പൊന്നാനി: പൊന്നാനി നഗരസഭയിലെ കുറ്റിക്കാട് എത്തിയാൽ അഞ്ചാം വാർഡിലെ സ്ഥാനാർഥികൾ ആരാണെന്നകാര്യത്തിൽ വോട്ടർമാർക്ക് സംശയമുണ്ടാവില്ല. വാർഡിലെ എല്ലാ സ്ഥാനാർഥികളുടെയും ചുവരെഴുത്തുകൾ ഒറ്റമതിലിൽ ഇവിടെ കാണാം.
ചുമരിൽ ആദ്യം ഇടംപിടിച്ചത് അഞ്ചാം വാർഡിലെ കോൺഗ്രസ് സ്ഥാനാർഥി റഹ്മത്ത് ആരിഫിെൻറ തെരഞ്ഞെടുപ്പ് ചിഹ്നം പതിച്ചുള്ള വോട്ടഭ്യർഥനയാണ്. ഇതേ മതിലിൽ തൊട്ടടുത്തുതന്നെ എൽ.ഡി.എഫിലെ സി.പി.എം സ്ഥാനാർഥി കവിതക്ക് വോട്ടഭ്യർഥിച്ചുള്ള ചുവരെഴുത്തും അരിവാൾ ചുറ്റിക നക്ഷത്രവും പിന്നീട് പ്രത്യക്ഷപ്പെട്ടു.
ചുവരിൽ തൊട്ടടുത്തായി സ്ഥാനംപിടിച്ചത് ബി.ജെ.പി സ്ഥാനാർഥി ബീന ശിവദാസിനെ വിജയിപ്പിക്കണമെന്നഭ്യർഥിച്ചുള്ള ചുവരെഴുത്ത്. കുറ്റിക്കാട് എൻ.ജി.ഒ ഓഫിസിന് മുൻവശത്ത്, മെട്രോമാൻ ഇ. ശ്രീധരെൻറ വീട്ടുവളപ്പിെൻറ ചുറ്റുമതിലിലാണ് എല്ലാവർക്കും തുല്യപ്രാധാന്യം നൽകിയുള്ള ചുവരെഴുത്ത്.
തെരഞ്ഞെടുപ്പുകാലത്ത് ചുവരുകൾ ബുക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട തർക്കങ്ങൾ നിലനിൽക്കുമ്പോഴാണ് ഒരേ ചുമരിൽ തൊട്ടുരുമ്മി സ്ഥാനാർഥികൾക്കായി ചുവരെഴുത്ത് എന്നത് ശ്രദ്ധേയമാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിലും സമാനമായ രീതിയിലായിരുന്നു ഇവിടെ ചുവരെഴുത്ത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.