തരവ് പ്രകാരം ഇപ്പോൾ എറണാകുളം സി.ബി.ഐ കോടതിയിലേക്ക് മാറ്റിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.