കൊച്ചി: വാളയാറിൽ പീഡനത്തിനിരയായ ദലിത് പെൺകുട്ടികളെ പിന്നീട് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പൊലീസിന് നൽകിയ മൊഴികൾ സ്പെഷൽ പ്രോസിക്യൂട്ടർ വിചാരണ കോടതിയുടെ ശ്രദ്ധയിൽ കൊണ്ടുവന്നില്ലെന്ന് സർക്കാർ ഹൈകോടതിയിൽ. പ്രതികളെ വെറുതെവിട്ടതിനെതിരായ അപ്പീൽ ഹരജിയിലെ അന്തിമ വാദത്തിനിടെയാണ് സർക്കാർ അഭിഭാഷകൻ ഇക്കാര്യം അറിയിച്ചത്. പ്രധാന പ്രതി വലിയ മധുവിനെതിരായ വാദമാണ് തിങ്കളാഴ്ച തുടങ്ങിയത്. സർക്കാർ വാദം ചൊവ്വാഴ്ചയും തുടരും. വിചാരണ കോടതി ഉത്തരവിനെതിരെ സർക്കാറും പെൺകുട്ടികളുടെ അമ്മയും നൽകിയ അപ്പീൽ ഹരജികളാണ് ജസ്റ്റിസ് എ. ഹരിപ്രസാദ്, ജസ്റ്റിസ് എം.ആർ. അനിത എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് പരിഗണിക്കുന്നത്. പ്രതിക്കെതിരെ മതിയായ തെളിവുകളുണ്ടെന്ന് സർക്കാർ ചൂണ്ടിക്കാട്ടി. 13 വയസ്സുള്ള മൂത്ത കുട്ടിയെ 2014 ജനുവരി 13 നും ഒമ്പതു വയസ്സുള്ള ഇളയ കുട്ടിയെ മാർച്ച് നാലിനുമാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
പ്രതികളായ വലിയ മധു, ചെറിയ മധു, ഷിബു, പ്രദീപ് എന്നിവരെ വെറുതെവിട്ടത് വസ്തുതകൾ കണക്കിലെടുക്കാതെയാണ്. പെൺകുട്ടികളെ പ്രതി ഉപദ്രവിക്കുന്നത് കണ്ടുവെന്ന് മാതാപിതാക്കളുടെ മൊഴിയുണ്ട്.
പീഡനത്തിനിരയായ കാര്യം മൂത്തകുട്ടി എട്ടാം സാക്ഷിയായ മറ്റൊരു പെൺകുട്ടിയോടു പറഞ്ഞതായും മൊഴിയുണ്ട്. ഇൗ മൊഴികളൊന്നും കോടതിയുടെ ശ്രദ്ധയിൽ പെടുത്തിയില്ല. പ്രോസിക്യൂഷെൻറ ഭാഗത്ത് പിഴവുണ്ട്. വിചാരണ കോടതിയുടെ ഭാഗത്തും വീഴ്ചയുണ്ടായി.
മാതാപിതാക്കളുടെ രഹസ്യമൊഴി കോടതി തെളിവായി പരിഗണിച്ചില്ല. പോക്സോ കേസുകളിൽ വിചാരണ കോടതിയുടെ സജീവ ഇടപെടൽ അനിവാര്യമാണെന്നും സർക്കാർ വാദിച്ചു.
അപ്പീൽ വേഗം പരിഗണിക്കണമെന്ന സർക്കാറിെൻറ അപേക്ഷ പരിഗണിച്ചാണ് തിങ്കളാഴ്ച അന്തിമവാദം തുടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.